ശരീരത്തിന്റെ ചില ഭാഗങ്ങള്‍ ക്ലോസപ്പ് ചെയ്തുള്ള കവറേജുകള്‍ ഇനി കാണില്ല; സ്‌പോര്‍ട്‌സ് ദൃശ്യങ്ങള്‍ക്കാണ് പ്രാധാന്യം കൊടുക്കുന്നതെന്ന് ഒളിംപിക് ബ്രോഡ്കാസ്റ്റിംഗ് സര്‍വീസ് ചീഫ്
ടോകിയോ: ഒളിംപിക്‌സ് ദൃശ്യങ്ങള്‍ സംപ്രക്ഷേണം ചെയ്യുന്നതില്‍ പുതിയ തീരുമാനം കൈക്കൊള്ളുന്നതായി ഒളിംപിക് ബ്രോഡ്കാസ്റ്റിംഗ് സര്‍വീസ് ചീഫ് എക്‌സിക്യൂട്ടീവ്.
സ്‌പോര്‍ട്‌സ് ദൃശ്യങ്ങള്‍ക്കാണ് തങ്ങള്‍ പ്രാധാന്യം കൊടുക്കുക അല്ലാതെ ലൈംഗികത കലര്‍ന്ന ദൃശ്യങ്ങള്‍ക്കായിരിക്കില്ലെന്ന് ഒളിംപിക് ബ്രോഡ്കാസ്റ്റിംഗ് സര്‍വീസ് അധികൃതര്‍ പറഞ്ഞു.
നേരത്തെ കണ്ട തരത്തിലുള്ള സംപ്രക്ഷേണമായിരിക്കില്ല ഇത്തവണ ഉണ്ടാവുകയെന്നും അധികൃതര്‍ വ്യക്തമാക്കി.
ശരീരത്തിന്റെ ചില ഭാഗങ്ങള്‍ ക്ലോസപ്പ് ചെയ്തുള്ള കവറേജുകള്‍ ഇനി കാണില്ലെന്നും ഒളിംപിക് ബ്രോഡ്കാസ്റ്റിംഗ് സര്‍വീസസ് ചീഫ് എക്‌സിക്യൂട്ടീവ് പറഞ്ഞു.
വോളിബോള്‍, ജിംനാസ്റ്റിക്‌സ്, നീന്തല്‍ തുടങ്ങിയ കായിക ഇനങ്ങളില്‍ വനിതാ അത്ലറ്റുകളുടെ ദൃശ്യങ്ങള് ലൈംഗികച്ചുവയോടെ പ്രചരിപ്പിക്കാതിരിക്കാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.
പല മാധ്യമങ്ങളും വനിതാ അത്‌ലറ്റുകളെ നോക്കിക്കാണുന്നത് അത്‌ലറ്റുകള്‍ മാത്രമായിട്ടല്ലെന്നും മോശമായ രീതിയില്‍ കവറേജ് നല്‍കുന്നുണ്ടെന്നും ഇത് ശരിയായ നടപടിയല്ലെന്നും ഒളിംപിക് ബ്രോഡ്കാസ്റ്റിംഗ് അധികൃതര്‍ പറയുന്നു.
അതേസമയം, കൊവിഡ് കാരണം പുതുമകളുമായാണ് ഇത്തവണ ടോക്കിയോയില്‍ ഒളിമ്പിക്‌സ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ചരിത്രത്തിലാദ്യമായി കാണികളില്ലാതെ ഒളിമ്പിക്‌സ് മത്സരങ്ങള്‍ നടക്കുന്നു എന്നതാണ് ഏറ്റവും വലിയ സവിശേഷത.
മത്സര ജേതാക്കള്‍ക്ക് മെഡലുകള്‍ സമ്മാനിക്കാന്‍ ഇത്തവണ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം ഉണ്ടായിരിക്കില്ല. മെഡല്‍ ജേതാക്കളെ പോഡിയത്തില്‍ നിര്‍ത്തിയശേഷം ഒരു തളികയില്‍ മെഡലുകള്‍ നല്‍കുകയാണ് ചെയ്യുക.