| Friday, 12th February 2021, 7:40 am

ഒരു ജനതയുടെ സ്വത്വവും ആത്മീയതയും രാഷ്ട്രീയ സമരത്തില്‍ | കെ. എം. തോമസ്

കെ. എം. തോമസ്

ഇക്കഴിഞ്ഞ ഫെബ്രുവരി ആറിന് രാജ്യമൊട്ടാകെ കര്‍ഷകര്‍ നടത്തിയ ‘ഛഖാ ജാം’ മലയാളത്തില്‍ വഴിതടയല്‍ എന്നോ ഉപരോധം എന്നോ പറയാം. ആ ഹിന്ദി വാക്കുകളുടെ അര്‍ഥം ചക്രങ്ങള്‍ ഉടക്കുന്നു എന്നാണ്. മൂന്നു മണിക്കൂര്‍ നേരം നീണ്ടുനിന്ന ഉപരോധത്തിന്റെ പ്രതീകാത്മക സന്ദേശം ഭരണസംവിധാനങ്ങളെ നിശ്ചലമാക്കും എന്ന മുന്നറിയിപ്പാണ്.

കര്‍ഷക സമരം രാജ്യവ്യാപകമായി കരുത്താര്‍ജ്ജിക്കുന്നു, ഒപ്പം രാജ്യാന്തരതലത്തില്‍ ശ്രദ്ധ നേടുകയും പിന്തുണ സന്ദേശങ്ങള്‍ പ്രവഹിക്കുകയും ചെയ്യുന്നു. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയെ അപേക്ഷിച്ച് വളരെ ശാന്തി പൂര്‍ണമായി ഛഖാ ജാം അവസാനിപ്പിച്ചു. രണ്ടര മാസമായി തുടര്‍ന്നുവരുന്ന ഈ സമരം ഒരു വലിയ രാഷ്ട്രീയ പൊളിച്ചെഴുത്തിന്റെ ദിശാസൂചകമായി അടയാളപ്പെടുത്തി കഴിഞ്ഞു.

റിപ്പബ്ലിക് ദിനത്തില്‍ ഒരു വിഭാഗം സമരക്കാര്‍ ചെങ്കോട്ടയില്‍ ഒരു മതത്തിന്റെ കൊടി കെട്ടിയത് രാജ്യത്തിന്റെ ഗരിമക്ക് ഇടിവുണ്ടാക്കി എന്ന് മാത്രമല്ല കര്‍ഷക സമരത്തിന് അതൊരു കെട്ടിവെപ്പും ആയി. സൈനിക ശക്തിയും ചിഹ്നങ്ങളും പ്രകടനങ്ങളും കൊണ്ട് മുദ്രിതമായ അതിന്റെ വിശുദ്ധിയെ കളങ്കപ്പെടുത്തി എന്നത് ബി.ജെ.പി സര്‍ക്കാരിന് കര്‍ഷക സമരത്തെ തകര്‍ക്കുന്നതിനുള്ള വഴി തുറന്നു.

സമരക്കാര്‍ അക്രമകാരികളെന്നു വാദിക്കാനും ഭരണകൂട ബലപ്രയോഗത്തിന് ന്യായം കണ്ടെത്താനും സാധിച്ചുവെന്ന് കരുതാം. മുസ്‌ലിങ്ങളോടൊപ്പം സിഖുകാരെയും ശത്രുപക്ഷത്ത് നിര്‍ത്തുന്ന ഒരു പുതിയ ധ്രുവീകരണത്തിന്റെ ചാല് കീറിയെടുക്കുവാന്‍ സാധിച്ചിരിക്കുന്നു. വളരെ സമാധാനപരമായി മാതൃകാപരമായി എങ്ങനെ ഒരു വലിയ സമരം അച്ചടക്കത്തോടെ നടത്തിക്കൊണ്ട് പോകാം എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു കഴിഞ്ഞ രണ്ടര മാസക്കാലത്തെ കര്‍ഷക സമരം. പക്ഷേ സമരക്കാരുടെ ബലഹീനതകളെ ട്രാക്ടര്‍റാലി പുറത്തു കൊണ്ടുവന്നപ്പോള്‍ ഛഖാ ജാം അതിനെ മറികടന്നു.

കഴിഞ്ഞ ആറു വര്‍ഷങ്ങളായി മോദി സര്‍ക്കാരിന്റെയും സംഘപരിവാര്‍ ശക്തികളുടെയും മുമ്പില്‍ രാജ്യത്തെ ജനാധിപത്യ ശക്തികള്‍ക്ക് ഒരു മന്ദതയുണ്ട്, മരവിപ്പ് ഉണ്ട്. നോട്ടുനിരോധനം വന്നു. ബാങ്കുകളുടെ ക്യൂവില്‍ നിന്നവര്‍ നൂറുകണക്കിന് മരിച്ചു. ജനങ്ങള്‍ തിരഞ്ഞെടുത്ത് അവരെ സേവിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍, അവരുടെ പണം സംരക്ഷിക്കേണ്ടവര്‍, ജനങ്ങളുടെ ഉപജീവനത്തിന്റെ കാറ്റ് കുത്തി വിട്ട് പ്രഹരം ഏല്‍പ്പിച്ചപ്പോള്‍ അമാന്തിച്ച് തരിച്ചു നിന്നു നമ്മുടെ ജനാധിപത്യം.

സ്ത്രീനീതിയുടെ (മുത്തലാഖ്) പേരില്‍ മുസ്‌ലിം പുരുഷ വിദ്വേഷ നിയമം. കാശ്മീരിനെ വെട്ടി മുറിച്ച്, ജനതയെ തടവറയിലാക്കി ഭരണഘടനയുടെ 370-വകുപ്പിന്റെ റദ്ദാക്കല്‍. പശുവിന്റെയും ലൗ ജിഹാദിന്റെയും മതം മാറ്റത്തിന്റെയും പേരില്‍ ലിഞ്ചിങ്ങ്. ഹേബിയസ് കോര്‍പ്പസ് ഉള്‍പ്പെടെ ജനാധിപത്യ-മൗലികാവകാശങ്ങള്‍ക്ക് സമീപിച്ചപ്പോള്‍ മോദി സര്‍ക്കാരിന്റെ ബി ടീമിനെ പോലെ തോന്നിപ്പിച്ച സുപ്രീംകോടതി. നിയമവശങ്ങള്‍ ചൂണ്ടിക്കാട്ടി കാര്‍ഷിക നിയമങ്ങളുടെ ശരി തെറ്റുകളുടെ തീര്‍പ്പ് കല്‍പ്പിക്കുന്നതിനുപകരം മധ്യസ്ഥ വേഷം അണിയുന്നു.

പൗരത്വ ഭേദഗതി നിയമം പോലുള്ള അടിയന്തര വിഷയങ്ങള്‍ സുപ്രീംകോടതിയുടെ മുമ്പില്‍ ഭരണഘടനാ പ്രാധാന്യമില്ലാത്ത കൊച്ചു കൊച്ചു കാര്യങ്ങള്‍ മാത്രം. മുസ്‌ലിങ്ങളെയും ദലിതുകളെയും പീഡിപ്പിക്കുവാന്‍ സവര്‍ണ്ണ ഹിന്ദുത്വ ഗുണ്ടകള്‍ക്ക് അഴിഞ്ഞാടാന്‍ അരങ്ങൊരുക്കി. ദൗത്യം മറന്ന പരമോന്നത നീതിപീഠം! എല്ലാം രാജ്യസ്‌നേഹത്തിന്റെ പേരില്‍? ഗദ്ദാരോംകോ…ഗോലി മാര്‍ ദോ!

കേന്ദ്രമന്ത്രി തുടക്കം ഇടുന്നു, ജനങ്ങള്‍ ആര്‍ത്തു വിളിക്കുന്നു. വടക്ക് കിഴക്കന്‍ ദില്ലിയിലെ കലാപത്തിലും കൂട്ടക്കൊലയിലും ഷഹീന്‍ ബാഗ് സമരത്തെ കശാപ്പ് ചെയ്തു. പോലീസ് നോക്കി നിന്നു എന്ന് മാത്രമല്ല കൂട്ടക്കൊല ചെറുത്തവരെയും പ്രതിഷേധ സമരത്തിന് നേതൃത്വം കൊടുത്തവരെയും ഒന്നൊന്നായി രാജ്യദ്രോഹത്തിന്റെ പേരില്‍ വേട്ടയാടുകയും ജയിലഴികള്‍ക്കുള്ളില്‍ ആക്കുകയും ചെയ്യുന്നു.

ജനുവരി 26- ലെ കുഴപ്പങ്ങള്‍ക്ക് ഉത്തരവാദികള്‍ ആയവരെ പിടിക്കുന്നതിനു പകരം കര്‍ഷക നേതാക്കന്മാര്‍ ഉള്‍പ്പെടെ സമരത്തെ അടിച്ചമര്‍ത്താന്‍ ആരെയൊക്കെ അകത്താക്കണമോ അവരെയെല്ലാം പ്രതികളാക്കി കേസെടുക്കുന്നു. ആകെക്കൂടി ചോര വാര്‍ന്ന ഒരു വാക്ക് മാത്രമായി ‘ജനാധിപത്യം’.

കര്‍ഷക നിയമങ്ങളെ പാര്‍ലമെന്റിനുള്ളിലേക്ക് ഇടിച്ചു കയറ്റി. പാര്‍ലമെന്ററി മര്യാദകളെയും കീഴ്വഴക്കങ്ങളെയും പുച്ഛിച്ചു തള്ളി. മന്ദതയും മരവിപ്പും ഗ്രസിച്ച ജനാധിപത്യ മുറകളും സംവിധാനങ്ങളും വെറും നോക്കുകുത്തികളായി. എന്നാല്‍ മോദി സര്‍ക്കാരിന്റെ ഭരണകൂട ഭീകരത കര്‍ഷക സമരത്തെ ചോരയില്‍ മുക്കി ശ്വാസം മുട്ടിച്ചു വക വരുത്തിയാലും അത് ഒരു മറുശബ്ദവും പുതു ത്രസിപ്പും തന്നെയെന്ന് തോന്നിപ്പിച്ചു കൊണ്ടിരിക്കും.

കര്‍ഷക നിയമങ്ങളെ കയറ്റിയത് എങ്ങനെയോ അമ്മാതിരി തിരിച്ചിറക്കണമെന്ന ഒരു മറു ശബ്ദം സമരക്കാര്‍ തമ്പടിച്ചിരിക്കുന്നിടത്ത് മാത്രമല്ല ഇന്ത്യയെങ്ങും അലയടിക്കുന്നു. പക്ഷേ ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എന്തെങ്കിലും മയം കാണിക്കുമെന്ന് വിചാരിക്കാന്‍ ഒരു ന്യായവും കാണുന്നുമില്ല.

