| Saturday, 1st June 2019, 11:24 pm

ബീഹാറില്‍ ആര്‍.ജെ.ഡിയുമായുള്ള 22 വര്‍ഷത്തെ സഖ്യം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാറ്റ്‌ന: ബീഹാറില്‍ ആര്‍.ജെ.ഡിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ ആവശ്യം ശക്തമാകുന്നു. സ്വന്തം മക്കള്‍ക്ക് വേണ്ടി സീറ്റ്മാറ്റി വെക്കുകയും ജയിക്കാവുന്ന മണ്ഡലങ്ങള്‍ അര്‍.ജെ.ഡിയടക്കമുള്ള കക്ഷികള്‍ക്ക് വിട്ടു നല്‍കുകയും ചെയ്ത നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

ബീഹാര്‍ പി.സി.സി മുന്‍ പ്രസിഡന്റുമാരായ അനില്‍ ശര്‍മ്മ, ചന്ദന്‍ ബാഗ്ചി, മുന്‍മന്ത്രി അബ്ദുല്‍ ജലീല്‍ മസ്താന്‍, സമസ്തിപൂര്‍ എം.എല്‍.എ അശോക് കുമാര്‍ രാം, കഡ്‌വ എം.എല്‍.എ ഷക്കീല്‍ അഹമ്മദ് ഖാന്‍ എന്നീ നേതാക്കളുടെ നേതൃത്വത്തിലാണ് മാറ്റം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

സീറ്റ് ചര്‍ച്ചകള്‍ നടത്തുകയും സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനും പ്രചാരണത്തിന് നേതൃത്വം കൊടുക്കുകയും ചെയ്ത ബീഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മദന്‍മോഹന്‍ ഝാ, സംസ്ഥാന പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ അഖിലേഷ് പ്രസാദ് തുടങ്ങിയവര്‍ക്കെതിരെയാണ് പ്രധാനമായും വിമര്‍ശനമുയരുന്നത്.

അഞ്ച് ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ആര്‍.ജെ.ഡിയ്‌ക്കൊപ്പം മത്സരിച്ചിട്ട് കൂടുതല്‍ സീറ്റുകളും ആര്‍.ജെ.ഡിയ്ക്ക് നല്‍കുകയല്ലാതെ കോണ്‍ഗ്രസിന് ഒന്നും ലഭിച്ചില്ലെന്ന് കോണ്‍ഗ്രസ് എം.എല്‍.എ അശോക് റാം പറഞ്ഞു.

ആര്‍.ജെ.ഡിയുടെ കൂടെ കൂടിയിട്ട് കോണ്‍ഗ്രസിന് പരമ്പരാഗതമായി ലഭിച്ചുകൊണ്ടിരുന്ന ദളിത്, മുസ്‌ലിം വോട്ടുകള്‍ നഷ്ടമായെന്നും ലാലുവുമായി ശത്രുതയുള്ളതിനാല്‍ മേല്‍ജാതി വോട്ടുകള്‍ ബി.ജെ.പിയ്ക്ക് പോയെന്നും നേതാക്കള്‍ പറയുന്നു.

അതേസമയം 2014ല്‍ കോണ്‍ഗ്രസിന് സംസ്ഥാനത്ത് 6.7 ശതമാനം വോട്ടുകളാണ് ലഭിച്ചതെങ്കില്‍ ഇത്തവണ 7.7 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്.

1989ല്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കെ നടന്ന ഭഗല്‍പൂര്‍ കലാപത്തിന് ശേഷമാണ് കോണ്‍ഗ്രസിന് സംസ്ഥാനത്ത് വേര് നഷ്ടപ്പെട്ടത്. ബീഹാറിലെ 54 സീറ്റുകളില്‍ കോണ്‍ഗ്രസിന് ആ വര്‍ഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 4 സ്ഥലത്തേ ജയിക്കാനായിരുന്നുള്ളു. പിന്നീട് 1997ല്‍ ആര്‍.ജെ.ഡിയുമായി സഖ്യമുണ്ടാക്കിയതിന് ശേഷം കോണ്‍ഗ്രസ് രണ്ടക്കം കടന്നിട്ടില്ല.

We use cookies to give you the best possible experience. Learn more