|

അര്‍ജന്റീനയെ കേരളം സ്വാഗതം ചെയ്യും; മത്സരം ഏറ്റെടുത്ത് നടത്താനും തയ്യാറാകും: കായിക മന്ത്രി

സ്പോര്‍ട്സ് ഡെസ്‌ക്

സൗഹൃദ മത്സരം കളിക്കാനുള്ള ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീനയുടെ ക്ഷണം നിരസിച്ച ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷയന്റെ തീരുമാനത്തില്‍ പ്രതികരിച്ച് കേരള കായികമന്ത്രി വി. അബ്ദുറഹ്മാന്‍. അര്‍ജന്റീനയെ കേരളം എന്നും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുമെന്നും മത്സരം ഏറ്റെടുത്ത് നടത്താന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. അതാണ് നമ്മുടെ ഫുട്‌ബോളിന് നല്‍കാവുന്ന ഏറ്റവും വലിയ സമ്മാനമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു വി. അബ്ദുറഹ്മാന്റെ പ്രതികരണം.

വലിയ ടീമുകളുമായി കളിക്കുന്നത് ഇന്ത്യന്‍ താരങ്ങളുടെ നിലവാരമുയര്‍ത്തുമെന്നും
ഫുട്‌ബോളിലേക്ക് കൂടുതല്‍ കുട്ടികള്‍ കടന്നുവരാനും കൂടുതല്‍ മേഖലകളിലേക്ക് കളി പ്രചരിക്കാനും ഇതു വഴിയൊരുക്കുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘പണത്തിനും അപ്പുറം നമ്മുടെ ഫുട്‌ബോളിനുള്ള ഗുണഫലം ആരും കാണാന്‍ തയ്യാറായില്ല. ഇന്ന് ഫിഫ റാങ്കിങ്ങില്‍ 101 ആണ് ഇന്ത്യയുടെ സ്ഥാനം. ഫുട്‌ബോള്‍ ഏറെ പ്രൊഫഷണലായി മാറിയ കാലമാണിത്. അതിനൊപ്പം നില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നോട്ടു പോക്കായിരിക്കും ഫലം.

ഐ.എസ്.എല്‍ പോലൊരു ശരാശരി ലീഗും അണ്ടര്‍ 17 ലോകകപ്പും കേരള ഫുട്‌ബോളിനു നല്‍കിയ ആവേശം നാം കണ്ടതാണ്. അപ്പോള്‍ ലോകത്തെ ഒന്നാം നമ്പര്‍ ടീമായ അര്‍ജന്റീനയുടെ സാന്നിധ്യം നല്‍കുന്ന പ്രചോദനം എത്രയായിരിക്കും. നമ്മുടെ കളിക്കാര്‍ക്കും വളര്‍ന്നു വരുന്ന താരങ്ങള്‍ക്കും അതൊരു ആവേശാനുഭവമായേനെ,’ മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ദല്‍ഹിയില്‍ അര്‍ജന്റീന അംബസിഡറെ സന്ദര്‍ശിച്ച കാര്യവും അദ്ദേഹം പോസ്റ്റില്‍ ഓര്‍മപ്പെടുത്തുന്നുണ്ട്. അന്ന് മുഖ്യമന്ത്രി കേരളത്തിന്റെ ഫുട്‌ബോള്‍ വികസനത്തിനായി അര്‍ജന്റീനയുമായി സഹകരിക്കുന്നതിനുള്ള താല്‍പ്പര്യം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വി. അബ്ദുറഹ്മാന്റെ ഫേസ്ബുക്ക് കുറിപ്പിന്റ പൂര്‍ണരൂപം

ഖത്തര്‍ ലോകകപ്പില്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ ചിറകിലേറി അര്‍ജന്റീന കിരീടമുയര്‍ത്തിയ അവിസ്മരണീയ മുഹൂര്‍ത്തത്തിന് നേരില്‍ സാക്ഷിയായതിന്റെ ആഹ്ലാദം ഇപ്പോഴും അടങ്ങിയിട്ടില്ല. കിരീടത്തിലേക്കുള്ള കഠിനപ്രയാണത്തില്‍ മെസിക്കും സംഘത്തിനും ഊര്‍ജമായത് ഏഷ്യന്‍ മേഖലയുടെ അകമഴിഞ്ഞ പിന്തുണയാണ്. പ്രത്യേകിച്ചും തെക്കനേഷ്യയുടെ. ലോകകപ്പ് വേളയില്‍ കേരളമാകെ നീലക്കടലാക്കുന്ന കാഴ്ച നാം കണ്ടതാണ്.