തെരുവുകളെ പാര്‍പ്പാക്കി സമരം രണ്ടരമാസം പിന്നിടുമ്പോള്‍ 11 വട്ട ചര്‍ച്ച കഴിഞ്ഞു. ശരീരങ്ങളെ കോച്ചി വലിക്കുന്ന ശൈത്യം. ദൈനംദിന കൃത്യങ്ങള്‍ക്കും ശുദ്ധ വൃത്തിക്കും ഉള്ള താല്‍ക്കാലിക സംവിധാനങ്ങള്‍. അത്യാവശ്യം പാചക ക്രമീകരണങ്ങളും കഴിക്കാനുള്ള ഭക്ഷണവും. സ്ത്രീകളും വൃദ്ധരും അടങ്ങുന്ന വലിയ ജനസഞ്ചയം. അതിനോട് ശത്രുതാപരമായി കലഹിക്കുന്ന പ്രകൃതിയും ഭൗതിക അന്തരീക്ഷവും ഒപ്പം പോലീസ് അര്‍ദ്ധസൈനിക- സൈനിക വിഭാഗങ്ങള്‍ ജല പീരങ്കികളും കണ്ണീര്‍ വാതകങ്ങളും നിറതോക്കുകളുമായി ആയുധ സജ്ജരായി അവരെ നേരിട്ടതും ഇപ്പോള്‍ വലയം ചെയ്തിരിക്കുന്നതും.

കോവിഡ് മഹാമാരിയും തരാതരം ആള്‍ അനുസരിച്ച് ശരീര ക്ലേശങ്ങളും രോഗങ്ങളും. ഒരു സിഖ് പുരോഹിതന്റെയും ഒരു അഡ്വക്കേറ്റിന്റെയും ആത്മാഹൂതി ഉള്‍പ്പെടെ ഇരുന്നൂറോളം പേരുടെ രക്തസാക്ഷിത്വം ഒക്കെ ചേര്‍ത്തുവച്ചാല്‍ സമരഭൂമിക നൊമ്പര സാന്ദ്രമാണ്. എന്നാല്‍ വിങ്ങുന്ന ഹൃദയങ്ങള്‍ക്കും നൊമ്പരം പേറുന്ന കണ്ണുകള്‍ക്കും ഉള്ളിലൊരു തിളക്കമുണ്ട്. മുദ്രാവാക്യങ്ങളും പാട്ടും സംഗീതവും നാടകാവതരണങ്ങളും കലാപ്രകടനങ്ങളും കൊണ്ട് ജനശക്തിയെ ഉത്സവഭരിതമാക്കുന്നു.

ദശലക്ഷങ്ങളെ പേറുന്ന ലക്ഷങ്ങളോളം ട്രക്കുകളും ട്രാക്ടറുകളും എല്ലാം ദില്ലിയിലേക്കുള്ള മഹാതെരുവുകളെ (സിങ്കു, തിക്രി, ഷാജഹാന്‍പൂര്‍, ചില്ല, കാശിപൂര്‍) കീഴടക്കി ഇന്ത്യാചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലോങ്ങ് മാര്‍ച്ചായി അടയാളപെടുത്തി. ഇതൊരു വലിയ അങ്കതട്ടായി മാറിയിരിക്കുന്നുവെന്നും മരവിപ്പ് മാറി ജനാധിപത്യം ഇന്ത്യയില്‍ സടകുടഞ്ഞ് എഴുന്നേല്‍ക്കുന്നുവെന്നും തോന്നിപ്പിച്ച രണ്ടര മാസങ്ങള്‍.

തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യാന്‍ അവസരം നല്‍കാതെ പാസാക്കി എടുത്ത മൂന്നു നിയമങ്ങള്‍ സമര നേതാക്കന്മാരോട് കമ്പോട് കമ്പ് ചര്‍ച്ച ചെയ്യാമെന്ന് സമ്മതിക്കുന്നു. ആവശ്യങ്ങള്‍ പലതും അംഗീകരിക്കുന്നു. ഒന്നരവര്‍ഷം വരെ മൂന്നു നിയമങ്ങളെയും, നടപ്പാക്കാതെ, മരവിപ്പിക്കാമെന്നും സമ്മതിച്ചു. ഭിന്നിപ്പിക്കലിന്റെയും ബല പ്രയോഗത്തിന്റെയും മാത്രം ഭാഷ കൈമുതലായുള്ള ബി.ജെ.പി സര്‍ക്കാരിന്റെ വാക്കുകളെ മുഖവിലക്കെടുക്കാന്‍ കൃഷിക്കാര്‍ കൂട്ടാക്കിയില്ല. എല്ലാറ്റിലും ഒരു കെണിയോ കുതന്ത്രമോ ഒളിഞ്ഞിരിക്കുന്നതായി ആപത്ച്ഛങ്കയോടെ അതിനെ വീക്ഷിച്ചു. നിയമങ്ങള്‍ റദ്ദാക്കുന്നതില്‍ കുറഞ്ഞൊന്നും തങ്ങള്‍ക്ക് സ്വീകാര്യമായിരുന്നില്ല.

കര്‍ഷകര്‍ക്ക് ജയിച്ചേ മതിയാവൂ. ജയിച്ചില്ലെങ്കില്‍ ജീവിതമില്ല. മറുവശത്ത് ജനുവരി 26, സമര നേതൃത്വം ആഗ്രഹിക്കാത്ത വിധം ഒരു തീക്കളിയായി. റിപ്പബ്ലിക് ദിനം- ജനഭരണത്തിന്റെ മഹത്തായ പ്രതീകാത്മക ദിവസമാണ്. ഒരു ട്രാക്ടര്‍ പരേഡിന്ററെ പേരില്‍, ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാര്‍ അതിന്റെ ആധികാരികതയും സാധുകരണവും ചോദ്യം ചെയ്യപ്പെടാതിരിക്കാന്‍, ദില്ലിയുടെ പുറം റിങ് റോഡിന്റെ മേല്‍ തങ്ങളുടെ വാഹനങ്ങളുമായി നില ഉറപ്പിക്കാന്‍ സമ്മതിക്കില്ല.

എന്നാല്‍ ജെ.എന്‍.യുവിലും ഷഹീന്‍ ബാഗിലും എങ്ങനെ സമരക്കാരെ നേരിട്ടുവോ അവയുടെ മറ്റൊരു പതിപ്പിലൂടെ കര്‍ഷകരെ അമര്‍ച്ച ചെയ്തു വകവരുത്താന്‍ പഴുതുകള്‍ വീണു കിട്ടും എന്ന പ്രതീക്ഷയില്‍ പരേഡിന് അനുമതി നല്‍കി. അത് സംഭവിച്ചു. രണ്ടു മാസത്തെ യാതനാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍, പലതരം ആശയ പ്രകൃതങ്ങള്‍ ഉള്ള, സമരം ചെയ്യുന്ന ചെറുപ്പക്കാരുടെ കുമിഞ്ഞുകൂടിയ രോഷത്തെ തണുപ്പിച്ച് നിര്‍ത്തി പരേഡിനെ ചിട്ട ചെയ്യുവാന്‍, നേതൃത്വത്തിന് പരിമിതികളുണ്ടല്ലോ.

പോരെങ്കില്‍ രാജ്യത്തിന്റെ തലപ്പത്ത് ഇരിക്കുന്നവര്‍ എന്തും വിലയ്‌ക്കെടുക്കുന്നതില്‍ നൈപുണ്യം കാണിച്ചിട്ടുള്ളവരാണല്ലോ. ലക്ഷങ്ങള്‍ പങ്കെടുക്കുന്ന റാലിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്ക് വിപരീതമായി ചിലരെ വിലയ്‌ക്കെടുത്തു കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയോ അതിന്റെ വഴി തിരിച്ചു വിടുകയോ ചെയ്യുന്നതിലും അത്ഭുതമില്ല. അതിന്റെ ഒരു ചരിത്രം അവര്‍ക്കുണ്ടല്ലോ.

ജനുവരി 26-ലെ അക്രമങ്ങള്‍ മറയാക്കി സര്‍ക്കാര്‍ ആദ്യം ചെയ്തത് കാശിപൂര്‍ സമര കേന്ദ്രത്തില്‍ നിന്ന് സമരക്കാരെ ഒഴിപ്പിക്കുവാന്‍ നടത്തിയ ശ്രമമായിരുന്നു. വലിയ പോലീസ്- സൈനിക സന്നാഹങ്ങളെ, ബി.ജെ.പി ഗുണ്ടകളുടെ അകമ്പടിയോടെ, അണിനിരത്തി കര്‍ഷകരെ തല്ലി ചതച്ച് പാഠം പഠിപ്പിക്കാന്‍ സമരഭൂമിയില്‍ നിലയുറപ്പിച്ചിരുന്നു.

എന്നാല്‍ രാകേഷ് തിക്കായത്ത് എന്ന നേതാവിന്റെ കണ്ണീരിറ്റുന്ന പ്രതിരോധ ശബ്ദങ്ങള്‍ നിലവിളിയായി യു.പി ഹരിയാന ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ കൃഷിക്കാരുടെ, ഹൃദയം കവര്‍ന്നു, കണ്ണു തുറപ്പിച്ചു. സമരമുഖത്തേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തി. സമരമുഖത്ത് പെയ്തിറങ്ങാമായിരുന്ന മരണത്തിന്റെ കാര്‍മേഘങ്ങളെ ജനശക്തിയുടെ കാറ്റ് ഊതി അകറ്റി.

യോഗി സര്‍ക്കാരിന്റെ ഒഴിപ്പിക്കല്‍ പരിപാടി തല്‍ക്കാലം അവസാനിപ്പിക്കേണ്ടിവന്നു. പൊലീസ് സേനാ വിഭാഗങ്ങള്‍ അതോടെ പിന്മാറി. എന്നാല്‍ പിറ്റേ ദിവസം സിങ്കു അതിര്‍ത്തിയില്‍ നാട്ടുകാരുടെ വേഷത്തില്‍ ബി.ജെ.പി കൂലി പട്ടാളം ആക്രമണം അഴിച്ചുവിട്ടു.

കൃഷിക്കാര്‍ തമ്പടിച്ചിരിക്കുന്ന ഓരോ സമരമുഖത്തും വെള്ളവും വെളിച്ചവും ഇന്റര്‍നെറ്റ് സംവിധാനങ്ങളും വിച്ഛേദിച്ചും നേതാക്കന്മാരെ കള്ളക്കേസില്‍ പെടുത്തിയും കുറ്റക്കാരെന്ന പേരില്‍ ജയിലിലടച്ചും സമരത്തെ ആകും വിധം തകര്‍ക്കാന്‍ നോക്കുന്നു. മാത്രമല്ല, സമരക്കാരുടെ അടുത്തേക്ക് കൂടുതല്‍ ആളുകള്‍ എത്താതിരിക്കാനും സമരക്കാര്‍ പുറത്തേക്ക് പോകാതിരിക്കാനും സിമന്റില്‍ തറച്ച കുന്തമുനകളെ കൊണ്ടുള്ള ബാരിക്കേഡുകളും പോലീസ്- സൈനിക ശാക്തീകരണവും ഒപ്പം ശത്രുക്കളോട് എന്നവണ്ണം (രാജ്യദ്രോഹികളും ഖലിസ്ഥാനികളും) പേരുവിളികളും ഒക്കെ ചേര്‍ത്തുവച്ചാല്‍ കടന്നുവരുന്നത് ജാലിയന്‍വാലാബാഗിന്റെയോ ടിയാനെന്‍മെന്‍ സ്‌ക്വയറിന്റെയോ കരിമണമാണ്.

ഇവിടെ മൂന്നു കാര്യങ്ങള്‍ പ്രത്യേകം എടുത്ത് പരാമര്‍ശിക്കേണ്ടതുണ്ട്.

ഒന്ന്. രാഷ്ട്രീയത്തില്‍ ‘വിശ്വാസത്തിന്റെ’ സ്ഥാനം.

ചുവപ്പു കോട്ടയില്‍ ഇടിച്ചുകയറി സിഖ് മതത്തിന്റെ കൊടി ഉയര്‍ത്തി കെട്ടിയത് പലവിധ വ്യാഖ്യാനങ്ങള്‍ക്കും വിശദീകരണങ്ങള്‍ക്കും ഇട നല്‍കി. ജാതി മത ദേശ ഭേദമെന്യേ ഏതാണ്ട് അഞ്ഞൂറോളം കര്‍ഷക സംഘടനകള്‍ ഐക്യപ്പെട്ട, രണ്ടുമാസം മാതൃകാപരമായി സമരം ചെയ്ത, കര്‍ഷകര്‍ക്കാര്‍ക്കും തന്നെ സിഖ് മതത്തിന്റെ കൊടി ചുവപ്പ് കോട്ടയില്‍ ഉയര്‍ത്താന്‍ തോന്നുകയില്ല.

അങ്ങനെ ചെയ്താല്‍ അത് തികച്ചും ആത്മഹത്യാപരം മാത്രമായിരിക്കും. സമര നേതാക്കന്മാര്‍ ആ നിലയ്ക്ക് സങ്കുചിതമായി ചിന്തിക്കുന്നവരും അല്ല. അങ്ങനെയൊന്നു ചെയ്താല്‍ സാമാന്യബുദ്ധിയുള്ള ഏതൊരാള്‍ക്കും ബോധ്യപ്പെടുന്നതാണ് അത് തങ്ങള്‍ക്ക് ദോഷമായി ഭവിക്കും എന്ന്. പിന്നെ എങ്ങനെ അവിടെ അത് സംഭവിച്ചു. അതിന്റെ പിന്നിലെ ഗൂഢാലോചനയും ആസൂത്രണവും ആരെന്ന് കണ്ടു പിടിക്കാന്‍ അതിന്റെ ഗുണഭോക്താക്കളെ കണ്ടെത്തുകയാണ് എളുപ്പം. സമരത്തിന്റെ തുടക്കം മുതലേ ഖലിസ്ഥാന്‍ വാദികള്‍ രാജ്യദ്രോഹികള്‍ ഭീകരവാദികള്‍ എന്നൊക്കെയുള്ള വിളിപ്പേര് ഇട്ട് ഒറ്റപ്പെടുത്താന്‍ നോക്കി. റിപ്പബ്ലിക് ദിനത്തിലെ സിഖ് കൊടി അതിന്റെ തുടര്‍ച്ച മാത്രം.

സിഖ് മതവിശ്വാത്തിന്റെ സകല ആത്മബലവും ആത്മീയ ചൈതന്യവും ഈ സമരത്തിന്റെ പെരുംകരുത്തായിരുന്നു. പക്ഷേ ചുവപ്പു കോട്ടയില്‍ കൊണ്ട് കൊടി നാട്ടുന്നത് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. പക്വതയുള്ള സിഖ് നേതാക്കളുടെ ചുമലില്‍ അതിന്റെ ഉത്തരവാദിത്വം കെട്ടി വെക്കേണ്ടതില്ല.

ഏതു മതത്തിലും ഉള്ളതുപോലെ ഇവിടെയും മതചിഹ്നങ്ങളെ ഈശ്വരനിലേക്ക് ഉള്ള ചൂണ്ടു പലക എന്നതില്‍ ഉപരി ചിഹ്നം തന്നെ ദൈവമാണെന്നു കരുതി കൊടി കൊണ്ടു കെട്ടാം. അതായത് ഉപരിപ്ലവമായ വിശ്വാസമുള്ളവര്‍ക്ക് ചിഹ്നങ്ങളും അനുഷ്ഠാനങ്ങളും ഒക്കെ തന്നെയാണ് ദൈവം.

ഖലിസ്ഥാന്‍ വാദത്തിലേക്കും ഭീകര പ്രവര്‍ത്തനങ്ങളിലേക്കും നയിക്കപ്പെടുന്നത് അങ്ങനെയുള്ള തീവ്രമതവാദികളാണ്. ഏത് വിശ്വാസവും സംഘടിത മതരൂപം കൈക്കൊള്ളുമ്പോള്‍ അവയുടെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും നിക്ഷിപ്ത താല്‍പര്യക്കാര്‍ അപ്പോസ്തല വേഷത്തില്‍ പ്രത്യക്ഷപ്പെടും.

എന്നാല്‍ ചിഹ്നങ്ങളും അനുഷ്ഠാനങ്ങളും കാലത്തിന്, സന്ദര്‍ഭത്തിന്, അനുസരിച്ച് രൂപഭേദം വരുത്തുകയും പുതിയ അര്‍ത്ഥങ്ങള്‍ നല്‍കുകയും ചെയ്യുന്നവര്‍ ആഴത്തിലുള്ള വിശ്വാസത്തിന്റെ ഉടമകളായിരിക്കും. അങ്ങനെ ഉള്ളവരെയാണ് സമര നേതൃത്വത്തില്‍ നമ്മള്‍ കണ്ടതും. അവര്‍ വിശ്വാസത്തിന്റെ ഭാഗമായ പല ആചാരങ്ങളും സമരത്തിന്റെ നിലനില്‍പ്പിന് ഉപാധികള്‍ ആക്കിയിട്ടുണ്ട്. ഇതില്‍ ഏറ്റവും പ്രധാനം ലങ്കാറുകള്‍ ആണ്.

ഏതാണ്ട് 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുരുനാനാക്ക് സ്ഥാപിച്ച ഈ സംവിധാനം ത്യാഗത്തിന്റെയും സേവനത്തിന്റെയും വിശ്വാസാനുഷ്ഠാനത്തിലാണ് നിലകൊള്ളുന്നത്. ഇതു സംബന്ധിച്ച് ഒരു കഥ ഉണ്ട്. 500 വര്‍ഷങ്ങള്‍ക്കു മുന്‍പ് ബാലനായ നാനാക്കിന് ബിസിനസുകാരനായ സ്വന്തം പിതാവ് കച്ചവടപരിശീലനത്തിന് പത്തുരൂപ അല്ലെങ്കില്‍ അന്നത്തെ നാണയം കൊടുത്തിട്ട് പറഞ്ഞു ഒരു നല്ല കച്ചവടത്തിലൂടെ ആ പണം വര്‍ദ്ധിപ്പിച്ചു കാണിക്കണമെന്ന്.

ബാലന്‍ ആ പത്തു രൂപ കയ്യില്‍ വെച്ച് മാര്‍ക്കറ്റില്‍ പോയി എന്തുചെയ്യണമെന്നറിയാതെ അവസാനം ആ പണംകൊണ്ട് കുറെ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ വാങ്ങി വീട്ടില്‍ വന്ന് പാചകം ചെയ്തു അനേകര്‍ക്ക് വിളമ്പിക്കൊടുത്തു. 10 സിക്കുകാര്‍ ഉല്ലാസ യാത്രയ്‌ക്കോ തീര്‍ഥാടനത്തിനോ പുറപ്പെട്ടാല്‍ അവര്‍ക്കൊപ്പം ലങ്കറുകള്‍ക്കുള്ള വിഭവങ്ങള്‍ കാണും. 10 പേര്‍ക്കുള്ളതല്ല 40 പേര്‍ക്കുള്ള വിഭവങ്ങള്‍ കരുതുന്നു.

തങ്ങള്‍ക്ക് ഒരു പരിചയവും ഇല്ലാത്ത വേറെ 30 പേരെ ജാതി വംശ മത ഭേദമെന്ന്യേ വിളിച്ചു കൂടെയിരുത്തി ഭക്ഷണം പാചകം ചെയ്തു വിളമ്പി കൊടുക്കുകയാണ്. അവരെ സംബന്ധിച്ച് ഭാരതത്തിന്റെ ഭക്ഷ്യസുരക്ഷയുടെ ഭാഗമായ പൊതുവിതരണ സമ്പ്രദായം ഒരുതരം വിശാലമായ സര്‍ക്കാര്‍ ലങ്കറുകള്‍ ആണ്.

എഫ്.സി.ഐ ഗോഡൗണുകളില്‍ ശേഖരിക്കപ്പെടുന്ന ധാന്യങ്ങളുടെ മുന്തിയ പങ്കും അവരുടെ അധ്വാനഫലമാണല്ലോ. സ്വന്തം വിശപ്പ് ഭൗതിക പ്രശ്‌നമാണെങ്കില്‍ മറ്റുള്ളവരുടെ വിശപ്പ് ആത്മീയ പ്രശ്‌നമാണ്. അതുകൊണ്ടാണ് അത് ആദ്യം പരിഹരിക്കേണ്ടത്. അത് വിശ്വാസത്തിന്റെ പ്രശ്‌നമാണ്. കര്‍ഷക സമരം കര്‍ഷകരുടേതായി കണ്ടാല്‍ പോര മനുഷ്യത്വത്തിന്റേതായി കാണണമെന്ന് സമരപ്പന്തലിലെ സ്ത്രീകളെക്കൊണ്ട് പറയിപ്പിച്ചത് ആഴത്തിലുള്ള അവരുടെ ആ വിശ്വാസമാണ്. മോദി സേന വെടി വെച്ചാല്‍ ആദ്യം ആര് കൊള്ളണമെന്ന് ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ചെറുപ്പക്കാരെ കൊണ്ട് പറയിപ്പിച്ചത് അവരുടെ വിശ്വാസതീക്ഷ്ണതയില്‍ നിന്നാണ്.

ഈ ലങ്കറുകളാണ് രണ്ടര മാസത്തിലധികം കൃഷിക്കാരെ മനുഷ്യപ്പറ്റോടെ സമരമുഖത്ത് നിര്‍ത്തിയതും ആരെയും ചേര്‍ത്തുപിടിക്കുന്ന സ്‌നേഹോഷ്മള ഭാവങ്ങളുടെ ഉറവിടമായി മാറിയതും വൈവിധ്യങ്ങളും വൈജാത്യങ്ങളും എത്ര വലുതാണെങ്കിലും അവയെ മറികടക്കാന്‍ കഴിയുമെന്ന് തെളിയിച്ചതും.

കഠിനാധ്വാനവും പോരാട്ടവീര്യവും സാംസ്‌കാരിക പാരമ്പര്യവും ഗുരുദ്വാരകള്‍ കേന്ദ്രീകരിച്ചുള്ള ഏകോപനങ്ങളും ഈ സമരത്തിന് ശക്തി ആയെങ്കില്‍ അതിന്റെ പിന്നില്‍ അഞ്ചു നൂറ്റാണ്ടിന്റെ ദൈവിക വിശ്വാസത്തിന്റെ ജീവന്‍ തുടിക്കുന്ന ലങ്കറുകള്‍ പോലെ ഉള്ള അനുഷ്ഠാനങ്ങള്‍ക്ക് ഒരു പങ്കുണ്ട്. ലങ്കറുകള്‍ ഏറ്റവും മതേതരമായ ‘മതാ’നുഷ്ഠാനം ആണ്. ഒരു മതാനുഷ്ഠാനത്തെ അതേപടി സമരത്തിന്റെ ഇന്ധനമായി മാറ്റുക. ഇതര മതങ്ങള്‍ക്ക് മാതൃകയാക്കാവുന്ന ഒരനുഷ്ഠാനമാണ് ലങ്കറുകള്‍.

