തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവ് പി.കൃഷ്ണപിള്ള പ്രതിമയുടെ തല തല്ലിപ്പൊളിക്കുന്നിടം വരെ സി.പി.ഐ.എമ്മിലെ വിഭാഗീയത വളര്‍ന്നെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇതിന് തെളിവാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പാര്‍ട്ടി സ്ഥാപക നേതാവിന് ഇതാണു സംഭവിക്കുന്നതെങ്കില്‍ സി.പി.ഐ.എം അധികാരത്തിലേറിയാല്‍ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു.
സ്മാരകം തകര്‍ത്ത കേസിലെ പ്രതികളുടെ പേരുവിവരങ്ങളും അവരുടെ ബന്ധങ്ങളും ഞെട്ടിക്കുന്നതാണ്. ഇതിലെ ഒന്നാം പ്രതി പ്രതിപക്ഷ നേതാവിന്റെ പേഴ്‌സണല്‍ സ്റ്റാഫായിരുന്നു. രണ്ടാം പ്രതി ഉള്‍പ്പെടെയുള്ള മറ്റു നാലു പ്രതികളും പ്രതിപക്ഷ നേതാവുമായി അടുത്ത ബന്ധമുള്ളവരാണ്. സംഭവത്തില്‍ ഇവരെല്ലാം നിരപരാധികകളാണെന്നു പറഞ്ഞ പ്രതിപക്ഷ നേതാവിന് ഇപ്പോള്‍ എന്താണു പറയാനുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു.
സഖാവ് കൃഷ്ണപിള്ള സ്മാരക കോമ്പൗണ്ടില്‍ അതിക്രമിച്ചു കയറി സ്മാരക മന്ദിരത്തിന് തീയിടുകയും കൃഷ്ണപിള്ളയുടെ അര്‍ധകായ പ്രതിമയുടെ കവിള്‍ത്തടം കരിങ്കല്ലുകൊണ്ട് ഇടിച്ചുപൊട്ടിക്കുകയുമാണ് ചെയ്തത് എന്നാണ് പോലീസ് റിപ്പോര്‍ട്ട്.
ഈ പ്രദേശത്ത് പാര്‍ട്ടി സംവിധാനങ്ങളും ഭാരവാഹികളും പരാജയമാണെന്നു വരുത്തിത്തീര്‍ക്കാനും ഇവര്‍ മൂലം പാര്‍ട്ടിക്ക് ക്ഷീണമുണ്ടായെന്ന് മേല്‍ഘടകങ്ങളെ ബോധ്യപ്പെടുത്താനുമായിരുന്നു ശ്രമമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
വിഷയത്തില്‍ സി.പി.ഐ.എം ഇതുവരെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടില്ല. അന്വേഷണം പൂര്‍ത്തിയാകട്ടെ എന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രതിമ തകര്‍ത്തതിന് ശേഷം പിണറായി വിജയന്‍ പി. കൃഷ്ണപിള്ള സ്മാരകം ഒരിക്കല്‍പ്പോലും സന്ദര്‍ശിക്കാതിരുന്നതിന്റെ കാരണവും വ്യക്തമാക്കണം. ഉന്നതനേതാക്കള്‍ വരെ ഉള്‍പ്പെട്ട സംഭവമാണിതെന്നാണു പറയപ്പെടുന്നത്. ഉന്നതതല ഗൂഢാലോചനയെക്കുറിച്ച് പാര്‍ട്ടി അടിയന്തരമായി അന്വേഷിക്കണം. സി.പി.ഐ.എം ആവശ്യപ്പെട്ടാല്‍ ഉന്നതതല ഗൂഢാലോചനയെക്കുറിച്ചും പോലീസ് അന്വേഷണത്തിനു തയാറാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.
സംഭവത്തിനു പിന്നില്‍ കോണ്‍ഗ്രസുകരാണെന്നാണ് സി.പി.ഐ.എം നേതാക്കള്‍ ആരോപിച്ചിരുന്നത്. ഇതിന്റെ പേരില്‍ ഹര്‍ത്താല്‍ നടത്തുകയും ചെയ്തിരുന്നു. ഇതെല്ലാം തെറ്റാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ പാര്‍ട്ടി ജനങ്ങളോട് മാപ്പു പറയണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു.