| Monday, 28th June 2021, 12:40 pm

ബലാത്സംഗത്തിന് ഇരയായ സുഹൃത്തിന് നീതി കിട്ടിയില്ല; പൊലീസിനെതിരെയും എം.സി ജോസഫൈനെതിരെയും ഗുരുതര ആരോപണവുമായി കായിക താരം മയൂഖ ജോണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: കേരള പൊലീസിനെതിരെയും വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ എം.സി. ജോസഫൈനെതിരെയും രൂക്ഷ വിമര്‍ശനവുമായി കായിക താരം മയൂഖ ജോണി.

സുഹൃത്ത് ബലാത്സംഗത്തിനിരയായ കേസില്‍ പൊലീസില്‍ നിന്നും നീതി ലഭിച്ചില്ലെന്ന് മയൂഖ ജോണി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇപ്പോഴും പ്രതി പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയാണെന്നും മയൂഖ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് എസ്.പി. പൂങ്കുഴലിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ മോശമായ സമീപനമാണ് പൊലീസില്‍ നിന്നുമുണ്ടായത്. വനിതാ കമ്മീഷന്‍ അധ്യക്ഷയായിരുന്ന എം.സി. ജോസഫൈന്‍ പ്രതിക്കായി ഇടപെട്ടുവെന്നും മയൂഖ ആരോപിച്ചു.

വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് അതിക്രമിച്ചു കയറി പ്രതി ബലാത്സംഗം ചെയ്യുകയും നഗ്നവീഡിയോ എടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും മയൂഖ പറഞ്ഞു.

പ്രതിയായ ചുങ്കത്ത് ജോണ്‍സണ്‍ സാമ്പത്തിക പിന്‍ബലവും രാഷ്ട്രീയ ക്രിമിനല്‍ പശ്ചാത്തലവും ഉള്ള ആളായതുകൊണ്ട് തന്നെ കേസുമായി മുന്നോട്ട് വന്നെങ്കില്‍ പോലും നീതി കിട്ടിയില്ലെന്നും മയൂഖ ജോണി പറഞ്ഞു.

‘ആദ്യം മൊഴിയെടുത്ത വനിതാ പൊലീസ് പറഞ്ഞത് ഇത് നടന്ന സംഭവമാണെന്നും വലിയ താമസമില്ലാതെ തന്നെ അറസ്റ്റുണ്ടാകും എന്നുമാണ്. കേസ് അന്വേഷിക്കുന്നുണ്ടെന്നും പറഞ്ഞു. എന്നാല്‍ പിന്നീട് ഇത്ര വര്‍ഷം കഴിഞ്ഞതിനാല്‍ സംഭവം നടന്നു എന്ന് പറയുന്നതിന് തെളിവുകളില്ല എന്നാണ് പൊലീസ് പറഞ്ഞത്. നിങ്ങളുടെ ഫോണില്‍ ഉണ്ടെങ്കില്‍ അത് തെളിവായി എടുക്കാം. അല്ലാതെ പ്രതിയുടെ ഫോണ്‍ പിടിച്ചെടുക്കാന്‍ വകുപ്പില്ലെന്നും പൊലീസ് പറഞ്ഞു.

എം.സി. ജോസഫൈന്‍ പോലും ഇതില്‍ ഇടപെട്ടിട്ടുണ്ടെന്നാണ് അറിയുന്ന വിവരം. പ്രതിയെ അറസ്റ്റ് ചെയ്യരുതെന്ന് പൊലീസിനോട് ജോസഫൈന്‍ ആവശ്യപ്പെട്ടു,’ മയൂഖ പറഞ്ഞു.

2016ല്‍ സംഭവം നടന്നപ്പോള്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നില്ല. എന്നാല്‍ പെണ്‍കുട്ടിയുടെ വിവാഹ ശേഷവും പ്രതി ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെ, ഭര്‍ത്താവിന്റെ പിന്തുണയോടെയാണ് പൊലീസില്‍ പരാതിപ്പെട്ടതെന്നും മയൂഖ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Sports person Mayookha Johni against Police and Women commission former chairperson

We use cookies to give you the best possible experience. Learn more