ഇതിനോട് ചേര്‍ത്തു വെയ്ക്കാവുന്ന മറ്റൊരു മത അനുഭവം ക്രിസ്തുവിന്റെ അന്ത്യ അത്താഴം ആണ്. തന്റെ ഓര്‍മയ്ക്കായി ഭക്ഷണം പങ്കിടലിനെ ശിഷ്യന്മാര്‍ക്ക് ഒരു കല്പനയായി നല്‍കി. തന്റെ രാജ്യത്തിന്റെ ആധാരവും ഈ ഭക്ഷണം പങ്കിടലാണ്. പക്ഷേ ക്രിസ്തുമത ശക്തികള്‍ അതിനെ ജീവിത സമരത്തില്‍ നിന്നും അടര്‍ത്തി മാറ്റി വെറും മതാനുഷ്ഠാനം ആക്കി എന്നതും വസ്തുത.

സിഖു വിശ്വാസികള്‍ ലങ്കറുകള്‍ വഴി ജീവിതത്തെ തന്നെ അനുഷ്ഠാനം ആക്കി. മുഖ്യധാര സിഖുകാര്‍ക്ക് ‘ഇന്ത്യ’ എന്ന ഏകകം തന്നെ ഇന്ന് അനുഷ്ഠാനപരമാണ്. രാജ്യത്തിന്റെ പ്രധാന മന്ത്രി, പ്രസിഡന്റ് എന്നീ ഉന്നത പദവികള്‍ ഉള്‍പ്പെടെ മിക്ക സ്ഥാനങ്ങളും അലങ്കരിക്കുകയും എന്നുവേണ്ട രാജ്യത്തെ കാവല്‍ ഭടന്‍മാരില്‍ നാലില്‍ ഒരാള്‍ പഞ്ചാബികളോ ഹരിയാനികളോ (ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലെ പഞ്ചാബിന്റെ ഭാഗമായിരുന്നു ഹരിയാനയും) ആണെന്നതും ഓര്‍ക്കുക.

യുദ്ധത്തില്‍ രക്തസാക്ഷികള്‍ ആയവരില്‍ മൂന്നില്‍ ഒന്നും അവര്‍ തന്നെ. മുഗള്‍ ചക്രവര്‍ത്തിമാരോട് ഏറ്റുമുട്ടി ദില്ലിയില്‍ അന്നത്തെ ഇന്ത്യാ ഗേറ്റിന്റെ അഗ്രത്ത് കൊടി നാട്ടി വീരേതിഹാസം രചിച്ചിട്ടുണ്ട്. എന്നാല്‍ സ്വതന്ത്ര ഇന്ത്യയില്‍ ഖലിസ്ഥാന്‍ വാദം ഉയര്‍ത്തിയ ഒരു കൂട്ടത്തിന്റെ കളങ്കിത ഏട് അതില്‍ ഉണ്ടെന്നതും ചരിത്ര വസ്തുത.

മുസ്‌ലിങ്ങള്‍ക്ക് പാകിസ്ഥാനും ഹിന്ദുക്കള്‍ക്ക് ഇന്ത്യയും കിട്ടി, പക്ഷേ സിഖുകാര്‍ക്ക് എന്ത് കിട്ടി എന്ന് ഇന്ത്യാ വിഭജന കാലത്ത് ചോദ്യം ഉയര്‍ന്നിരുന്നു. അത്തരം വികാരങ്ങള്‍ കനത്തു മൂത്തതാണ് ഖലിസ്ഥാന്‍ തീവ്രവാദത്തിലും ഇന്ദിരാഗാന്ധിയുടെ വധത്തിലും എത്തിച്ചേര്‍ന്നത്. ഈശ്വരവിശ്വാസം സങ്കുചിത ദേശീയതയ്ക്കും അപര വിദ്വേഷത്തിനും ഉപയോഗപ്പെടുത്താം എന്നതാണ് ഖാലിസ്ഥാന്‍ വാദം.

ഇക്കഴിഞ്ഞ രണ്ടര മാസമായി 150 പേരാണ് സമരഭൂമിയില്‍ മരണപ്പെട്ടത്. ഓരോരുത്തരും കൊഴിഞ്ഞു വീഴുമ്പോള്‍ പോരാട്ടവീര്യം ചോരാതെ അവിടെ നില നില്‍ക്കുവാന്‍ മറ്റുള്ളവര്‍ക്ക് എങ്ങനെ സാധിക്കുന്നു എന്നത് വെറും രാഷ്ട്രമീമാംസ പ്രശ്‌നമല്ല. അവരുടെ ഉള്ളിലെ ദൈവബോധമോ ആത്യന്തിക ജീവത് സത്യത്തെക്കുറിച്ചുള്ള ആത്മബോധമോ അനിവാര്യമാണ്.

പെട്ടെന്ന് ഏറ്റുമുട്ടി വിജയിക്കുവാന്‍ കഴിയില്ലെന്ന് മാത്രമല്ല, ഒരു മാരത്തണ്‍ യുദ്ധമുഖത്ത് ചോര്‍ന്നുപോകാത്ത ഉള്‍ക്കരുത്തായി നിലയുറപ്പിച്ചവര്‍. ജീവന്റെയും മരണത്തിന്റെയും വെളുമ്പുകള്‍ അന്യോന്യം പുണര്‍ന്ന് നില്‍ക്കുന്ന അങ്കത്തട്ടാണ് അവരുടെ നെഞ്ചകങ്ങള്‍. അവിടെത്തന്നെ പിടഞ്ഞുവീണോ ആശുപത്രിയിലേക്കെടുക്കപ്പെട്ട് മരണപ്പെടുന്നവരോ മാത്രമല്ല നാട്ടിലോ വെളിനാട്ടിലോ മക്കളും സഹോദരങ്ങളും മരണപ്പെടുമ്പോഴും ബോഡി വാങ്ങാന്‍ കൂട്ടാക്കാതെ അന്ത്യ ശുശ്രൂഷകള്‍ മറ്റുള്ളവരെ ഏല്‍പ്പിച്ച് സമരമുഖത്ത് നിലയുറപ്പിക്കുന്നവരും ഉണ്ട്. സ്വന്തം മകന്റെ ബോഡി ഏറ്റുവാങ്ങാന്‍ കൂട്ടാക്കാതിരുന്ന ഒരു പിതാവാണ് പവര്‍വീന്ദര്‍സിംഗ്. അദ്ദേഹത്തിന്റെ വാക്കുകള്‍ നമ്മുടെ നെഞ്ചില്‍ ഉടക്കി കൊണ്ടേയിരിക്കും.

‘എന്റെ മകനോട് രണ്ടുമാസം മുമ്പ് ഞാന്‍ ദുബായിക്ക് വിളിച്ചു പറഞ്ഞതാണ് അവന്റെ അമ്മയെയും കൂട്ടി വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ തിരികെ ചെല്ലാന്‍ പറ്റുമോ എന്നറിയില്ല. ഞങ്ങള്‍ കൃഷിക്കാര്‍ മണ്ണില്‍ പണിയെടുക്കുന്നവര്‍, മുന്നോട്ടുവെച്ച കാലുകള്‍ മുന്നോട്ടു തന്നെ.’

ഈ നിശ്ചയദാര്‍ഢ്യം ആദിമ ക്രിസ്ത്യാനികള്‍ക്കും ഉണ്ടായിരുന്നു. തന്റെ ജീവനെ കളയുന്നവന്‍ അതിനെ നേടുന്നു എന്ന ക്രിസ്തുവിന്റെ വാക്ക് ഈ അവസരത്തില്‍ ഓര്‍ത്തുപോകുന്നു. സ്വന്തം ജീവനേക്കാളും പ്രിയമുള്ള മകന്റെ ജീവനെക്കാളും മുല്യവത്തായ ഒന്നിനെ – അഹം മുക്തി, വീണ്ടും ജനനം, ഈശ്വര പ്രാപ്തി, എന്നൊക്കെ മതങ്ങളുടെ ഭാഷയില്‍- നെഞ്ചിലേറ്റിയ ഒരുവന്റെ വാക്കുകളാണ് പവര്‍വീന്ദര്‍ സിംഗിന്റേത്.

രാഷ്ട്രീയമായി ഇന്ത്യ- ഖലിസ്ഥാന്‍ വികാരങ്ങള്‍ക്കതീതമായ ഒരു ബിന്ദുവിലാണ് തന്റെ വിശ്വാസം നങ്കൂരമിട്ടിരിക്കുന്നത്. സമരപന്തല്‍ ഒരുവന്റെ ആയിതീരലന്റെ(becoming) പ്രതലമാണ്; സ്വയം എറിഞ്ഞിട്ട് പുതുതാക്കി തിരികെ പിടിക്കുന്ന എന്തോ അതിലുണ്ട്. ക്രിസ്തീയ ഭാഷയില്‍ പറഞ്ഞാല്‍ ദൈവ രാജ്യത്തിന്റെ അടയാളപ്പെടുത്തലതിലുണ്ട്.

നന്മതിന്മകള്‍ കറുപ്പും വെളുപ്പും പോലെ ജീവിതത്തില്‍ പ്രത്യേകിച്ചും ജീവിതസമരത്തില്‍ വേര്‍തിരിഞ്ഞ് കിട്ടുകയില്ല. ദൈവിക-മാനുഷിക മൂല്യങ്ങളില്‍ അന്ത:സ്ഥിതമായിരിക്കുന്ന വിശ്വാസിയുടെ ഉള്‍വിളി മാത്രമാണ് ആധാരം. പര്‍വീന്ദര്‍ സിംഗിന്റെ ഉള്‍വിളി അല്ല സിഖ് കൊടി കെട്ടിയ ദീപ് സിദ്ധുവിന്റേത്.

ഗാന്ധിജിക്ക് വെടി കൊള്ളുന്നതിന് മൂന്നുമാസം മുമ്പാണ് സ്വയം തിരുത്തി കൊണ്ട് പറഞ്ഞത് ‘അധികാരം എന്റെ കയ്യില്‍ കിട്ടിയാല്‍ ആദ്യം ചെയ്യുന്നത് മതത്തെയും രാഷ്ട്രീയത്തെയും വേര്‍തിരിക്കല്‍ ആയിരിക്കും’ എന്ന്. ജീവിതകാലം മുഴുവന്‍ മതം ഇല്ലാത്ത രാഷ്ട്രീയം അധാര്‍മികം ആണെന്ന് പറഞ്ഞുകൊണ്ടിരുന്ന ആളിന് വിഭജന കാലത്തെ ചോരപ്പുഴ തന്റെ നിലപാടിനെ തിരുത്തുന്നതിന് കാരണമായി.

യഥാര്‍ത്ഥത്തില്‍ ഗാന്ധിജി സ്പഷ്ടമാക്കിയത് തന്റെ വിശ്വാസത്തെ മതത്തിന് തീറെഴുതി കൊടുക്കില്ലെന്നതാണ്. തന്റെ ബോധ്യത്തില്‍ ഒരു നല്ല ഹിന്ദു ക്രിസ്ത്യാനിയും ഇസ്‌ലാമും ഒക്കെ ആയിരിക്കും. യു.പിയിലെ മുസഫര്‍നഗറില്‍ സംഘപരിവാര്‍ ശക്തികള്‍ക്ക് ഹിന്ദു മുസ്ലിം വേര്‍തിരിവ് ഉണ്ടാക്കാന്‍ കഴിഞ്ഞപ്പോള്‍ കര്‍ഷക സമരത്തിന് മഹാ പഞ്ചായത്തുകള്‍ വഴി മതങ്ങളെ ഏകോപിപ്പിക്കുന്നതിന് സാധിച്ചു.