പുഴയോരത്ത് ഉയര്‍ത്തിയ മെസിയുടെ കൂറ്റന്‍ കട്ടൗട്ട് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായി. കളി നേരില്‍ കാണാന്‍ ഖത്തറിലേക്ക് പറന്നവരും ഏറെയായിരുന്നു. ലോകകപ്പ് മത്സരങ്ങള്‍ക്ക് സാക്ഷിയായ മലയാളികളുടെ എണ്ണം സംഘാടകരെ അമ്പരപ്പിച്ചു. ഖത്തറിലും ഇങ്ങ് കേരളത്തിലും എല്ലാ ടീമുകളെയും മലയാളികള്‍ ഒരു പോലെ പ്രോത്സാഹിപ്പിച്ചു. ടീമിനെക്കാളുപരി നല്ല ഫുട്‌ബോളിനായി എന്നും നിലകൊള്ളുന്നവരാണ് മലയാളികള്‍. അതുകൊണ്ടാണ് അര്‍ജന്റീനയും ബ്രസീലും മറ്റും അവര്‍ക്ക് സ്വന്തം ടീമാകുന്നത്.

ആവേശത്തോടെ കൂടെ നിന്ന ആരാധകര്‍ക്ക് ലോകകിരീട നേട്ടത്തിനു പിന്നാലെ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ നന്ദി പറഞ്ഞിരുന്നു. അക്കൂട്ടത്തില്‍ അവര്‍ പരാമര്‍ശിച്ച ചുരുക്കം പേരുകളില്‍ ഒന്നാകാന്‍ നമ്മുടെ കേരളത്തിനും കഴിഞ്ഞു. വിവിധ രാജ്യങ്ങള്‍ക്കൊപ്പമാണ് കേരളത്തെ പരാമര്‍ശിച്ചതെന്നതും എടുത്തു പറയണം. ഫുട്‌ബോളിനെ നെഞ്ചേറ്റുന്ന ഓരോ മലയാളിയുടെയും അഭിമാനം വാനോളമുയര്‍ന്ന സന്ദര്‍ഭമാണത്.

ഈ നന്ദി പ്രകാശനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ കേരളത്തിലെ ഗവണ്‍മെന്റ് അവസരോചിതമായി പ്രതികരിച്ചു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ ദല്‍ഹിയില്‍ അര്‍ജന്റീന അംബാസഡറെ സന്ദര്‍ശിച്ചു. കേരളത്തിന്റെ ഫുട്‌ബോള്‍ വികസനത്തിനായി അര്‍ജന്റീനയുമായി സഹകരിക്കുന്നതിനുള്ള താല്‍പ്പര്യം അറിയിച്ചു. കായികമന്ത്രി എന്ന നിലയില്‍ അര്‍ജന്റിന ഫുട്‌ബോള്‍ ടീമിനെയും അവരുടെ ഫുട്‌ബോള്‍ അസോസിയേഷനെയും അഭിനന്ദിച്ച് കത്തയച്ചു. മെസിയെയും കൂട്ടരെയും കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. ലോകജേതാക്കള്‍ വരാന്‍ തയ്യാറായാല്‍ അത് നമ്മുടെ ഫുട്‌ബോള്‍ വളര്‍ച്ചയ്ക്ക് നല്‍കാവുന്ന പ്രോത്സാഹനവും പ്രചോദനവുമായിരുന്നു ഈ ക്ഷണത്തിനു പ്രേരിപ്പിച്ചത്. അര്‍ജന്റീന അമ്പാസഡറെ നേരിട്ട് ബന്ധപ്പെടുകയും ഫുട്‌ബോള്‍ സഹകരണത്തിനുള്ള താല്‍പ്പര്യം അറിയിക്കുകയും ചെയ്തു.

മൂന്ന് മാസം മുമ്പ് അര്‍ജന്റിന ഇന്ത്യയില്‍ കളിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച വാര്‍ത്ത ഇപ്പോഴാണ് പുറത്തുവന്നത്. എന്നാല്‍, അക്കാര്യം ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ നിരാകരിക്കുകയായിരുന്നു. മത്സരത്തിനുള്ള ചെലവ് താങ്ങാന്‍ കഴിയില്ല എന്നാണ് കാരണം പറഞ്ഞത്. റാങ്കിങ്ങില്‍ പിന്നിലുള്ള ഇന്ത്യ അര്‍ജന്റീനയോട് കളിച്ചാല്‍ ഫലം ദയനീയമാകുമോ എന്ന ആശങ്കയും എ.ഐ.എഫ്.എഫ് പങ്കുവെച്ചതായി അറിയുന്നു. ലോകത്തെ മുന്‍നിര രാജ്യങ്ങള്‍ പോലും കൊതിക്കുന്ന ഓഫറാണ് ഇന്ത്യ തള്ളിക്കളഞ്ഞത്. ജൂണ്‍ 10 നും 20 നും ഇടയിലാണ് അര്‍ജന്റീന ഇന്ത്യയിലും ബംഗ്ലാദേശിലും കളിക്കാന്‍ സന്നദ്ധത അറിയിച്ചത്. രണ്ടു കൂട്ടരും തയ്യാറായില്ല. തുടര്‍ന്ന് ചൈനയും ഇന്തോനേഷ്യയും അവസരം മുതലാക്കി. രണ്ടിടത്തും നല്ല നിലയില്‍ കളി പൂര്‍ത്തിയാക്കി.
തങ്ങള്‍ക്ക് ലഭിച്ച അതിഗംഭീര പിന്തുണയ്ക്ക് പകരം മെസിയും സംഘവും നല്‍കുന്ന സമ്മാനമായിരുന്നു സൗഹൃദ മത്സരം. ഇന്ത്യന്‍ ഫുട്‌ബോളിന് അതു പകരുന്ന ഉത്തേജനത്തിന്റെ തോത് അളക്കാന്‍ പോലും കഴിയുമായിരുന്നില്ല. അത്തരത്തിലാരു സുവര്‍ണാവസരമാണ് തട്ടിക്കളഞ്ഞത്.

