|

'നെയ്മര്‍ ഹബീബി' ഇന്ത്യയിലെത്തുന്ന തീയതി തീരുമാനമായി; വേദി മുംബൈയുടെ ഹോം സ്‌റ്റേഡിയമല്ല

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് 2023-24ല്‍ അല്‍ ഹിലാല്‍ താരമായ നെയ്മര്‍ ജൂനിയര്‍ ഇന്ത്യയിലെത്തുമെന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ സ്വീകരിച്ചത്. ചാമ്പ്യന്‍സ് ലീഗില്‍ ഇന്ത്യന്‍ ജയന്റ്‌സായ മുംബൈ സിറ്റിക്കെതിരെ കളിക്കാനാണ് നെയ്മറും അല്‍ ഹിലാലും ഇന്ത്യന്‍ മണ്ണിലെത്തുക.

ഗ്രൂപ്പ് തെരഞ്ഞെടുപ്പില്‍ അല്‍ ഹിലാലും മുംബൈയും ഒരു ഗ്രൂപ്പില്‍ വന്നതോടെയാണ് നെയ്മര്‍ ഇന്ത്യയിലെത്താനുള്ള സാധ്യതകള്‍ സജീവമായത്. നെയ്മറോ റൊണാള്‍ഡോയോ ബെന്‍സിമയോ ഇന്ത്യയില്‍ കളിക്കാനെത്തുമെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. ഇതില്‍ ഇന്ത്യയില്‍ ഏറ്റവുമധികം ആരാധകുള്ള നെയ്മറിന്റെ വരവ് ആരാധകരില്‍ ഏറെ ആവേശമുണര്‍ത്തിയിരുന്നു.

നെയ്മര്‍ മാത്രമല്ല, സൂപ്പര്‍ താരങ്ങളായ കാലിദൗ കാലിബൗലി, റൂബന്‍ നീവ്‌സ് അടക്കമുള്ള താരങ്ങള്‍ ഇന്ത്യയിലെത്തുന്നു എന്നതിനാല്‍ തന്നെ ഈ മാച്ചിന് ലഭിക്കുന്ന ഹൈപ്പ് ചില്ലറയല്ല.

ഇപ്പോള്‍ മുംബൈ സിറ്റിയും അല്‍ ഹിലാലും തമ്മിലുള്ള മത്സരത്തിന്റെ തീയതിയെ കുറിച്ച് വ്യക്തമാക്കുകയാണ് പ്രമുഖ സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ മാര്‍കസ് മെര്‍ഗുലാവോ. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം നവംബര്‍ ആറിനാണ് മുംബൈയും അല്‍ ഹിലാലും ഇന്ത്യയില്‍ ഏറ്റുമുട്ടുക.

പൂനെയിലെ ശ്രീ ഛത്രപതി ശിവജി സ്‌റ്റേഡിയമാണ് (ബലേവാഡി സ്റ്റേഡിയം) വേദിയാവുന്നത്. ടീമിന്റെ മറ്റ് ഹോം മത്സരങ്ങള്‍ സെപ്റ്റംബര്‍ 18നും ഡിസംബര്‍ നാലിനും നടക്കും.

മുംബൈ സിറ്റിയുടെ ഹോം ഗ്രൗണ്ടായ മുംബൈ ഫുട്‌ബോള്‍ അരീനയിലല്ല എന്നതാണ് ആരാധകരില്‍ അല്‍പമെങ്കിലും അശ്വാസം നല്‍കുന്നത്. ബലേവാഡി സ്റ്റേഡിയത്തില്‍ 11,600 ആളുകളെ ഉള്‍ക്കൊള്ളുമ്പോള്‍ മുംബൈ ഫുട്‌ബോള്‍ അരീനയില്‍ 6,600 ആളുകളെ മാത്രമാണ് ഉള്‍ക്കൊള്ളുക.

2022 ഡിസംബറില്‍ ഗോവയില്‍ നടന്ന റെഡ് ബുള്‍ നെയ്മര്‍ ജൂനിയേഴ്സ് ഫൈവ് വേള്‍ഡ് ഫൈനല്‍ കളിക്കാനാണ് നെയ്മര്‍ അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്. അക്കാലയളവില്‍ നെയ്മര്‍ ആരാധകരുമായി കൂടിക്കാഴ്ച നടത്തുകയും നിരവധി പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

ലീഗ് വണ്‍ ജയന്റ്‌സായ പി.എസ്.ജിയില്‍ നിന്നുള്ള നെയ്മറിന്റെ ട്രാന്‍സ്ഫര്‍ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച ഒന്നായിരുന്നു. കഴിഞ്ഞ ദിവസമാണ് താരത്തെ അല്‍ ഹിലാല്‍ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.

റിയാദ് ബഗ്ലഫിലെ കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ശനിയാഴ്ച വൈകീട്ട് 7.15ന് നടന്ന വര്‍ണാഭമായ ചടങ്ങിലാണ് നെയ്മറെ അല്‍ ഹിലാല്‍ അവതരിപ്പിച്ചത്. ഓഗസ്റ്റ് 28ന് അല്‍ ഇത്തിഫാഖിനെതിരായ മത്സരത്തില്‍ നെയ്മര്‍ അല്‍ ഹിലാല്‍ അരങ്ങേറ്റം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

Content highlight: Sports journalist on Neymar playing dates in India