കൊച്ചി: ബാര്‍ ഉടമകളുടെ സംഘടനയായ ഹോട്ടല്‍ ആന്‍ഡ് ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ പിളര്‍ന്നു. ബിയര്‍ ആന്റ് വൈന്‍പാര്‍ലര്‍ ഉടമകളാണ് പിളര്‍ന്ന് വി.എം രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപീകരിക്കാന്‍ തീരുമാനിച്ചത്. 150ഓളം ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ ഉടമകളുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് പുതിയ സംഘടന രൂപീകരിക്കാന്‍ തീരുമാനിച്ചത്.
വി.എം രാധാകൃഷ്ണനെ കൂടാതെ സംഘടനയുടെ മുന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജുരമേശുമാണ് സംഘടനയുടെ തലപ്പത്തുള്ളത്. വിജിലന്‍സ് കോടതികളിലെ കേസുകളില്‍ കക്ഷി ചേരില്ലെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു. അതേ സമയം സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ നല്‍കാനും ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ ഉടമകള്‍ തീരുമാനിച്ചിട്ടുണ്ട്.
ഫൈവ് സ്റ്റാര്‍ ബാര്‍ ഉടമകള്‍ക്ക് മാത്രം ബാര്‍ അസോസിയേഷനില്‍ അംഗത്വം ലഭിക്കുകയുള്ളൂ എന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ സംഘടന രൂപീകരിക്കാന്‍ ചില അംഗങ്ങള്‍ തീരുമാനിച്ചത്. എറണാകുളം മരട് സരോവരം ഹോട്ടലില്‍ നടന്ന യോഗം അസോസിയേഷനെ അറിയിക്കാതെയാണ് വിളിച്ചു കൂട്ടിയത്. ജില്ലാ തലത്തില്‍ പുതിയ കമ്മിറ്റികള്‍ രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
ഇത്തരമൊരു യോഗം വിളിച്ചു ചേര്‍ക്കാന്‍ ബിജു രമേശിന് നിയമപരമായി കഴിയില്ലെന്നും മാസവരിയോ ലീഗല്‍ ഫണ്ടോ നല്‍കാത്തവരാണ് സംഘടന പിളരുന്നെന്ന പ്രതീതി സൃഷ്ടിക്കുന്നതെന്നും അസോസിയേഷന്‍ ആരോപിക്കുന്നു.