| Tuesday, 4th August 2015, 12:06 pm

ഭൂനിയമ ഭേതഗതി: കോണ്‍ഗ്രസിനുള്ളില്‍ ഭിന്നത; ഭ്രാന്തന്‍ തീരുമാനമെന്ന് പി.ടി തോമസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം:  സംസ്ഥാനത്തെ അനധികൃത ഭൂമി കയ്യേറ്റങ്ങള്‍ക്ക് നിയമസാധുത നല്‍കുന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസില്‍ ശക്തമായ പ്രതിഷേധം. വേണ്ടത്ര ചര്‍ച്ചകള്‍ കൂടാതെ വിജ്ഞാപനം പുറപ്പെടുവിച്ചതിനെതിരെ വി.ഡി സതീശന്‍, ടി.എന്‍ പ്രതാപന്‍, പി.ടി തോമസ് എന്നിവരെ കൂടാതെ ഇടുക്കി, പത്തനംതിട്ട ഡി.സി.സി കളും പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.

കയേറ്റങ്ങള്‍ക്ക് അനുമതി നല്‍കുന്നത് ഭ്രാന്തന്‍ തീരുമാനമാണെന്നും ആശങ്കയോടെയാണ് ഇതിനെ നോക്കിക്കാണുന്നതെന്നും മുന്‍ എം.പി പി.ടി തോമസ് പറഞ്ഞു. ചട്ടത്തില്‍ ഭേതഗതി വരുത്തിയത് നിഗൂഢതയുണര്‍ത്തുന്നതും വിചിത്രവുമാണെന്ന് വി.ഡി സതീശന്‍ എം.എല്‍.എ പ്രതികരിച്ചു. കെ.പി.സി.സിയിലും മുന്നണിയിലും ചര്‍ച്ച ചെയ്യാതെ എടുത്ത തീരുമാനമാനത്തിന് സര്‍ക്കാര്‍ മറുപടി പറയണം. കയ്യേറ്റവും കുടിയേറ്റവും രണ്ടാണ്. കയ്യേറ്റക്കാരെ സഹായിക്കുന്നതിനുള്ള തീരുമാനമാണിതെന്നും സതീശന്‍ പറഞ്ഞു.

വിജ്ഞാപനത്തിനെതിരെ പത്തനംതിട്ട, ഇടുക്കി ഡി.സി.സികളും രംഗത്ത് എത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വി.ഡി സതീശന്‍ എം.എല്‍.എയും കഴിഞ്ഞ ദിവസം പരസ്യമായി പ്രതികരിച്ചിരുന്നു.

ഭൂമി പതിച്ചുനല്‍കല്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയ സര്‍ക്കാര്‍ നടപടി പ്രഹസനമാണെന്ന് താമരശേരി ബിഷപ്പ് മാര്‍ റമീജിയോസ് ഇഞ്ചയാനിയില്‍ പ്രതികരിച്ചു. കര്‍ഷകവിരുദ്ധമായാണു സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും ബിഷപ്പ് പറഞ്ഞു.

നിലവിലുള്ള ചട്ടങ്ങള്‍ക്ക് പകരം 2005 ജൂണ്‍ 1 വരെയുള്ള ഭൂമി കയ്യേറ്റങ്ങള്‍ക്ക് നിയമസാധുത നല്‍കിക്കൊണ്ടാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്. സര്‍ക്കാര്‍ പതിച്ചുനല്‍ക്കുന്ന ഭൂമി 25വര്‍ഷം കഴിഞ്ഞശേഷമേ കൈമാറാവൂയെന്ന വ്യവസ്ഥയും ഭേദഗതി ചെയ്തിട്ടുണ്ട്. നിലവിലെ നിയമ പ്രകാരം 1971 ആഗസ്ത് വരെയുള്ള കയ്യേറ്റങ്ങള്‍ക്ക് മാത്രമേ നിയമസാധുത നല്‍കുന്നുള്ളൂ. എന്നാല്‍  ഈ വിജ്ഞാപനത്തിന് അംഗീകാരം ലഭിക്കുന്ന പക്ഷം ഇടുക്കി, കോട്ടയം, വയനാട് ജില്ലകളിലടക്കം റവന്യൂവനഭൂമികളില്‍ നടത്തിയ അനധികൃത കയ്യേറ്റങ്ങള്‍ക്ക് നിയമസാധുത ലഭിക്കുമെന്നാണ് ആക്ഷേപം.

We use cookies to give you the best possible experience. Learn more