| Tuesday, 19th June 2018, 5:28 pm

ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ: പുറത്തറിയാതിരിക്കാന്‍ വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ടതായി പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഭക്ഷ്യ വിഷബാധയേറ്റ വിവരം പുറത്തറിയാതിരിക്കാന്‍ കായിക സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ടതായി പരാതി. ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂളധികൃതരാണ് മാതാപിതാക്കളെപ്പോലും അറിയിക്കാതിരിക്കാന്‍ അവശരായ കുട്ടികളെ ഹോസ്റ്റലില്‍ തന്നെ പൂട്ടിയിട്ടിരിക്കുന്നത്.

സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ നിന്നും ഇന്നലെ രാത്രി ഭക്ഷണം കഴിച്ച 60 കുട്ടികളാണ് ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലുള്ളത്. കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിട്ടും മാതാപിതാക്കളെ വിവരമറിയിക്കുകയോ ആശുപത്രിയിലേക്കു മാറ്റുകയോ ചെയ്യാതെ ഡോക്ടറെ ഹോസ്റ്റലില്‍ കൊണ്ടുവന്നു പരിശോധിപ്പിക്കുകയായിരുന്നു. വിവരങ്ങള്‍ പുറത്തറിയാതിരിക്കാനാണ് ഈ നടപടി എന്നാണ് ആരോപണം.

ഇന്ന് രണ്ടു കുട്ടികള്‍ രക്തം ഛര്‍ദ്ദിച്ചതോടെ പേരൂര്‍ക്കട ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവശരായ 32 കുട്ടികളെയും അല്പം മുമ്പ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റു കുട്ടികള്‍ ഇപ്പോഴും വയറുവേദനയും ഛര്‍ദ്ദിയും കാരണം ദയനീയാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അവശരായ കുട്ടികള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും അല്ലെങ്കില്‍ വീട്ടുകാര്‍ക്കൊപ്പം പറഞ്ഞയയ്ക്കണമെന്നുമാണ് ഹോസ്റ്റലിലുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യം. എന്നാല്‍, കൃത്യസമയത്ത് വൈദ്യസഹായമെത്തിച്ചിട്ടുണ്ടെന്നും, പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങളൊന്നും അവര്‍ക്കില്ലെന്നുമാണ് ഇപ്പോഴും സ്‌കൂളധികൃതരുടെ വിശദീകരണം.

We use cookies to give you the best possible experience. Learn more