2011ല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ടീം കൊല്‍ക്കത്തയില്‍ കളിച്ചിട്ടുണ്ട്. അര്‍ജന്റീന- വെനസ്വേല മത്സരം കാണാന്‍ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ എണ്‍പത്തയ്യായിരം പേരാണ് എത്തിയത്. ഇത്തവണ കളിച്ചിരുന്നെങ്കില്‍ കാണികള്‍ അതില്‍ കൂടുമെന്നുറപ്പായിരുന്നു. 1984ലെ നെഹ്‌റു കപ്പില്‍ അര്‍ജന്റീന അവസാന നിമിഷ ഗോളില്‍ ഇന്ത്യയെ കീഴടക്കിയ(1-0) ചരിത്രവുമുണ്ട്.

2011ലെ ടീമല്ല അര്‍ജന്റീന. ഖത്തര്‍ ലോകകപ്പിലെ മാസ്മരിക പ്രകടനം അവരെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചു. നീലപ്പടയെ നെഞ്ചേറ്റുന്നവരുടെ എണ്ണവും പതിന്മടങ്ങായി. അങ്ങനെയൊരു ടീമിനെയാണ് അവഗണിച്ചത്. ഇത്തരത്തില്‍ ഒരു മത്സരത്തിന് പണം കണ്ടെത്തുക എന്നതാണോ പ്രധാനം. മെസിയും കൂട്ടരും വരുമെന്ന് അറിഞ്ഞാല്‍ സ്‌പോണ്‍സര്‍മാരുടെ
വലിയ ക്യൂ തന്നെ ഉണ്ടായേനെ.

പണത്തിനും അപ്പുറം നമ്മുടെ ഫുട്‌ബോളിനുള്ള ഗുണഫലം ആരും കാണാന്‍ തയ്യാറായില്ല. ഇന്ന് ഫിഫ റാങ്കിങ്ങില്‍ 101 ആണ് ഇന്ത്യയുടെ സ്ഥാനം. ഫുട്‌ബോള്‍ ഏറെ പ്രൊഫഷണലായി മാറിയ കാലമാണിത്. അതിനൊപ്പം നില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നോട്ടു പോക്കായിരിക്കും ഫലം.
ഐ.എസ്.എല്‍ പോലൊരു ശരാശരി ലീഗും അണ്ടര്‍ 17 ലോകകപ്പും കേരള ഫുട്‌ബോളിനു നല്‍കിയ ആവേശം നാം കണ്ടതാണ്. അപ്പോള്‍ ലോകത്തെ ഒന്നാം നമ്പര്‍ ടീമായ അര്‍ജന്റീനയുടെ സാന്നിധ്യം നല്‍കുന്ന പ്രചോദനം എത്രയായിരിക്കും. നമ്മുടെ കളിക്കാര്‍ക്കും വളര്‍ന്നു വരുന്ന താരങ്ങള്‍ക്കും അതൊരു ആവേശാനുഭവമായേനെ.

വലിയ ടീമുകളുമായി കളിക്കുന്നത് ഇന്ത്യന്‍ താരങ്ങളുടെ നിലവാരമുയര്‍ത്തും. ഫുട്‌ബോളിലേക്ക് കൂടുതല്‍ കുട്ടികള്‍ കടന്നുവരാനും കൂടുതല്‍ മേഖലകളിലേക്ക് കളി പ്രചരിക്കാനും ഇതു വഴിയൊരുക്കുമായിരുന്നു.
ഫുട്‌ബോളിനായി എല്ലാം സമര്‍പ്പിക്കുന്ന നമ്മുടെ നാട്ടിലെ ആരാധകര്‍ക്കും വലിയ വിരുന്നാകുമായിരുന്നു മത്സരം. ഈ ആരാധനയും ആവേശവും കാണാന്‍ ദൂരെ ലാറ്റിനമേരിക്കയിലുള്ളവര്‍ക്ക് കഴിഞ്ഞു. നമ്മുടെ സ്വന്തമാളുകള്‍ കാണാത്തതോ, കണ്ടില്ലെന്ന് നടിക്കുന്നതോ? നമ്മുടെ ഫുട്‌ബോള്‍ ഭരണക്കാര്‍ കുറേക്കൂടി ക്രിയാത്മകമായി ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ ഫിഫ റാങ്കിങ്ങിലെ നൂറ്റിയൊന്നാം സ്ഥാനത്തിന് ചെറിയ മാറ്റം പോലും വരാനിടയില്ല.

Content Highlight:  Sports Minister v.abdurahiman says Kerala will welcome Argentina; Will be ready to take over and conduct the competition