| Saturday, 20th August 2022, 11:25 pm

ബ്രാഹ്‌മണരെ ഇകഴ്ത്തി സംസാരിച്ചു; ബി.ജെ.പി നേതാവ് പാര്‍ട്ടിയില്‍ നിന്ന് പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബ്രാഹ്‌മണരെക്കുറിച്ച് വിവാദപരാമര്‍ശം നടത്തിയ ബി.ജെ.പി നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ബി.ജെ.പി നേതാവ് പ്രീതം സിങ് ലോധിയെയാണ് പുറത്താക്കിയത്. ശനിയാഴ്ച രാവിലെ ഭോപ്പാലിലെ ബി.ജെ.പി ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് പ്രീതം സിങ് ലോധിയുടെ പ്രാഥമിക അംഗത്വം ബി.ജെ.പി സംസ്ഥാന നേതൃത്വം റദ്ദാക്കിയത്.

വീരവനിതയായ റാണി അവന്തി ബായിയുടെ ജന്മവാര്‍ഷികത്തിന് മികച്ച വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ബ്രാഹമണര്‍ക്കെതിരെ പ്രീതം സിങ് പരാമര്‍ശം നടത്തിയത്.

മതത്തിന്റെ പേരില്‍ ജനങ്ങളെ കബളിപ്പിക്കുകയും ഉപദ്രവിക്കുകയുമാണ് ബ്രാഹ്‌മണര്‍ ചെയ്യുന്നതെന്ന് പ്രീതം പ്രസംഗത്തിനിടെ പറഞ്ഞു. പ്രീതം സിങ്ങിന്റെ പ്രസംഗത്തിന്റെ വിവാദപരമായ ഭാഗങ്ങള്‍ വന്‍ തോതില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.

ജനങ്ങളുടെ പണവും വിഭവങ്ങളും ഉപയോഗപ്പെടുത്തിയാണ് ബ്രാഹ്‌മണര്‍ അഭിവൃദ്ധി നേടുന്നതെന്ന് പരാമര്‍ശിച്ച പ്രീതം സിങ്, നല്ല കുടുംബങ്ങളില്‍ നിന്നുള്ള സുന്ദരികളായ സ്ത്രീകളെ കണ്ടാല്‍ പിന്നെ ബ്രാഹമണര്‍ക്ക് അവരുടെ വീടുകളില്‍ നിന്ന് ഭക്ഷണം കഴിക്കണമെന്നും ചെറുപ്പക്കാരികളെ മുന്‍നിരയിലിരുത്താനും പ്രായമേറിയ സ്ത്രീകളെ പിന്നിലിരുത്താനുമാണ് ബ്രാഹ്‌മണര്‍ക്ക് താത്പര്യമെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം, പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമായാണ് ഒരു പ്രത്യേക സമുദായത്തിനെതിരെ പ്രീതം സിങ് പരാമര്‍ശം നടത്തിയതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ബഗവന്‍ദാസ് സബ്നാനി പറഞ്ഞു. പാര്‍ട്ടിക്ക് പ്രീതം സിങ്ങിന്റെ പരാമര്‍ശങ്ങള്‍ ഒരുവിധത്തിലും അംഗീകരിക്കാനാവില്ലെന്നും സബ്നാനി കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ പ്രീതം സിങ്ങിന് നോട്ടീസ് നല്‍കിയതായും പ്രീതം മാപ്പെഴുതി നല്‍കിയതായും, ആറ് കൊല്ലത്തേക്ക് പ്രീതമിന്റെ പ്രാഥമികാംഗത്വം റദ്ദാക്കിയതായും സബ്നാനി അറിയിച്ചു.

അതിനിടെ, ജനങ്ങള്‍ക്കിടയില്‍ ശത്രുത പരത്താന്‍ ശ്രമിച്ചുവെന്ന കുറ്റം ആരോപിച്ച് ബി.ജെ.പി യുവജന വിഭാഗത്തിന്റെ നേതാവ് പ്രവീണ്‍ മിശ്ര വിവാദപരാമര്‍ശം ചൂണ്ടിക്കാട്ടി പ്രീതത്തിനെതിരെ പോലീസില്‍ പരാതിയും നല്‍കി. 62 കാരനായ പ്രീതം സിങ്ങിനെതിരെ നാല് വധശ്രമവും രണ്ട് കൊലപാതകവും ഉള്‍പ്പെടെ 37 കേസുകളുണ്ട്.

മുന്‍ മുഖ്യമന്ത്രി മധ്യപ്രദേശ് ഉമ ഭാരതിയുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണ് പ്രീതം സിങ്. ബി.ജെ.പി ടിക്കറ്റില്‍ കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇദ്ദേഹം മത്സരിച്ചിരുന്നു. 2018ല്‍ 2,500 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സിറ്റിങ് എം.എല്‍.എ കെ.പി. സിങ്ങിനെതിരെ പ്രീതം സിങ് പരാജയപ്പെട്ടത്.

Content Highlight: Spoke disparagingly of Brahmins; BJP Expels leader

We use cookies to give you the best possible experience. Learn more