| Saturday, 22nd April 2017, 1:10 pm

സ്പിരിറ്റ് ഇന്‍ ജീസസ് മേധാവിയുടെ കയ്യേറ്റത്തെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കെ.എം മാണിയുടെ കത്ത് പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മൂന്നാര്‍: പാപ്പാത്തിച്ചോലയില്‍ തങ്ങള്‍ക്ക് ഒരിഞ്ച് ഭൂമി പോലുമില്ലെന്ന സ്പിരിറ്റ് ഇന്‍ ജീസസിന്റെ വാദം ഉയരുമ്പോള്‍ തന്നെ മൂന്നാറില്‍ കയ്യേറ്റഭൂമിയുണ്ടെന്നതിന്റെ തെളിവുകള്‍ പുറത്തുവരുന്നു.

ചിന്നക്കനാല്‍ വില്ലേജില്‍ തന്റേയും മക്കളുടേയും അടുത്ത ബന്ധുക്കളുടേയും ഉടമസ്ഥതയിലുള്ള ഭൂമി അളന്ന് തിട്ടപ്പെടുത്തണമെന്നാവശ്യപ്പെട്ട് സ്പിരിറ്റ് ഇന്‍ ജീസസ് മേധാവി ടോം സഖറിയ ജോസഫ് അന്നത്തെ നിയമവകുപ്പ് മന്ത്രി കെ.എം മാണിക്കയച്ച കത്ത്്് പുറത്തായി. വേണ്ട നടപടികള്‍ എടുക്കണമെന്ന കാണിച്ചുകൊണ്ട് കെ.എം മാണി കത്ത് റവന്യൂവകുപ്പിന് കൈമാറുകയും ചെയ്തിരുന്നു.

1972 മുതല്‍ ഈ അടുത്ത നാള്‍ വരെ തങ്ങള്‍ പലരില്‍ നിന്നായി വാങ്ങിയ ഭൂമിയാണ് ഇതെന്നും പട്ടയ വസ്തുവിനോട് ചേര്‍ന്ന് അനുവദിനീയമായ അളവില്‍ കുറച്ച് സ്ഥലങ്ങള്‍ വിരിവായിട്ടുണ്ടെന്നും കത്തില്‍ ടോം സഖറിയ ജോസഫ് പറയുന്നുണ്ട്.

ചില മാധ്യമങ്ങളില്‍ പ്രചരിച്ചതുപോലെ സര്‍ക്കാര്‍ സ്ഥലം കയ്യേറ്റം ചെയ്യുകയോ കവര്‍ന്നെടുക്കുകയോ ചെയ്തിട്ടില്ലെന്നും ഇക്കാര്യത്തിലുണ്ടായ തെറ്റിദ്ധാരണ മാറ്റി സത്യാവസ്ഥ കണ്ടെത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നുമായിരുന്നു കത്തിലെ ആവശ്യം. ഒരിഞ്ചുഭൂമി പോലും സ്പിരിറ്റ് ഇ്ന്‍ ജീസസിന് ഇല്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ ആവര്‍ത്തിക്കുമ്പോഴാണ് മൂന്നാറില്‍ കയ്യേറ്റഭൂമിയുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള സ്പിരിറ്റ് ഇന്‍ ജീസസ് മേധാവിയുടെ കത്ത് പുറത്തുവന്നത്.

അതിനിടെ പാപ്പാത്തിച്ചോലയില്‍ റവന്യൂ ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ച സംഭവത്തില്‍ ടോം ജോസഫിനെതിരായ റിപ്പോര്‍ട്ട് പൂഴ്ത്തിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു.സ്പിരിറ്റ് ഇന്‍ ജീസസ് മേധാവി ടോം സ്‌കറിയ വന്‍ തോതില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി എന്നായിരുന്നു തഹസില്‍ദാരുടെ റിപ്പോര്‍ട്ട്.

ഇയാളുടെ സഹോദരന്‍മാരായ ജിമ്മി സ്‌കറിയയും ബേബി സ്‌കറിയ എന്നിവരും വന്‍തോതില്‍ ഭൂമി കയ്യേറിയെന്നും തഹസില്‍ദാരുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടായിരുന്നു. മുന്‍ മൂന്നാര്‍ ദൗത്യകാലത്ത് തന്നെ ഇവര്‍ക്കെതിരെ അന്വേഷണം നടന്നിരുന്നുവെന്നും തഹസില്‍ദാരുടെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.

മൂന്ന് വഷം മുന്‍പാണ് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ റിപ്പോര്‍ട്ടിന്‍മേല്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല. വ്യാജ പട്ടയങ്ങളും മറ്റും ഉപയോഗിച്ച് 500 ഏക്കറോളം ഭൂമിയാണ് ഇവര്‍ കയ്യേറിയത്.

പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ചതിന് ടോം സ്‌കറിയയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ശാന്തന്‍പാറ പൊലീസാണ് കേസെടുത്തിരിക്കുന്നത്. റവന്യൂ സംഘത്തെ തടഞ്ഞ സംഭവത്തില്‍ മണ്ണുത്തി സ്വദേശിയായ പൊറിഞ്ചുവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

തൃശൂര്‍ ജില്ലയിലെ കുരിയച്ചിറ ആസ്ഥാനമാക്കിയാണ് സ്പിരിറ്റ് ഇന്‍ ജീസസ് മിനിസ്ട്രി എന്ന സംഘടന പ്രവര്‍ത്തിക്കുന്നത്. 24 വര്‍ഷം മുന്‍പ് തനിക്ക് യേശുവിന്റെ വെളിപാട് ഉണ്ടായി എന്നാണ് സംഘടനാ അധ്യക്ഷന്‍ അവകാശപ്പെടുന്നത്.

We use cookies to give you the best possible experience. Learn more