| Monday, 10th December 2018, 1:56 pm

തെരഞ്ഞെടുപ്പ് ഫലം വരും മുന്‍പേ ബി.ജെ.പിക്ക് തിരിച്ചടി; കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്‌വാഹ രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര മാനവശേഷി വികസന സഹമന്ത്രി ഉപേന്ദ്ര കുശ്വാഹ രാജിവച്ചു. ബിഹാറിലെ ലോക്‌സഭാ സീറ്റ് വിഭജനത്തെ സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് രാജി.

ഇന്നു നടക്കുന്ന എന്‍.ഡി.എയുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്നു രാഷ്ട്രീയ ലോക്‌സമതാ പാര്‍ട്ടി(ആര്‍.എല്‍.എസ്പി) നേതാവായ ഉപേന്ദ്ര കുശ്‌വാഹ നേരത്തെ അറിയിച്ചിരുന്നു.

അതേസമയം ഇന്ന് വൈകിട്ടു നടക്കുന്ന വിശാല പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ ഉപേന്ദ്ര പങ്കെടുക്കുമെന്നും സൂചനകളുണ്ട്.പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ ആര്‍.എല്‍.എസ്.പിയുടെ നീക്കം ബിജെപിയെ പ്രതിരോധത്തിലാക്കി.


ശിവരാജ് സിങ്ങിന്റെ ആ വെല്ലുവിളി മധ്യപ്രദേശില്‍ ബി.ജെ.പിക്ക് 20 സീറ്റെങ്കിലും നഷ്ടമാക്കും; വിമര്‍ശനവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ്


2019 ലോക് സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വീതം വയ്ക്കലില്‍ അതൃപ്തിയുമായാണ് കുശ്‌വാഹ മുന്നണി വിടുന്നത്. നിതീഷ് കുമാറിന് ബിഹാറില്‍ എന്‍.ഡി.എ നല്‍കുന്ന പ്രാധാന്യം മുന്നണിയിലെ കക്ഷിയായിട്ട് പോലും ആര്‍.എല്‍.എസ്.പിയ്ക്ക് കിട്ടാത്തതില്‍ കുശ്‌വാഹയ്ക്ക് കടുത്ത അമര്‍ഷമുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് കേന്ദ്രമന്ത്രിസ്ഥാനം വേണ്ടെന്ന് വെച്ച് ഇദ്ദേഹം രാജിക്ക് തയ്യാറായത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിയ്‌ക്കെയാണ് ബി.ജെ.പിയ്ക്ക് കനത്ത തിരിച്ചടിയുമായി സഖ്യകക്ഷി മുന്നണി വിടുന്നത്.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍.എല്‍.എസ്.പി ബിഹാറില്‍ മൂന്നു സീറ്റുകളില്‍ വിജയിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ.ഡി.യു എന്‍ഡിഎയിലേക്ക് തിരിച്ചെത്തിയതോടെ അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകള്‍ മാത്രമേ നല്‍കുകയുള്ളുവെന്നാണ് ബി.ജെ.പി നേതൃത്വം അറിയിച്ചിരിക്കുന്നത്. ഇതാണ് എന്‍.ഡി.എ വിടാന്‍ ആര്‍.എല്‍.എസ്.പിയെ പ്രേരിപ്പിച്ചത്.

ജെഡിയു വിട്ട ശരത് യാദവിന്റെ ലോക്താന്ത്രിക് ജനതാദള്‍ പാര്‍ട്ടിയുമായി ലയിക്കാനും നീക്കങ്ങള്‍ ഉണ്ടെന്നാണ് ആര്‍.എല്‍.എസ്.പി നേതൃത്വം നല്‍കുന്ന സൂചനകള്‍.

We use cookies to give you the best possible experience. Learn more