ഹരിയാനയിലെ ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് സംവിധാനം വിച്ഛേദിച്ച് ഗ്രാമങ്ങളിലെ സ്വജനങ്ങളില്‍ നിന്ന് സമരരംഗത്തുള്ളവരെ അകറ്റുന്നതിന് ഖട്ടര്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ ഗുരുദ്വാരകളും പള്ളികളും അമ്പലങ്ങളും കര്‍ഷകരുടെ സമ്പര്‍ക്കങ്ങള്‍ക്കും ആശയ വിനിമയങ്ങള്‍ക്കും ആവശ്യമായ ശൃംഖലകള്‍ ഒരുക്കുകയാണ് ഉണ്ടായത്.

അവിടെ കാണുന്നത് വിശ്വാസികളുടെ നിലനില്‍പ്പ് രാഷ്ട്രീയത്തിന് മത നേതൃത്വങ്ങള്‍ വഴങ്ങി കൊടുക്കുന്നതാണ്. പലപ്പോഴും, മത നേതൃത്വങ്ങള്‍ക്ക് ജനങ്ങള്‍ അടിമകള്‍ ആയിരിക്കുന്നതാണ് സാധാരണ നമ്മള്‍ കാണാറ്. വിശ്വാസവുമായി ബന്ധപ്പെട്ടു പറയാനുള്ള ഒരു കാര്യം, വിശ്വാസത്തില്‍ നിന്നും മതത്തെ വേറിട്ട് കാണണം.

വിശ്വാസം മതത്തിന് അഥവാ മത ശക്തികള്‍ക്ക് തീറെഴുതി കൊടുക്കാന്‍ ഉള്ളതല്ല. അതുപോലെ രാഷ്ട്രീയത്തില്‍ നിന്ന് ഒരിക്കലും വിശ്വാസത്തെ (faith) മാറ്റിനിര്‍ത്താന്‍ കഴിയില്ല. എന്നാല്‍ മതത്തെ മാറ്റി നിര്‍ത്തുകയും വേണം. ആചാര അനുഷ്ഠാനങ്ങളുടെ രാഷ്ട്രീയ പ്രകൃതം വിചാരണ ചെയ്യപ്പെടേണ്ടത് കാല- സന്ദര്‍ഭ രാഷ്ട്രീയ വ്യവഹാരങ്ങള്‍ക്ക് ഉള്ളിലാണ്.

ലങ്കറുകള്‍ കര്‍ഷക സമര വേദികളിലാണ് മാറ്റുരയ്ക്കപ്പെട്ടതും സ്വീകരിക്കപ്പെട്ടതും. സാര്‍വ്വ കാലികമായി ആചാരാനുഷ്ഠാനങ്ങളെ തലയിലേറ്റുന്ന മത ശക്തികളും കാലം മാറുന്നതനുസരിച്ച് അവയെ ഉപേക്ഷിക്കാറുണ്ട്. വിശ്വാസവും മതവും തമ്മിലുള്ള സമവാക്യങ്ങള്‍ അല്ലെങ്കില്‍ വിശ്വാസവും മത ബിംബങ്ങളും ചിഹ്നങ്ങളും തമ്മിലുള്ള സമവാക്യങ്ങള്‍ സങ്കീര്‍ണം ആകുമ്പോള്‍ ഗാന്ധിജിയുടെ നിലപാട് മാതൃകയാക്കേണ്ടി വരും.

മതത്തിനകത്ത് വിശ്വാസത്തിന്റെ ബിംബങ്ങളും ചിഹ്നങ്ങളും ഉള്ളപ്പോള്‍ തന്നെ അത് തികച്ചും രാഷ്ട്രീയവുമാണ്. ഗോരക്ഷക്കാര്‍ ലിഞ്ചിങ് നടത്തുമ്പോഴും ഗാന്ധിജി വെടിയുണ്ട നെഞ്ചില്‍ ഏറ്റുവാങ്ങുമ്പോഴും വിളിക്കുന്നത് രാമനെ തന്നെയാണ്. ഗാന്ധിജിക്ക് ‘ഹേ റാം’ എന്നും മറ്റവര്‍ക്ക് ‘ജയ് ശ്രീറാം’ എന്നും ഉള്ള വ്യത്യാസമേ ഉള്ളൂ.

ഒരു കൂട്ടം ദൈവത്തിനുവേണ്ടി കൊല്ലുന്നു മറ്റൊരു കൂട്ടം ദൈവത്തിനുവേണ്ടി സ്വയം യാഗമായി തീരുന്നു. രാജ്യത്തിന്റെ വിഭജന കാലത്തേക്ക് തിരിഞ്ഞു നോക്കിയാല്‍, ഇന്ത്യ പാകിസ്ഥാന്‍ ദേശീയതകളില്‍ അന്ത: സ്ഥിതം (immanent) ആണ് ഭൂരപക്ഷീയ മതജ്വരം(majoritarianism). ഖലിസ്ഥാന്‍ ദേശീയത അക്കാലത്ത് അലസി പോയതാണ്.

ദക്ഷിണേഷ്യന്‍ ദേശീയതകളുടെ എല്ലാം പൊതു പ്രകൃതമാണ് ഈ ഭൂരിപക്ഷീയ മതജ്വരം. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലും ഭരണഘടനയിലും ‘രാഷ്ട്രീയ ജനകീയ'(political democracy) മുഖം പ്രകടിപ്പിക്കപ്പെടുമ്പോള്‍ പോലും ഇന്ത്യന്‍ ദേശീയതയും ഭൂരിപക്ഷീയജ്വരത്തില്‍ നിന്ന് മുക്തം ആയിരുന്നില്ല.

രണ്ട്. മോദി രാഷ്ട്രീയത്തിന് കര്‍ഷക സമരത്തിന്റെ വെല്ലുവിളി

‘രാഷ്ട്രീയ ജനകീയതയുടെ'(political democracy) പശ്ചാത്തലത്തില്‍ ദേശീയതയെ പുനര്‍വായിക്കേണ്ടതുണ്ട്. കര്‍ഷകരുടെ നിലനില്‍പ്പ് അവതാളത്തിലാക്കുന്ന അധികാര ശക്തികള്‍ ദേശീയതയുടെ വക്താക്കളും അതിജീവനത്തിന് തെരുവില്‍ മുദ്രാവാക്യം മുഴക്കുന്നവര്‍ ദേശദ്രോഹികളും എന്നു ചിത്രീകരിക്കപ്പെടുന്ന രാഷ്ട്രീയ-ആഖ്യാന(narrative)ത്തെ കര്‍ഷക സമരം ചോദ്യം ചെയ്യുന്നു. എതിര്‍ ശബ്ദങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അധികാര പീഠത്തിന്റെ സ്വപ്രകൃതം അധികാരകേന്ദ്രീകരണവും ബലപ്രയോഗ വാസനയുമാണ്.

ഇന്ന് കാണുന്ന മിക്ക ജനകീയ രാഷ്ട്രീയ വകരൂപങ്ങളിലും അരാഷ്ട്രീയ(populist) പ്രകൃതം ഉള്ളവയാണ്. മോദി ഭക്തര്‍ അല്ലെങ്കില്‍ നേതാവ് ആരായാലും പിന്നാലെ കൂടുന്നവര്‍ മിക്കവരും ജനകീയര്‍ തന്നെയാണ്. പക്ഷേ അവരൊക്കെ തന്നെ അധികാര പിഠത്തിന്റെ വാഴ്ത്തുപാട്ടുകാര്‍ ആണ്.

ആ വാഴ്ത്തുകളിലെ വാക്കുകള്‍ ദേശസ്‌നേഹം, ദേശദ്രോഹി, കുലംകുത്തി, ഖലിസ്ഥാന്‍, പാകിസ്ഥാന്‍, അര്‍ബന്‍ നക്‌സല്‍, ആഗോള ഗൂഢാലോചന, എന്നിങ്ങനെ പോകുന്നു. കര്‍ഷകര്‍, മീന്‍പിടുത്തക്കാര്‍, തൊഴിലെടുക്കുന്നവര്‍, ആദിവാസികള്‍, സ്ത്രീകള്‍, ദലിതുകള്‍ ഒക്കെ അവകാശങ്ങള്‍ ചോദിച്ചാല്‍ ദേശദ്രോഹികളോ മുകളില്‍ പറഞ്ഞ മറ്റ് പലതുമോ ആകും. അതുകൊണ്ട് വാഴ്ത്തുപാട്ടുകള്‍ക്കും പോപ്പുലിസ്റ്റ് രാഷ്ട്രീയത്തിനും വെളിയില്‍ നില്‍ക്കുന്നതിനെ തിരിച്ചറിയാനാണ് ‘രാഷ്ട്രീയ ജനകീയത’ എന്നു പറഞ്ഞത്.

തങ്ങളെ മണ്ണില്‍ നിന്നും കൃഷിയില്‍ നിന്നും പിഴുതെടുത്തു തെരുവിലേക്ക് എറിയാന്‍ കൊണ്ടുവന്ന നിയമങ്ങളെ കൃഷിക്കാര്‍ അംഗീകരിക്കില്ല. ആര് ഭരിക്കുന്നു എന്നത് തങ്ങള്‍ക്ക് ഒരു പ്രശ്‌നമല്ല. അവര്‍ ഒരു പാര്‍ട്ടിയെയും മുന്നണിയേയും ഭയക്കുന്നില്ല. മണ്ണിന്റെയും കൃഷിയുടെയും അന്തിമതീരുമാനം ദില്ലിയില്‍ അധികാരത്തില്‍ ഇരിക്കുന്നവര്‍ക്കുള്ളതല്ല, അത് തങ്ങളുടേത് മാത്രം.

മോദിക്ക് വോട്ട് കൊടുത്ത കര്‍ഷകര്‍ തന്നെ പറയുന്നു നിങ്ങള്‍ക്ക് അതിനുള്ള അവകാശം ഞങ്ങള്‍ തന്നിട്ടില്ല. മോദിക്ക് കിട്ടിയ വോട്ട് അഥവാ പാര്‍ലമെന്ററി അധികാരം പരമം അല്ലെന്നാണ് കര്‍ഷക സമരത്തിന്റെ സന്ദേശം. വിവിധ ഭരണ സ്ഥാപനങ്ങളുടെ പരസ്പര പിടിയും തുലനാവസ്ഥയും മൂലമാണ് ജനാധിപത്യത്തില്‍ അധികാരം സ്ഥിതമായിരിക്കുന്നത്. അതിനെ അട്ടിമറിക്കുന്നതാണ് മതജ്വര രാഷ്ട്രീയം. ഒരു വ്യക്തിയിലേക്ക് അത് കേന്ദ്രീകരിക്കുന്നു. അവിടെ ആണ് ഫാഷിസം. ഫാഷിസത്തെ കര്‍ഷക സമരം നേരിടുകയാണ്, വ്യത്യസ്ത ജനവിഭാഗങ്ങളുടെ മത ജാതി വൈജാത്യങ്ങളെ ഏകോപിപ്പിച്ചുകൊണ്ട്.

