Entertainment news
ഇന്ത്യയില്‍ 210 കോടിയും കടന്ന് നോ വേ ഹോം; സ്‌പൈഡര്‍മാനേക്കാള്‍ വരുമാനം പുഷ്പക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jan 15, 11:41 am
Saturday, 15th January 2022, 5:11 pm

ടോം ഹോളണ്ട് നായകനായെത്തിയ ഹോളിവുഡ് സൂപ്പര്‍ ഹീറോ ചിത്രം സ്‌പൈഡര്‍മാന്‍; നോ വേ ഹോമിന്റെ ഇന്ത്യയിലെ കളക്ഷന്‍ 210 കോടി പിന്നിട്ടു.

211 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം ഇതുവരെ വരുമാനമുണ്ടാക്കിയത്.

കഴിഞ്ഞ ദിവസം അഞ്ചാമത്തെ ആഴ്ചയിലേക്കാണ് ചിത്രത്തിന്റെ പ്രദര്‍ശനം കടന്നിരിക്കുന്നത്. വെള്ളിയാഴ്ച മാത്രം 50 ലക്ഷം രൂപയാണ് ചിത്രം കളക്ഷന്‍ നേടിയത്.

ഇതോടെ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ആ ദിവസം രണ്ടാം സ്ഥാനത്താണ് സ്‌പൈഡര്‍മാന്‍ എത്തിയത്.

എന്നാല്‍ അല്ലു അര്‍ജുന്റെ മാസ് ചിത്രം പുഷ്പയേക്കാള്‍ കുറവാണ് വെള്ളിയാഴ്ചയിലെ സ്‌പൈഡര്‍മാന്റെ കളക്ഷന്‍.

വെള്ളിയാഴ്ച മാത്രം 75 ലക്ഷം രൂപയാണ് പുഷ്പയുടെ കളക്ഷന്‍.

ഡിസംബര്‍ 16നായിരുന്നു ആഗോള തലത്തില്‍ സ്‌പൈഡര്‍മാന്‍ റിലീസ് ചെയ്തത്.

സ്പൈഡര്‍ സീരിസില്‍ തന്നെ മുന്‍പ് പുറത്തിറങ്ങിയ സ്പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോം അടക്കമുള്ള ചിത്രങ്ങളുടെ കളക്ഷന്‍ റെക്കോര്‍ഡ് നോ വേ ഹോം മറികടന്നിരുന്നു.

ലോകത്ത് ഏറ്റവുമധികം വരുമാനം നേടിയ അഞ്ചാമത്തെ ചിത്രമെന്ന ബഹുമതിക്കടുത്താണ് നിലവില്‍ നോ വേ ഹോം. 2.04 ബില്യണ്‍ ഡോളറുമായി 2018 ചിത്രം അവഞ്ചേഴ്‌സ്; ഇന്‍ഫിനിറ്റി വാര്‍ ആണ് നിലവില്‍ അഞ്ചാം സ്ഥാനത്ത്.

എന്നാല്‍ ആഗോള തലത്തില്‍ ഇതുവരെ 1.5 ബില്യണ്‍ യു.എസ് ഡോളര്‍ കളക്ഷന്‍ നേടി നോ വേ ഹോം തൊട്ടുപിറകെയുണ്ട്.

ഇന്ത്യയില്‍ നിന്നും 227 കോടിയായിരുന്നു ഇന്‍ഫിനിറ്റി വാര്‍ നേടിയത്.

മുന്‍ സ്പൈഡര്‍മാന്‍ ചിത്രങ്ങളില്‍ അഭിനയിച്ച സെന്‍ഡയ, ജേക്കബ് ബറ്റലോണ്‍, ജോണ്‍ ഫാവ്‌റോ, മാരിസ ടോമി, ആല്‍ഫ്രഡ് മോളിന, ജാമി ഫോക്‌സ് എന്നിവര്‍ അഭിനയിച്ച അതേ റോളുകള്‍ വീണ്ടും പുതിയ സ്പൈഡര്‍മാന്‍ പതിപ്പിലും എത്തുന്നുണ്ട്.

ഡിസംബര്‍ 17നായിരുന്നു അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ പുറത്തിറങ്ങിയത്. ഫഹദ് ഫാസില്‍, രഷ്മിക മന്ദാന എന്നിവരായിരുന്നു മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.

2021ലെ ഇന്ത്യയിലെ ഏറ്റവുമധികം പണം വാരിയ ചിത്രത്തിന്റെ റിലീസ് മലയാളവും തമിഴുമടക്കം അഞ്ച് ഭാഷകളിലായിരുന്നു . രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Spider-Man: No Way Home box office collection crosses 210 crore mark in India