| Friday, 15th July 2016, 12:36 pm

ഒളിമ്പിക്‌സ് വീക്ഷിക്കാന്‍ ദല്‍ഹിയില്‍ കായിക മന്ത്രാലയം വക ബിഗ് സ്‌ക്രീനുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബ്രസീലിലെ റിയോ ഡി ജനീറയില്‍ നടക്കുന്ന ഒളിമ്പിക്‌സ് മത്സരങ്ങള്‍ തല്‍സമയം കാണാനായി രാജ്യതലസ്ഥാനത്ത് കായിക മന്ത്രാലയം പ്രത്യേക സൗകര്യമൊരുക്കുന്നു. ഒളിമ്പിക്‌സിലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനങ്ങള്‍ പൊതുജനങ്ങള്‍ക്ക് വീക്ഷിക്കാനായി ദല്‍ഹിയിലുടനീളം വലിയ സ്‌ക്രീനുകള്‍ ഒരുക്കാനാണ് കായിക മന്ത്രാലയത്തിന്റെ പദ്ധതി. നിയുക്ത കായിക മന്ത്രി വിജയ് ഗോയലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

“രാജ്യത്ത് സ്‌പോര്‍ട്‌സിന്റെ സ്വീകാര്യത കുറച്ച് കൂടി വര്‍ദ്ധിപ്പിക്കണം. അതിനായി ഒളിമ്പിക്‌സ് സമയത്ത് നഗരത്തിലുടനീളം വലിയ സ്‌ക്രീനുകള്‍ സഥാപിക്കാന്‍ തീരുമാനിച്ചു. ചാന്ദ്‌നി ചൗക്ക് , കൊണോട്ട് പാലസ് എന്നിവടങ്ങളില്‍ ഇത്തരത്തിലുള്ള വലിയ സ്‌ക്രീനുകള്‍ സ്ഥാപിക്കും. മന്ത്രി പറഞ്ഞു. അതേസമയം നഗരത്തിലുടനീളം എത്ര സ്‌ക്രീനുകള്‍ സ്ഥാപിക്കുമെന്ന കാര്യത്തില്‍ വ്യക്തമായ ഉത്തരം മന്ത്രി തന്നില്ല.

ആഗസ്റ്റ് 5 നാണ് ഒളിമ്പിക്‌സ് ആരംഭിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ നിരയുമായാണ് ഇത്തവണ ഇന്ത്യന്‍ ടീം റിയോയിലേക്ക് കുതിക്കുന്നത്. ഇന്ത്യയുടെ ജംബോ സംഘത്തില്‍ ഇത്തവണ 122 പേരുണ്ട്. ഇത്രയധികം മത്സരാര്‍ത്ഥികള്‍ ഇന്ത്യക്കായി ഒളിമ്പിക്‌സിന് പോരിനിറങ്ങുന്നത് ഇതാദ്യമാണ്. പ്രതിനിധ്യം കൂടുതലായത് കൊണ്ട് തന്നെ ഇത്തവണ റെക്കോര്‍ഡ് മെഡല്‍ നേടുമെന്ന പ്രതീക്ഷയിലാണ് ടീമിന്ത്യ.

We use cookies to give you the best possible experience. Learn more