പാര്‍ലമെന്ററി അധികാരത്തിന്റെ ചുറ്റുവട്ടത്തില്‍ ആണ് രാഷ്ട്രീയപ്പാര്‍ട്ടികളുടെ മത്സര പോരുകള്‍ക്ക് പ്രസക്തി. അവരുടെ കണ്ണ് എപ്പോഴും അധികാരപീഠത്തിന്മേല്‍ ആയിരിക്കും. ഏതെങ്കിലും ഒരു പാര്‍ട്ടിക്കോ പാര്‍ട്ടിസമുച്ചയങ്ങള്‍ക്കോ കര്‍ഷക സമരത്തെ ഏല്‍പ്പിച്ചു കൊടുക്കാതിരുന്നത് കര്‍ഷകരുടെ സാമൂഹിക മുന്നേറ്റത്തിന്റെ അനന്യമായ ഒരു രാഷ്ട്രീയ ജനകീയത ഉള്ളതുകൊണ്ടാണ്.

ഒരു പാര്‍ട്ടിക്കും അത് ഏറ്റെടുക്കാന്‍ കഴിയില്ല. അത് ജാതി മത ദേശങ്ങള്‍ക്കും അതീതമാണ്. മോദിയുടെ രാഷ്ട്രീയ അധികാര പീഠത്തിന് ഒരിക്കലും ആ രാഷ്ട്രീയ ജനകീയതയെ വകവെച്ചുകൊടുക്കാന്‍ കഴിയില്ല. മോദി എന്നല്ല ഒരു അധികാര പീഠവും അത് സ്വമേധയാ അംഗീകരിച്ചു കൊടുക്കില്ല.

ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒന്നും തന്നെ അധികാരം ജനങ്ങള്‍ക്ക് എന്ന സങ്കല്‍പ്പത്തില്‍ ആത്മാര്‍ത്ഥതയില്ല. കര്‍ഷക സമരത്തില്‍ നിന്നും പാര്‍ട്ടിക്കാര്‍ക്ക് പാഠങ്ങള്‍ പഠിക്കാനുണ്ട്. കര്‍ഷക സമരം വാഴ്ത്തു പാട്ടുകളായല്ല ദേശീയത, അധികാരം, എന്നീ പദാവലികളെ കാണുന്നത്. അതുകൊണ്ടാണ് ദേശ അതിര്‍ത്തികള്‍ക്ക് വെളിയില്‍നിന്ന് ലഭിക്കുന്ന പിന്തുണ ട്വീറ്റുകളെ കൃഷിക്കാര്‍ സഹര്‍ഷം സ്വീകരിക്കുന്നത്. ദേശീയതയുടെ ഉര കല്ലുമായി വരുന്നവര്‍ക്കുള്ള മറുപടി ‘ചക്കാ ജാം’ ആണ്.

മറവിയില്‍ മുങ്ങിക്കിടക്കുന്ന ഖാലിസ്ഥാന്‍ വാദം എന്ന ഒരു കറുത്ത ഏടിനെ ഉണര്‍ത്തിക്കൊണ്ട് വരുന്നത് മോദിസര്‍ക്കാരിനും ബിജെപിക്കും കര്‍ഷക സമരത്തെ അടിച്ചമര്‍ത്തുന്നതിന് സഹായിക്കുക മാത്രമല്ല പൗരസമൂഹത്തെ അപ്പാടെ അമര്‍ത്തി വെക്കുന്നതിന് ആവശ്യവുമാണ്. സിഖ് ജനതയെയും ഇതിഹാസതുല്യമായ അവരുടെ പാരമ്പര്യത്തെയും സങ്കുചിതവും അപരവുമാക്കി ശത്രു പക്ഷത്ത് നിര്‍ത്തുന്നത് ഇന്നുള്ള രാഷ്ട്രീയ ഏകതയ്ക്ക കോടാലി വെക്കുന്നതാണ്. ഇന്ത്യ എന്ന ആശയത്തില്‍ ഭരണഘടനയ്ക്ക് സാധ്യമാക്കാവുന്ന (രാഷ്ട്രീയ)ജനകീയ ഇന്ത്യയും ഒപ്പം ഭരണഘടനയെ റദ്ദാക്കാവുന്ന ഭൂരിപക്ഷീയ ഹിന്ദുത്വവും ഒരുപോലെ അന്ത: സ്ഥിതമാണ്. കര്‍ഷകര്‍ പ്രതിനിധാനം ചെയ്യുന്നത് ജനകീയ ഇന്ത്യയും മോദി സര്‍ക്കാര്‍ ഭൂരിപക്ഷീയ ഹിന്ദുത്വത്തെയുമാണ്.

മൂന്ന്. കര്‍ഷക സമരത്തിന്റെ രാഷ്ട്രീയ യുക്തി- ഭാവിയുടെ ചില സൂചകങ്ങള്‍

പൗരന്മാരെ ഭൂരിപക്ഷം എന്നും ന്യൂനപക്ഷം എന്നും ധ്രുവീകരിക്കുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ശക്തിയും സാധൂകരണവും ബലപ്രയോഗത്തിന് കളമൊരുക്കി കെണിയിലാക്കുക എന്നതിലാണ്. വേട്ട മൃഗം ഇരയെ വിഴുങ്ങുന്നതു പോലെ.

ജനുവരി 26ലെ അക്രമങ്ങള്‍ മറയാക്കി സര്‍ക്കാര്‍ ആദ്യം ചെയ്തത് കാശിപൂര്‍ സമര കേന്ദ്രത്തില്‍ നിന്ന് സമരക്കാരെ ഒഴിപ്പിക്കുവാന്‍ ഉള്ള ശ്രമമായിരുന്നു. ആയുധ സജ്ജരായ ബി.ജെ.പി ഗുണ്ടകള്‍ സഹിതം വലിയ പൊലീസ്- സൈനിക സന്നാഹങ്ങളെക്കൊണ്ട് കര്‍ഷകരെ തല്ലി ചതച്ച് പാഠം പഠിപ്പിക്കാന്‍ സമരഭൂമിയില്‍ അണിനിരത്തി. എന്നാല്‍ രാകേഷ് തിക്കായത്ത് എന്ന നേതാവിന്റെ കണ്ണീരില്‍ കുതിര്‍ന്ന പ്രതിരോധ ശബ്ദങ്ങള്‍ നിലവിളിയായി യു.പി ഹരിയാന ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ കൃഷിക്കാരുടെ ഹൃദയങ്ങളില്‍ അലയടിച്ചു, അവരുടെ കണ്ണു തുറപ്പിച്ചു. സമരമുഖത്തേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തി.

സമരമുഖത്ത് പെയ്തിറങ്ങാമായിരുന്ന മരണത്തിന്റെ കാര്‍മേഘങ്ങളെ ജനശക്തിയുടെ കാറ്റ് ഊതി അകറ്റി. യോഗി സര്‍ക്കാരിന്റെ ഒഴിപ്പിക്കല്‍ പരിപാടി തല്‍ക്കാലം അവസാനിപ്പിക്കേണ്ടിവന്നു. പൊലീസ് സേനാ വിഭാഗങ്ങള്‍ അതോടെ പിന്മാറി. എന്നാല്‍ പിറ്റേ ദിവസം സിങ്കു അതിര്‍ത്തിയില്‍ നാട്ടുകാരുടെ വേഷത്തില്‍ സംഘപരിവാര്‍ ശക്തികള്‍ രാജ്യത്തെ പട്ടാളത്തിന്റെ മൗനാനുവാദത്തോടെ ആക്രമണം അഴിച്ചുവിട്ടു.

കൃഷിക്കാര്‍ തമ്പടിച്ചിരിക്കുന്ന ഓരോ സമര മുഖത്തും വെള്ളവും വെളിച്ചവും ഇന്റര്‍നെറ്റ് സംവിധാനങ്ങളും വിച്ഛേദിച്ചും നേതാക്കന്മാരെ കള്ളക്കേസില്‍ പെടുത്തിയും കുറ്റക്കാരെന്ന പേരില്‍ ജയിലിലടച്ചും സമരത്തെ ആകും വിധം തകര്‍ക്കാന്‍ നോക്കുന്നു. മാത്രമല്ല, സമരക്കാരുടെ അടുത്തേക്ക് കൂടുതല്‍ ആളുകള്‍ എത്താതിരിക്കാനും സമരക്കാര്‍ പുറത്തേക്ക് പോകാതിരിക്കാനും സിമന്റില്‍ തറച്ച കുന്തമുനകളെ കൊണ്ടുള്ള ബാരിക്കേഡുകളും പൊലീസ്- സൈനിക ശാക്തീകരണവും ഒപ്പം ശത്രുക്കളോട് എന്നവണ്ണം (രാജ്യദ്രോഹികളും ഖലിസ്ഥാനികളും) പേരുവിളികളും ഒക്കെ ചേര്‍ത്തുവെച്ചാല്‍ ജാലിയന്‍വാലാബാഗോ ടിയാനെന്‍മെന്‍ സ്‌ക്വയറോ ഒരു കരിഞ്ഞ മണമായി കടന്നു വരുന്നു.

യഥാകാലം നടക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയോ, നിയമങ്ങള്‍ പാസാക്കി എടുക്കുവാന്‍ പാര്‍ലമെന്റുള്ളതു കൊണ്ടോ സുപ്രീംകോടതി ആ നിയമങ്ങള്‍ക്ക് പച്ചക്കൊടി കാണിച്ചതുകൊണ്ടോ ഭരണഘടനയില്‍ പൗര സ്വാതന്ത്ര്യങ്ങള്‍ എഴുതി വെച്ചതുകൊണ്ടോ ബലാബലങ്ങളും പരസ്പര പിടികളും ഉള്ള ജനാധിപത്യ സ്ഥാപനങ്ങള്‍ (എക്‌സിക്യൂട്ടീവ്, ലെജിസ്ലേച്ചര്‍, കോടതി, മാധ്യമങ്ങള്‍ തുടങ്ങിയവ) ഉള്ളതുകൊണ്ടോ ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചില്ലല്ലോ എന്ന് പറഞ്ഞതുകൊണ്ടോ ഒന്നും ഹിന്ദുത്വ-ഊറ്റം റദ്ദാക്കപ്പെടുന്നില്ല.

ഹിന്ദുത്വ പ്രത്യയശാസ്ത്രം ഭൂരിപക്ഷീയജ്വരത്തെ (majoritarianism) ആള്‍ക്കൂട്ടത്തിന്റെ ഊറ്റമായി മാറ്റിയെടുക്കുന്നു. ഏതുതരം ഊറ്റം ആണെങ്കിലും ആള്‍ക്കൂട്ടക്കലി ആണെങ്കിലും അതിന്റെ പിന്നില്‍ ഒരു പ്രത്യയശാസ്ത്ര ജ്വരം അനിവാര്യമാണ്. ഭൂരിപക്ഷീയ ഹിന്ദുത്വ ജ്വരത്തിനകത്താണ് ഭരണഘടനയും ജനാധിപത്യവും. അതായത് ഭൂരിപക്ഷീയ ജ്വരത്തിന്റെ മുമ്പില്‍ ഭരണഘടനയുടെ യുക്തിയും സംവാദാത്മകതയും സാര്‍വത്രികതയും ഒന്നും വേണ്ടത്ര ഏശുന്നില്ല ഇന്നത്തെ സംവിധാനത്തില്‍.

