ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ തിരിച്ചയക്കില്ലെന്ന് സ്‌പോണ്‍സറുടെ ഭീഷണി
Kerala News
ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ തിരിച്ചയക്കില്ലെന്ന് സ്‌പോണ്‍സറുടെ ഭീഷണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd March 2020, 8:46 am

തിരുവനന്തപുരം: കൊവിഡ് 19 ബാധയെ തുടര്‍ന്ന് ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍ സ്‌പോണ്‍സറുടെ ഭീഷണിയില്‍. ഇറാനില്‍ പുറത്തിറങ്ങാന്‍ പോലുമാകാതെ കുടുങ്ങുക്കിടക്കുന്ന ഇവരെ വിസയുടെ ബാക്കി പണം നല്‍കാതെ നാട്ടിലേക്ക് അയക്കില്ലെന്നാണ് ഭീഷണി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വിസാ പണം മുഴുവനായും നല്‍കാതെ തിരിച്ചുവിടാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ സ്‌പോണ്‍സര്‍ ഭക്ഷണവും വെള്ളവും പോലും നല്‍കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും തൊഴിലാളികള്‍ അറിയിച്ചു. ഇവരുടെ മൊബൈല്‍ ബന്ധം വിച്ഛേദിക്കുമെന്നും സ്‌പോണ്‍സര്‍ ഭീഷണിപ്പെടുത്തുന്നതായി ഇവര്‍ പറഞ്ഞു.

കേരളത്തില്‍നിന്നു പോയ 23 മത്സ്യബന്ധനത്തൊഴിലാളികളാണ് ഇറാനില്‍ കുടുങ്ങിക്കിടക്കുന്നത്. കോവിഡ്-19 ഭീഷണിയെ തുടര്‍ന്ന് ഇറാനില്‍ ജാഗ്രതാനിര്‍ദേശം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഇവര്‍ക്ക് മുറിയില്‍നിന്നു പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. ഇറാനിലെ അസലൂരിലാണ് ഇവരുള്ളത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇവരെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. നടപടികള്‍ക്ക് നോര്‍ക്കയെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. ഇറാനിലെ ഇന്ത്യന്‍ എം.ബ.സിയുമായി നോര്‍ക്ക സി.ഇ.ഒ ബന്ധപ്പെട്ടിട്ടുണ്ട്.