ഐ.പി.എല്‍ 2023ലെ 57ാം മത്സരത്തില്‍ പടുകൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. സൂര്യകുമാര്‍ യാദവ് എന്ന മഹാമേരുവിന്റെ കരുത്തിലാണ് മുംബൈ പടുകൂറ്റന്‍ സ്‌കോറിലേക്കുയര്‍ന്നത്.
സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ഐ.പി.എല്ലിലെ തന്റെ ആദ്യ സെഞ്ച്വറി നേടിക്കൊണ്ടാണ് സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവ് തരംഗമായത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ വാംഖഡെയില്‍ നടക്കുന്ന മത്സരത്തില്‍ ട്രിപ്പിള്‍ ഡിജിറ്റടിച്ചാണ് സ്‌കൈ സ്‌കോറിങ്ങില്‍ നിര്‍ണായകമായത്.
ഐ.പി.എല്ലില്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോറാണിത്. 11 ബൗണ്ടറിയും ആറ് സിക്‌സറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
സൂര്യകുമാറിന്റെ ഇന്നിങ്‌സിന് പിന്നാലെ നിരവധി കോണുകളില്‍ നിന്നാണ് താരത്തിന് അഭിനന്ദനങ്ങള്‍ ലഭിക്കുന്നത്. മുംബൈ ഇന്നിങ്‌സിന് ശേഷം ടൈറ്റന്‍സ് സ്റ്റാര്‍ ബൗളറായ മുഹമ്മദ് ഷമി സൂര്യയെ ഓടിയെത്തി ആലിംഗനം ചെയ്തിരുന്നു. ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും താരത്തിന് അഭിനന്ദനവുമായെത്തിയിരുന്നു.
പ്രമുഖ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റായി ജതിന്‍ സുപ്രുവും സൂര്യകുമാറിനെ അഭിനന്ദിച്ചിരുന്നു. അഭിനന്ദനത്തിനൊപ്പം വിചിത്രവും രസകരവുമായ ആവശ്യവും സുപ്രു മുമ്പോട്ട് വെച്ചിരുന്നു. സൂര്യകുമാര്‍ ക്രിക്കറ്റില്‍ നിന്നും ഉടന്‍ തന്നെ വിരമിക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
‘സൂര്യയുടെ മുന്‍ ടീം മേറ്റായ ഹര്‍ദിക് പാണ്ഡ്യ അവനെ അഭിനന്ദിച്ചു. ഇതിഹാസ താരമായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എഴുന്നേറ്റ് നില്‍ക്കുക വരെ ചെയ്തു. സച്ചിന്‍ ആര്‍ക്കെങ്കിലും വേണ്ടി എഴുന്നേറ്റ് നിന്നിട്ടുണ്ടെങ്കില്‍ അവന്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കണം,’ സുപ്രു പറഞ്ഞു.
ഗുജറാത്ത് ടൈറ്റന്‍സിനെതിരായ വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറാനും സൂര്യകുമാര്‍ യാദവിന് സാധിച്ചു.
12 മത്സരത്തില്‍ നിന്നും 43.55 എന്ന ശരാശരിയില്‍ 479 റണ്‍സാണ് സ്‌കൈ സ്വന്തമാക്കിയത്. ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 190.83 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് സ്‌കൈ റണ്ണടിച്ചുകൂട്ടുന്നത്.
Content highlight: Sports journalist Jatin Supru says Suryakumar Yadav should take retirement from cricket