[]ന്യൂദല്‍ഹി: ഇത്തവണയും വോളിബോള്‍ താരം ടോം ജോസഫിന് അര്‍ജുന അവാര്‍ഡ് നല്‍കാന്‍ കായിക മന്ത്രാലയം തയ്യാറായില്ല. []
ടോം ജോസഫിന് അര്‍ജുന അവാര്‍ഡ് നല്‍കേണ്ടതില്ലെന്ന പുരസ്‌കാര സമിതിയുടെ നിര്‍ദേശം കേന്ദ്ര കായിക മന്ത്രാലയം അംഗീകരിച്ചു.
അര്‍ജ്ജുന, ഖേല്‍ രത്‌ന പട്ടികയില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് അവാര്‍ഡ് കമ്മറ്റി തീരുമാനിച്ചു. ഇത് സംബന്ധിച്ച നിര്‍ദ്ദേശം കമ്മറ്റി കായികമന്ത്രിക്ക് സമര്‍പ്പിച്ചു.
ഒന്നരപ്പതിറ്റാണ്ടായി ദേശീയ വോളി ടീമിലെ നെടുന്തൂണായ ടോമിനെ അവാര്‍ഡ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.
തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു.
ഇന്ത്യന്‍ ജഴ്‌സിയില്‍ പല തവണ കളിച്ചിട്ടുള്ള ടോം ജോസഫിനെ അര്‍ജ്ജുനയ്ക്ക് പരിഗണിക്കാത്തതില്‍ വലിയ പ്രതിഷേധം സംസ്ഥാനത്ത് നിന്നും ഉയര്‍ന്നു വന്നതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ പുന: പരിശോധന ആവശ്യമായി വന്നത്.
തീരുമാനം പുന:പരിശോധിക്കുമെന്ന് കായിക മന്ത്രി ജിതേന്ദ്ര സിങ് സൂചിപ്പിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. ടോമടക്കം 16 പേരെയായിരുന്നു അര്‍ജുന അവാര്‍ഡിന് പരിഗണിച്ചിരുന്നത്.
ഒടുവില്‍ ടോമിനെ മാത്രം പട്ടികയില്‍നിന്ന് വെട്ടിയതാണ് വിവാദമായത്. ഇന്ത്യയ്ക്കായി 15 വര്‍ഷം കളിച്ചിട്ടും താന്‍ വീണ്ടും വീണ്ടും അപമാനിതനായെന്ന് ടോം ജോസഫ് പ്രതികരിച്ചു.
ആദ്യമൊന്നും താന്‍ ഏറെ പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും സംസ്ഥാനത്തു നിന്നും പ്രതിഷേധവും പിന്തുണയും ഉയര്‍ന്നു വന്നതോടെ തനിക്ക് ആത്മവിശ്വാസമുണ്ടായെങ്കിലും പിന്നെയും നിരാശയായി ഫലമെന്ന് താരം പ്രതികരിച്ചു.
ഡിസ്‌കസ് താരം കൃഷ്ണ പുനിയയും പാരാലിമ്പിക്‌സില്‍ മെഡല്‍ നേടിയ എച്ച്.എന്‍. ഗിരിഷയും രാജീവ്ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡിന് അവകാശവാദമുന്നയിച്ചിരുന്നെങ്കിലും കാര്യമുണ്ടായില്ല.
ഷൂട്ടിങ് താരം രഞ്ജന്‍ സോധിക്ക് തന്നെയാണ് ഖേല്‍രത്‌ന. ഖേല്‍രത്‌ന അവാര്‍ഡ് തുക ഏഴ് ലക്ഷവും അര്‍ജുന അവാര്‍ഡ് തുക അഞ്ച് ലക്ഷവുമായി ഉയര്‍ത്തി. ഈ മാസം 31നാണ് അവാര്‍ഡുകള്‍ വിതരണം ചെയ്യുക.