[]ന്യൂദല്‍ഹി: മലയാളി അത്‌ലറ്റ് രഞ്ജിത്ത് മഹേശ്വരിക്ക് അര്‍ജ്ജുന അവാര്‍ഡ് നിഷേധിച്ച സംഭവത്തില്‍ അന്വഷണത്തിന് ഉത്തരവിട്ടു. കേന്ദ്ര കായിക മന്ത്രി ജിതേന്ദ്ര സിങ്ങാണ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്.[]
ഇന്ന് നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ രഞ്ജിത്തിന് പുരസ്‌കാരം നല്‍കാനാവില്ലെന്നും അന്വേഷണ ശേഷം രഞ്ജിത്തിന് അവാര്‍ഡ് നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
തിങ്കളാഴ്ച വരെ കാത്തിരിക്കാന്‍ മന്ത്രി പറഞ്ഞതായി രഞ്ജിത്തും വെളിപ്പെടുത്തി. അവാര്‍ഡ് നല്‍കാനുള്ള തീരുമാനം മരവിപ്പിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. കായിക മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
അന്വേഷണ ശേഷം കുറ്റക്കാരനല്ലെന്ന കണ്ടെത്തിയാല്‍ മറ്റൊരു ദിവസം അവാര്‍ഡ് നല്‍കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും കായിക മന്ത്രിയെ സന്ദര്‍ശിച്ച ശേഷം രഞ്ജിത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഇന്ന് അര്‍ജ്ജുന അവാര്‍ഡ് ദാന ചടങ്ങ് നടക്കാനിരിക്കെയാണ് മുന്‍പ് ഉത്തേജക മരുന്ന് ഉപയോഗിച്ചു എന്ന കാരണത്താല്‍ രഞ്ജിത്തിന് പ്രഖ്യാപിച്ച അവാര്‍ഡ് മരവിപ്പിച്ച് കായിക മന്ത്രാലയം ഉത്തരവിട്ടത്.
2008ല്‍ കൊച്ചിയില്‍ നടന്ന ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനിടെ രഞ്ജിത് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് പത്രമാണ് റിപ്പോര്‍ട്ട ചെയ്തത്.
തുടര്‍ന്ന് രഞ്ജിത്തിനെ മൂന്നു മാസത്തേക്ക് സസ്‌പെന്റ് ചെയ്തതായും പത്രം വാര്‍ത്തയില്‍ പറഞ്ഞിരുന്നു. അങ്ങനെയുള്ളയാള്‍ക്ക് അര്‍ജുന നല്‍കുന്നത് ശരിയല്ലെന്നുമുള്ള പത്രത്തിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നായിരുന്നു കായിമന്ത്രാലയത്തിന്റെ നടപടി.