| Saturday, 16th June 2018, 12:33 pm

'ഞാന്‍ പറഞ്ഞത് 'സംഘി തീവ്രവാദ'മെന്നാണ്, 'ഹിന്ദു തീവ്രവാദ'മെന്നല്ല': ദിഗ്‌വിജയ് സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: താനെപ്പോഴും “സംഘി തീവ്രവാദം” എന്ന പദമാണ് ഉപയോഗിക്കാറുള്ളതെന്നും, “ഹിന്ദു തീവ്രവാദം” എന്നു താന്‍ പറയാറില്ലെന്നും കോണ്‍ഗ്രസ്സ് നേതാവ് ദിഗ്‌വിജയ് സിംഗ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും മതത്തിന്റെ പശ്ചാത്തലത്തില്‍ വിശദീകരിക്കാനാവില്ലെന്നും ദിഗ്‌വിജയ് സിംഗ് മാധ്യമങ്ങളോടു പറഞ്ഞു.

“ദിഗ് വിജയ് സിംഗ് ഹിന്ദു തീവ്രവാദം എന്ന വാക്കുപയോഗിച്ചുവെന്ന തെറ്റായ വിവരമാണ് നിങ്ങള്‍ക്കു കിട്ടിയിരിക്കുന്നത്. ഞാന്‍ സംഘി തീവ്രവാദം എന്നു മാത്രമേ പറയാറുള്ളൂ. മതത്തിന്റെ അളവുകോലില്‍ തീവ്രവാദത്തെ വിശദീകരിക്കാന്‍ സാധിക്കില്ല. ഒരു മതത്തിനും തീവ്രവാദത്തെ പിന്തുണയ്ക്കാനുമാവില്ല.” സിംഗ് പറയുന്നു.

“മലേഗാവ്, മക്കാമസ്ജിദ്, സംഝോത എക്‌സ്പ്രസ്സ്, ദര്‍ഗാ ശെരീഫ് എന്നിങ്ങനെയുള്ള എല്ലാ ബോംബു സ്‌ഫോടനങ്ങളും സംഘപരിവാര്‍ ആശയങ്ങളുടെ സ്വാധീനത്താല്‍ സംഭവിച്ചതാണ്. അക്രമവും വിദ്വേഷവും പ്രചരിപ്പിക്കുന്ന ഇത്തരം സംഘടനകളാണ് തീവ്രവാദത്തെ പിന്താങ്ങുന്നത്.” സംഘി തീവ്രവാദത്തിനെതിരെയുള്ള വാദം ശക്തമാക്കിക്കൊണ്ട് ദിഗ്‌വിജയ് സിംഗ് പ്രസ്താവിച്ചു.


Also Read:പൊലീസിലെ ദാസ്യവേല: എ.ഡി.ജി.പി സുധേഷ് കുമാറിനെ സ്ഥാനത്തുനിന്നും നീക്കി


ദിഗ്‌വിജയ് സിംഗ് സംഘി തീവ്രവാദം എന്ന പദം ഉപയോഗിച്ചതില്‍ പ്രതിഷേധമറിയിച്ച് ബി.ജെ.പി നേതൃത്വം രംഗത്തു വന്നിരുന്നു. രാഷ്ട്രീയ സ്വയം സേവക സംഘത്തില്‍ പ്രവര്‍ത്തിക്കുന്നവരെ ഈ പ്രസ്താവന വേദനിപ്പിക്കുമെന്നാണ് പാര്‍ട്ടിയുടെ പക്ഷം.

“മതമേതായാലും അതില്‍ ശരിയായ വിശ്വാസം പുലര്‍ത്തുന്നവര്‍ക്ക് തെറ്റുകള്‍ ചെയ്യാന്‍ സാധിക്കില്ല. ഇന്ത്യയില്‍ ജീവിക്കുന്ന എല്ലാവരും ഹിന്ദുക്കളാണ്. “ഹിന്ദു” എന്നതിനെ എങ്ങിനെ നിര്‍വചിക്കുന്നു എന്നതനുസരിച്ച് ഓരോരുത്തര്‍ക്കും വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടാകും. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യക്കാര്‍ എല്ലാവരും ഹിന്ദുക്കളാണ്, അവരുടെ ജാതിയോ മതമോ വ്യത്യസ്തമായാലും.” ബി.ജെ.പി എം.പി. സഞ്ജയ് പഥക് പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more