| Friday, 21st April 2023, 3:49 pm

സൗദിയുടെ സംസ്‌കാരത്തിന് നിലക്കാത്തത് പ്രവൃത്തിച്ചു; നാടുകടത്തുന്നതിന് മുമ്പ് ക്രിസ്റ്റ്യാനോക്ക് ഓഫര്‍ വെച്ചുനീട്ടി മുന്‍ ക്ലബ്ബ്

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം സൗദി പ്രോ ലീഗില്‍ നടന്ന അല്‍ നസറിന്റെ മത്സരത്തിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിവാദത്തിലായിരുന്നു. അല്‍ ഹിലാലിനെതിരെ നടന്ന മത്സരത്തില്‍ തോല്‍വി വഴങ്ങിയതിന് ശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങുന്ന റൊണാള്‍ഡോ കാണികള്‍ക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്.

മത്സരത്തിനിടെ ആരാധകര്‍ റൊണാള്‍ഡോയെ മാനസികമായി തളര്‍ത്താന്‍ ശ്രമിച്ചിരുന്നു. മത്സരത്തിലുടനീളം കാണികള്‍ മെസിയുടെ പേര് ചാന്റ് ചെയ്ത് കൊണ്ട് താരത്തെ പരിഹസിക്കുകയായിരുന്നു.

ഇതിനുപുറമെ അല്‍ ഹിലാലിനെതിരായ മത്സരം റൊണാള്‍ഡോക്ക് അനുകൂലമായിരുന്നില്ല. കൃത്യമായ അവസരങ്ങള്‍ ലഭിക്കാതിരുന്നതും ഡബ്ല്യൂ.ഡബ്ല്യൂ.ഇ സ്റ്റൈലില്‍ കളിച്ച് മഞ്ഞക്കാര്‍ഡ് കിട്ടിയതും താരത്തെ സമ്മര്‍ദത്തിലാക്കിയിരുന്നു.

മത്സരശേഷം നിരാശയോടെ ഡ്രസിങ് റൂമിലേക്ക് മടങ്ങുന്ന റോണോ സൗദി അറേബ്യയുടെ നിയമങ്ങള്‍ക്കെതിരായ അശ്ലീല പ്രവര്‍ത്തി കാണിച്ചാണ് വിവാദത്തിലായത്.

സംഭവത്തില്‍ രോഷാകുലരായ ആളുകള്‍ താരത്തെ നാടുകടത്തണമെന്ന് ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ജനങ്ങളുടെ ആവശ്യം ശക്തമായതോടെ റൊണാള്‍ഡോക്കെതിരെ കേസ് നല്‍കുമെന്നാണ് സ്ഥലത്തെ പ്രമുഖ അഭിഭാഷകനായ നൗഫ് ബിന്‍ അഹമ്മദ് പറഞ്ഞത്.

‘റൊണാള്‍ഡോയെ ജനക്കൂട്ടം പ്രകോപിപ്പിച്ചിട്ടുണ്ടെങ്കില്‍ തന്നെ എങ്ങനെ പ്രതികരിക്കണമെന്ന് അദ്ദേഹത്തിന് അറിയില്ല. പൊതുവിടത്തില്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്. അറസ്റ്റ് ചെയ്ത് നാടുകടത്തേണ്ട കുറ്റമാണ് റൊണാള്‍ഡോയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. വിഷയത്തില്‍ താരത്തിനെതിരെ കേസ് കൊടുക്കാനാണ് ആളുകളുടെ തീരുമാനം,’ അഭിഭാഷകന്‍ പറഞ്ഞു.

സംഭവത്തിന്റെ പ്രത്യാഘാതങ്ങളും അനന്തരഫലവും മനസിലാക്കിക്കൊണ്ട് റൊണാള്‍ഡോയെ സ്വന്തമാക്കാന്‍ പോര്‍ച്ചുഗീസ് ക്ലബ്ബായ സ്‌പോര്‍ട്ടിങ് സി.പി രംഗത്തുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

റൊണാള്‍ഡോ മുമ്പ് കളിച്ചിരുന്ന ക്ലബ്ബായ സ്‌പോര്‍ട്ടിങ് സി.പി താരത്തെ സൈന്‍ ചെയ്യിക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും റൊണാള്‍ഡോക്ക് ഓഫര്‍ അയച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നതത്. സ്പാനിഷ് മാധ്യമമായ എല്‍ നാഷണല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Content Highlights: Sporting CP wants to bring back Cristiano Ronaldo to their club

We use cookies to give you the best possible experience. Learn more