ഭരണഘടനയെ ചവിട്ടി മെതിച്ച് എതിര്‍ ശബ്ദങ്ങളെ മുക്കിക്കൊന്ന് ജനാധിപത്യ സംവിധാനങ്ങളെ വിലക്കെടുത്ത് രാജ്യത്തെ പൊതുവായതെല്ലാം ഏതാനും കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി, നഷ്ടത്തിലോടുന്ന എയര്‍ ഇന്ത്യ മാത്രമല്ല ലാഭത്തിലുള്ള ബി.പി.സി പോലുള്ളവയും നമ്മുടെ എയര്‍ പോര്‍ട്ടുകളും തുറമുഖങ്ങളും റെയില്‍വേയും എന്നു വേണ്ട ഇനിയും പ്രതിരോധ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളും കൂടാതെ അദാനി അംബാനിമാര്‍ക്കു വേണ്ടി എന്തൊക്കെയാണ് മാറ്റിവെച്ചിരിക്കുന്നത് എന്ന് കണ്ടറിയേണ്ടി ഇരിക്കുന്നു.

രാജ്യസഭയില്‍ ഭൂരിപക്ഷം എന്‍.ഡി.എയ്ക്ക് ഇല്ലാതിരുന്നിട്ടും എന്‍.ഡി.എയ്ക്ക് പുറത്തുള്ള പാര്‍ട്ടികളെ വിലയ്‌ക്കെടുത്തും എന്‍.ഐ.എ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസ്, സി.ബി.ഐ എന്നിവയെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചും പിന്തുണ തേടുന്നു.

പ്രാദേശീക പാര്‍ട്ടികള്‍, സംസ്ഥാനങ്ങള്‍ ഭരിക്കുന്നവപോലും ശിവസേന മുതല്‍ എ.ഐ.ഡി.എം.കെ വരെ കെണിയില്‍ വീണു. പ്രീണനവും ഭീഷണിയും ബലാല്‍ക്കാരവും എല്ലാം ഉപയോഗപ്പെടുത്തി കൂടെ നില്‍ക്കുന്നവരുടെ അടിത്തറ മാന്തി കൊണ്ടിരുന്നു. സംസ്ഥാനങ്ങളിലെ പ്രാദേശിക കക്ഷികളെ തള്ളി നീക്കി ഭരണ നേതൃത്വവും അത് പറ്റാത്തിടത്ത് മുഖ്യ പ്രതിപക്ഷമെങ്കിലും ആകുകയും ചെയ്യും. മഹാരാഷ്ട്രയില്‍
ശിവസേനയേ പിന്‍തള്ളി മുഖ്യകക്ഷി ആകുവാന്‍ ബി.ജെ.പിക്ക് സാധിച്ചു. എന്‍.ഡി.എ സഖ്യകക്ഷികളെ ഷണ്ഡീകരിച്ചും കോണ്‍ഗ്രസിനെ നാമാവശേഷമാക്കിയും പ്രതിപക്ഷമുക്ത ഭാരതം എന്ന രാഷ്ട്രീയ ലക്ഷ്യത്തെ ലാക്കാക്കി മുന്നേറുന്നു. ഈ വിധം ജനാധിപത്യത്തെ തകര്‍ക്കുന്നതിന്റെ ഒരു ലക്ഷ്യം സമ്പദ്ഘടനയുടെ സമ്പൂര്‍ണ്ണ കോര്‍പ്പറേറ്റ് വല്‍ക്കരണം സുഗമമാക്കുകയാണ്.

എല്ലാം കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്നുവെങ്കിലും കാര്‍ഷികരംഗം ഉദ്ദേശിച്ചതുപോലെ അവരുടെ വരുതിയില്‍ ആക്കുവാന്‍ സാധിച്ചില്ല.
ഗവണ്‍മെന്റിന്റെ ഭക്ഷ്യ സുരക്ഷാ നയത്തിന്റെ ഭാഗമായി മണ്ഡി മാര്‍ക്കറ്റുകള്‍ വഴി (APMCആക്ട്) അവയുടെ സംഭരണവും എഫ്.സി.ഐ ഗോഡൗണുകളില്‍ ശേഖരിച്ച് വെക്കലും പിന്നീട് റേഷന്‍ വിതരണശൃംഖലകള്‍ വഴി രാജ്യത്തെ പട്ടിണി നിയന്ത്രിക്കുന്നതും പൊതുവിപണിയില്‍ ഭക്ഷ്യഉല്‍പ്പന്നങ്ങളുടെ വില ക്രമാതീതമാകാതിരിക്കാന്‍ പൂഴ്ത്തിവെപ്പ് തടയുന്നതും (ആവശ്യ സാധന നിയമം) സര്‍ക്കാര്‍ ഉത്തരവാദിത്വം ആയിരുന്നു. അതായത് സര്‍ക്കാര്‍ നിയന്ത്രിത സംഭരണ- ശേഖരണ-വിതരണ സമ്പ്രദായത്തെ തകര്‍ത്തു, കൃഷിക്കാരെ കോര്‍പ്പറേറ്റ് നിയന്ത്രണത്തിലേക്ക് കൊണ്ടുവരികയാണ് പുതിയ നിയമങ്ങള്‍. കുത്തകകള്‍ക്കു വേണ്ടി സര്‍ക്കാര്‍ ക്രമേണ മാര്‍ക്കറ്റില്‍ നിന്ന് പിന്‍വാങ്ങി ഭക്ഷ്യ സുരക്ഷാ ചുമതല കൈയൊഴിയുന്നു.

കഴിഞ്ഞ കാലങ്ങളിലെ വിളനാശങ്ങളും വിലത്തകര്‍ച്ചയും കടക്കെണിയും തുടങ്ങി കാര്‍ഷിക ദുരന്തങ്ങള്‍ കര്‍ഷകരുടെ ആത്മഹത്യകളും നഗര ചേരികളിലേക്കുള്ള കുടിയേറ്റങ്ങളും വര്‍ധിപ്പിച്ചു. ഇതിനോടകം ഏകദേശം മൂന്നു ലക്ഷത്തിലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. താരതമ്യേന ധനിക കൃഷിക്കാര്‍ ഉള്ള പഞ്ചാബില്‍ കഴിഞ്ഞ വര്‍ഷം മാത്രം ആത്മഹത്യ ചെയ്തവര്‍ പന്തീരായിരം പേരാണ്.

ധനിക കൃഷിക്കാര്‍ ഉള്ള പഞ്ചാബിലെ ഒരു കൃഷിക്കാരന്റെ ശരാശരി മാസവരുമാനം 18000 രൂപയാണ്. പഞ്ചാബില്‍ ഗോതമ്പിന്റെ ഉല്പാദനക്ഷമത ലോകത്തിലെ തന്നെ മികച്ചതാണ്. ഏത് ആധുനിക കാര്‍ഷിക സാങ്കേതിക വിദ്യയും അവര്‍ക്ക് പ്രാപ്യമാണ്. വിള വൈവിധ്യത്തിലും അവര്‍ക്കു മടിയില്ല. ഗോതമ്പിലും നെല്ലിലും അവരെ തളച്ചിട്ടിരിക്കുന്നത് മണ്ഡികള്‍ വഴി വില സുരക്ഷ ഉറപ്പുള്ളത് അവയ്ക്ക് മാത്രമായതു കൊണ്ടാണ്.

ഇന്ത്യയിലെ കൃഷിക്കാരില്‍ ധനികരെന്നു പറയുന്നവര്‍ക്കും മാസവരുമാനം 18000 ആണെങ്കില്‍, കടക്കെണിയില്‍ ആണെങ്കില്‍, അവിടെയും ആത്മഹത്യകള്‍ സ്വാഭാവികം. ഏറ്റവും താഴെതട്ടിലുള്ള ഒരു സര്‍ക്കാര്‍ പ്യൂണിന് പോലും അതിന്റെ ഇരട്ടി വരുമാനമുണ്ട്. പഞ്ചാബിന്റെ കാര്യം ഇതാണെങ്കില്‍ ഇതര സംസ്ഥാനങ്ങളുടെ കാര്യം പറയേണ്ടതില്ല.

ഇതര സംസ്ഥാനങ്ങളുടെ ഗതി തങ്ങള്‍ക്ക് വരരുത് എന്നതോടൊപ്പം തങ്ങള്‍ക്ക് ലഭിക്കുന്ന മണ്ഡി മാര്‍ക്കറ്റുകള്‍ വഴിയുള്ള പരിമിത വിലസുരക്ഷ മറ്റ് സംസ്ഥാനങ്ങള്‍ക്കും ലഭിക്കേണ്ടതാണ്. കൃഷിക്കാരന്റെ ദാരിദ്ര്യത്തിന്റെ മേലേയാണ് രാജ്യത്തെ നഗരങ്ങളുടെയും വ്യവസായങ്ങളുടെയും വികസനങ്ങള്‍ കൈവരിച്ചിട്ടുള്ളത് എന്ന വസ്തുത കൃഷിക്കാര്‍ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു.

ഈ തിരിച്ചറിവാണ് പഞ്ചാബ് ഹരിയാന പശ്ചിമ യു.പി പ്രദേശങ്ങളിലെ കൃഷിക്കാരുടെ നേതൃത്വത്തില്‍ സമരം രാജ്യവ്യാപകമായി വളരുന്നതിനെ മനസ്സിലാക്കേണ്ടത്. ലോകത്തിന്റെ ഏതുഭാഗത്തും സര്‍ക്കാര്‍ പിന്തുണയില്ലാതെ കൃഷി പച്ച പിടിച്ചിട്ടില്ല. അമേരിക്കയില്‍ സര്‍ക്കാര്‍ നല്‍കുന്നത് ഒരു ശരാശരി കൃഷിക്കാരന്റെ വരുമാനത്തിന്റെ 40 ശതമാനവും യൂറോപ്പില്‍ അത് 30 ശതമാനവും ആയിരിക്കുമ്പോള്‍ ഇന്ത്യയില്‍ 10 മുതല്‍ 15 ശതമാനം വരെയാണ്.

1951-ല്‍ നിന്നും 2020-ലേക്ക് വരുമ്പോള്‍ ജനസംഖ്യ ഏകദേശം 3.7 മടങ്ങായി വര്‍ദ്ധിച്ചപ്പോള്‍ ചേരി നിവാസികളുടെ വര്‍ദ്ധന 7.5 മടങ്ങാണ്. 2017 സെന്‍സസ് പ്രകാരം ഓരോ 24 മണിക്കൂറിലും 2040 കൃഷിക്കാര്‍ കൃഷിഭൂമി ഉപേക്ഷിച്ച് നാട് വിടുന്നു. അതില്‍ മണ്ഡി സമ്പ്രദായം നിര്‍ത്തലാക്കിയ ബീഹാര്‍ കര്‍ഷകരാണ് മറ്റ് സംസ്ഥാനക്കാരേക്കാള്‍ കൂടുതല്‍.

ഈ സമരത്തെ അത് മുന്നോട്ടുവയ്ക്കുന്ന ഡിമാന്റുകളുടെ വെളിച്ചത്തില്‍ അല്ല, മറിച്ച് കഴിഞ്ഞ അഞ്ച് പതിറ്റാണ്ട് കാലത്തെ കൃഷിക്കാരന്റെ ചെലവില്‍ സൃഷ്ടിക്കപ്പെട്ട വികസനത്തിന്റെ കണക്കാണ് കര്‍ഷക സമരത്തിന്റെ കാതല്‍. 3 ബില്ലുകള്‍ പിന്‍വലിച്ചാലോ താങ്ങുവില ഉറപ്പാക്കിയാലോ പിതാക്കന്മാരുടെ വിയര്‍പ്പിന്റെ വില ഒരിക്കലും ആകില്ല.

