മുംബൈ: ബി.ജെ.പിക്കെതിരെ രാജ്യത്തുയര്‍ന്നുവരുന്ന പ്രതിപക്ഷ ഐക്യത്തെ രൂക്ഷഭാഷയില്‍ പരിഹസിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മോദിയെ പേടിച്ച് നായയും പൂച്ചയും കീരിയും വരെ ഒന്നിച്ചുവെന്ന് അമിത് ഷാ മുംബൈയില്‍ ബി.ജെ.പിയുടെ സ്ഥാപക ദിനാഘോഷ ചടങ്ങില്‍ പറഞ്ഞു. ബി.ജെ.പിക്കെതിരേ കോണ്‍ഗ്രസ്സും മറ്റ് പാര്‍ട്ടികളുമെല്ലാം ഒന്നിക്കുന്നതിനെതിരെയായിരുന്നു അമിത്ഷായുടെ പരാമര്‍ശം.
“എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ച് വന്നിരിക്കുകയാണ്. വലിയൊരു വെള്ളപ്പൊക്കം വന്നപ്പോള്‍ പാമ്പും കീരിയും പൂച്ചയും പട്ടിയും ചീറ്റപ്പുലിയും സിംഹവും ഒക്കെ ഒരു വലിയ മരത്തില്‍ കയറി. പക്ഷേ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല.” അമിത് ഷാ പറഞ്ഞു.
“ബി.ജെ.പിയുടെ സുവര്‍ണ്ണയുഗം ഇതല്ല. പശ്ചിമ ബംഗാളിലും ഒഡീഷയിലും ബി.ജെ.പി സര്‍ക്കാര്‍ രൂപീകൃതമായാല്‍ മാത്രമേ ബി.ജെ.പിയുടെ സുവര്‍ണ്ണയുഗം ആരംഭിക്കുകയുള്ളൂ. രാഹുലും പവാറും ഇത് കേള്‍ക്കണം. ഞങ്ങള്‍ ഒരിക്കലും സംവരണ നയം അവസാനിപ്പിക്കില്ല. ഇനി നിങ്ങള്‍ അങ്ങനെ ആഗ്രഹിച്ചാല്‍ പോലും ബി.ജെ.പി അത് അനുവദിക്കില്ല”, അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
മോദി തരംഗത്തെ മറികടക്കാന്‍ വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളുള്ള പാര്‍ട്ടികള്‍ ഒന്നായിരിക്കുകയാണെന്നും ചടങ്ങില്‍ അമിത് ഷാ പരിഹസിച്ചു. മോദിയുടെ ഭരണത്തില്‍ ജനങ്ങള്‍ പൂര്‍ണതൃപ്തരാണെന്നും 2019 ല്‍ വീണ്ടും തങ്ങള്‍ തന്നെ അധികാരത്തില്‍ വരുമെന്നും അമിത് ഷാ പറഞ്ഞു.
വെറും പത്ത് അംഗങ്ങളെ വെച്ച് തുടങ്ങിയ പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും എന്നാല്‍ ഇപ്പോള്‍ 11 കോടി അംഗങ്ങളുണ്ടെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ എന്‍.ഡി.എയ്ക്കെതിരെ പ്രതിപക്ഷ ഐക്യനിര ഉയര്‍ന്നുവരികയാണ്. 2019 ല്‍ നടക്കുന്ന ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷനിര ശക്തമാകുന്നതിന്റെ സൂചനകളാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പുറത്തുവരുന്നത്.
യു.പിയില്‍ ഉപതെരഞ്ഞെടുപ്പില്‍ എസ്.പിയും ബി.എസ്.പിയും ഒരുമിച്ച് ബി.ജെ.പി സഖ്യത്തെ പരാജയപ്പെടുത്തിയിരുന്നു. എന്‍.ഡി.എ വിട്ടുവന്ന ടി.ഡി.പിയും ബി.ജെ.പി വിരുദ്ധ മുന്നണി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നുണ്ട്. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും കോണ്‍ഗ്രസും സഖ്യനീക്കങ്ങള്‍ സജീവമാക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികളെ പട്ടിയോടും പൂച്ചയോടും ബി.ജെ.പി അധ്യക്ഷന്‍ അപമിച്ചിരിക്കുന്നത്.