| Friday, 23rd July 2021, 8:25 am

ഇമ്രാനുവേണ്ടി പിരിച്ചെടുത്ത 16.5 കോടിയോളം രൂപ എന്തുചെയ്‌തെന്ന് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വരോഗം ബാധിച്ച് ചികിത്സയിലായിരുന്ന ഇമ്രാന്‍ മുഹമ്മദിനുവേണ്ടി പിരിച്ചെടുത്ത 16.5 കോടിയോളം രൂപ എന്തുചെയ്‌തെന്ന് ഹൈക്കോടതി. അപൂര്‍വരോഗം ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായി സര്‍ക്കാര്‍ സഹായം തേടുന്ന ഹരജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അഞ്ചുമാസം പ്രായമുള്ള ഇമ്രാന്‍ മരിച്ച സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം ആരാഞ്ഞത്. രോഗി മരിച്ചതിനാല്‍ ഈ തുക മറ്റു കുട്ടികളുടെ ചികിത്സയ്ക്ക് ഉപയോഗപ്പെടുത്താനാവില്ലേയെന്നും കോടതി ചോദിച്ചു.

ഇതുസംബന്ധിച്ച് വിശദീകരണം നല്‍കാനും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

അപൂര്‍വരോഗം ബാധിച്ച കുട്ടികള്‍ക്ക് ചികിത്സാസഹായം നല്‍കാന്‍ തുടങ്ങിയ പ്രത്യേക അക്കൗണ്ടിലേക്ക് സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം നിക്ഷേപിച്ച് ഉത്തരവിട്ടെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ഫണ്ട് കൈമാറ്റം സാധിച്ചിട്ടില്ലെന്ന് കേസ് പരിഗണിക്കവേ സര്‍ക്കാര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ തിങ്കളാഴ്ചയ്ക്കകം നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചു.

ഇമ്രാന്റെ ചികിത്സയ്ക്ക് 18 കോടി രൂപ വേണമായിരുന്നു. ഇതില്‍ 16.5 കോടി സമാഹരിച്ചപ്പോഴാണ് ചൊവ്വാഴ്ച രാത്രി ഇമ്രാന്‍ മരിച്ചത്. അങ്ങാടിപ്പുറം വലമ്പൂര്‍ കുളങ്ങരത്തൊടി ആരിഫിന്റെയും റമീസ തസ്നിയുടെയും മൂന്നാമത്തെ കുട്ടിയായിരുന്നു ഇമ്രാന്‍.

അക്കൗണ്ടിലേക്കുവന്ന തുക അതേ അക്കൗണ്ടുകളിലേക്ക് തിരികെ നല്‍കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ഇമ്രാന്റെ പിതാവ് ആരിഫ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Spinal Muscular Atrophy Imran Muhammed Fund High Court

We use cookies to give you the best possible experience. Learn more