പതിറ്റാണ്ടുകളായി കുമിഞ്ഞുകൂടി ഉള്ളിലൊതുക്കിയ രോഷം കണക്കിലെടുക്കാതെ വിവാദ നിയമങ്ങളുടെ ഇഴ പിരിച്ച് നോക്കുകയോ താങ്ങുവിലയുടെ യുക്തിഭദ്രതയോ സാങ്കേതികത്വമോ നോക്കി ഇപ്പോ പ്രശ്‌നം പരിഹരിച്ചു കളയാം എന്ന മോഹം കോര്‍പ്പറേറ്റ് രാഷ്ട്രീയ ശക്തികള്‍ ഉപേക്ഷിക്കുകയാണ് നല്ലത്.

അതൊന്നും ഇപ്പോള്‍ രാജ്യത്തെ കൃഷിക്കാരുടെ മുമ്പില്‍ ഒരു വിഷയമേ അല്ല. 500 വര്‍ഷം മുമ്പ് ബാബര്‍ ചെയ്തതിന്റെ കണക്കീടാക്കിയവരോടു 50 വര്‍ഷം മുമ്പിങ്ങോട്ടുള്ള കണക്കാണ് ചോദിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളെ മാറ്റി നിര്‍ത്തിയിരിക്കുന്നത് അവയെല്ലാം ഇക്കാര്യത്തില്‍ പ്രതികളായതിന്റെ രാഷ്ട്രീയ പശ്ചാത്തലം പുതുതലമുറ കൃഷിക്കാരന് അറിയാവുന്നതു കൊണ്ടാണ്.

അധികാര പീഠത്തിനു വേണ്ടി നിങ്ങള്‍ മത്സരിക്കുന്നത് കൊള്ളാം, പക്ഷേ അതിന്മേല്‍ ആര് ഇരുന്നാലും കണക്ക് ചോദിച്ചാല്‍ ഉത്തരം പറഞ്ഞിരിക്കണം. ജനാധിപത്യത്തെക്കുറിച്ചുള്ള ഇത്തരം പാഠങ്ങള്‍, പാര്‍ട്ടിക്കാരെ നിങ്ങള്‍ കര്‍ഷക സമരത്തില്‍ നിന്ന് ഇനി പഠിക്കണം.

ഈ സമരം ഒരു തുടക്കം മാത്രം. വൃത്തിഹീനമായി ഞെങ്ങി ഞെരുങ്ങി അനാരോഗ്യ പരിസരത്തില്‍ തുച്ഛ വരുമാനം കൊണ്ട് ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍ക്ക് റേഷന്‍ കൂടി ഇല്ലാതാകും. രാജ്യത്തെ നഗരവും വ്യവസായവും വളര്‍ന്നത് കര്‍ഷകന്റെയും കൃഷിയുടെയും ചെലവിലായിരുന്നുവെങ്കിലും മുമ്പുള്ള സര്‍ക്കാരുകള്‍ അവര്‍ക്കുവേണ്ടി മാര്‍ക്കറ്റില്‍ ഇടപെട്ട് പൊതു വിതരണസമ്പ്രദായം പോലെ ചില ഭക്ഷ്യ സുരക്ഷാ നടപടികള്‍ എടുത്തിരുന്നു.

അത് തുടരണം. കോര്‍പ്പറേറ്റുകളായ വമ്പന്‍ സ്രാവുകളെ യാതൊരു നിയന്ത്രണവും ഇല്ലാതെ തുറന്നുവിടരുത്. പാര്‍ലമെന്റിനോ സുപ്രീംകോടതിയ്‌ക്കോ തങ്ങളെ തന്നെ മറന്ന് ഒന്നും ചെയ്തുകൂടാ. പ്രതിപക്ഷങ്ങളുടെ ശബ്ദങ്ങള്‍ ദുര്‍ബലമായതിനെക്കുറിച്ച് തങ്ങള്‍ ആത്മപരിശോധന നടത്തണം. വമ്പന്‍സ്രാവുകളുടെ സന്തതികളായ മാധ്യമങ്ങളാണെങ്കിലും അവരുടെ താല്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം പുലമ്പിക്കൊണ്ടിരിക്കരുത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഈ ഭരണത്തിന്റെ മുന്‍പില്‍ ഒരു എതിര്‍ശബ്ദവും മുഴങ്ങാന്‍ അനുവദിച്ചില്ല. എന്നാല്‍ ഇന്ന് കൃഷിക്കാര്‍ക്ക് ഏതിര്‍ ശബ്ദമാകാന്‍ കഴിയുന്നു.

തെരുവില്‍ കോര്‍പ്പറേറ്റ് ഭീമന്മാരുടെ സര്‍ക്കാരിനെ നേരിടാന്‍ അദാനിയെയും അംബാനിയേയും അവര്‍ പേരെടുത്ത് ബഹിഷ്‌കരണ പരിപാടികള്‍ ആവിഷ്‌കരിച്ചിരിക്കുന്നു. ഒന്നിനും വഴങ്ങാത്ത സര്‍ക്കാരിനെ മുട്ടുകുത്തിച്ചില്ലെങ്കില്‍ അതിജീവനം തന്നെ, തങ്ങള്‍ക്ക് മാത്രം അല്ല അധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും എല്ലാം അസാധ്യമാണെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു.

സമരം ജയിക്കാതെ ജീവിതമില്ല. ഒരുവശത്ത് വമ്പന്‍ സ്രാവുകള്‍ വായ തുറന്നിരിക്കുന്നു. മറുവശത്തെ മോദിയുടെ പീരങ്കി കൈകള്‍ നീട്ടി പിടിച്ചിരിക്കുന്നു. ഈ രാജ്യം ജനാധിപത്യ രാജ്യമാണെന്ന് സ്ഥാപിക്കാനും വമ്പന്‍ സ്രാവുകള്‍ക്ക് ചില കടിഞ്ഞാണുകള്‍ ഇടുവാനും കര്‍ഷകര്‍ക്ക് ജയിച്ചേ മതിയാവൂ. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഘപരിവാര്‍ ശക്തികളെ നേരിടുവാന്‍ ത്രാണി ഇല്ലെന്ന് ബോധ്യപ്പെട്ടുകൊണ്ടിരുന്നപ്പോഴാണ് കര്‍ഷകര്‍ക്ക് അതിനുള്ള സാധ്യത തെളിഞ്ഞു വന്നത്. ആ സാധ്യത പ്രത്യാശയ്ക്ക് വകനല്‍കുന്നുവെങ്കിലും കാര്യങ്ങളത്ര ലളിതമല്ല.

ബലപ്രയോഗം എത്ര ഭീകര രൂപത്തിലാണെങ്കിലും അതിന്റെ പ്രയോക്താക്കളില്‍ അത് സാധൂകരിക്കപ്പെടുന്നു, വീര്യം പകരുന്നു. അതാണ് ഹിന്ദുത്വ രാഷ്ട്രീയം. ഗുജറാത്ത് കലാപം തൊട്ട് കാശ്മീരിനോടും പൗരത്വ പ്രശ്‌നത്തോടും ഗോരക്ഷാ ലിഞ്ചിംഗിലും ഒക്കെ ഭൂരിപക്ഷീയത ഒരു ജ്വരവും മോദി അതിന്റെ ഊറ്റവും ആണ്.

ബലപ്രയോഗവും ഹുങ്കും ഭൂരിപക്ഷീയതയുടെ ആധാര ശിലകളാണ്. രക്ഷിക്കുന്ന വിരലുകളെ കുത്തിനോവിക്കാനേ ഒരു തേളിന് സാധിക്കൂ. സംഘപരിവാറിനും അതെ കഴിയൂ. കര്‍ഷകരുടെ മുഖമുദ്ര അക്രമ രാഹിത്യവും സമാധാനവും ആണ്. ഭൂരിപക്ഷീയത (majoritarianism)യുടെ ബലപ്രയോഗങ്ങള്‍ക്കുള്ള മറുപടിയും അതാണ്. തിരഞ്ഞെടുത്ത് അധികാര പീഠത്തിലിരുത്തി കഴിഞ്ഞാല്‍ തിരിച്ചുവിളിക്കാന്‍ അഥവാ കാല പരിധിക്ക് മുമ്പേ താഴെ ഇറക്കാന്‍ ഭരണഘടനയില്‍ വകുപ്പില്ല.

അക്രമത്തിലേക്കും അരാജകത്വത്തിലേക്കും വഴുതിപ്പോകാതെ രാജ്യം ആസകലം ഛഖാ ജാം നടത്താം. സകലവും നിശ്ചലം ആക്കുവാനുള്ള ബലിഷ്ഠതയാണ് അത്. അങ്ങനെ അികാരത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്യുക. കര്‍ഷകരുടെ കണക്ക് തീര്‍ക്കുന്നതു വരെ ചോദ്യം ചെയ്തുകൊണ്ടേ ഇരിക്കുക. ആ കണക്കു തീര്‍ക്കല്‍ വികസന സങ്കല്‍പ്പത്തെ പുനര്‍ നിര്‍വചിക്കാന്‍ കൂടിയാണ്. കര്‍ഷകരെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള വികസനം. കര്‍ഷകരെയും തൊഴിലാളികളെയും മറ്റ് പാര്‍ശ്വവല്‍കൃത ജനതകളെയും ബലിയാടുകള്‍ ആക്കിയുള്ള വികസനത്തോടു വിട പറയുക.

ഭാവിയുടെ ഒരു വലിയ വാഗ്ദാനമായി കര്‍ഷക സമരത്തില്‍ പ്രതീക്ഷ അര്‍പ്പിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു. വികസനത്തിന്റെ ബലികര്‍മ്മങ്ങള്‍ക്ക് ഭരണകൂടം ഒരു പുരോഹിത വേഷം എക്കാലത്തും അണിഞ്ഞിരുന്നു. പിടച്ചിലിന്റെയും ആര്‍ത്ത നാദത്തിന്റയും ശബ്ദം മാത്രം ഉണ്ടായിരുന്ന ബലിയാടുകളെയാണ് ഇതുവരെ സ്വതന്ത്ര ഇന്ത്യയില്‍ നാം കണ്ടത്. പക്ഷേ അതിലൊന്ന് കെട്ടുപൊട്ടിച്ച് രൂപവും ഭാവവും മാറി പുരോഹിതന്റെ (മോദി) നേരെ പാഞ്ഞടുക്കുന്നു, ശക്തനായ പ്രതിയോഗിയുടെ രൂപത്തില്‍. പുരോഹിതന്‍ ഒന്നു ഞെട്ടുന്നു. ബലിപീഠം ഒരങ്കത്തട്ടായി മാറുന്നു. ഭാരതം ഒരു അങ്കത്തട്ടാകുന്നു. ആര്‍ക്കും അതിന് വെളിയില്‍ നില്‍ക്കാന്‍ കഴിയില്ല. ഒന്നുകില്‍ കൃഷിക്കാരന്റെ കൂടെ അല്ലെങ്കില്‍ മോദിയുടെ കൂടെ.


Content Highlight: Spiritual Aspects of Farmers Protest in India – K.M. Thomas Writes

കെ. എം. തോമസ്

മനുഷ്യാവകാശം, വിമോചന വിശ്വാസം, ദലിത് ആദിവാസി പ്രശ്‌നങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്നു. ആസൂത്രണ ബോര്‍ഡ്- കില അധ്യാപകന്‍, ഗവേഷകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്നു.

We use cookies to give you the best possible experience. Learn more