| Thursday, 13th June 2024, 10:48 am

യാത്രക്കാരില്ല ! ; ആറ് നഗരങ്ങളില്‍ നിന്ന് അയോധ്യയിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അയോധ്യയിലേക്ക് നേരിട്ടുണ്ടായിരുന്ന വിമാന സര്‍വീസുകള്‍ റദ്ദാക്കി സ്പൈസ് ജെറ്റ്. ആറ് പ്രധാന നഗരങ്ങളില്‍ നിന്നുള്ള സര്‍വീസുകളാണ് സ്‌പൈസ് ജെറ്റ് റദ്ദാക്കിയത്. ചെന്നൈ, ബെംഗളൂരു, ജയ്പൂര്‍, പട്ന, ദര്‍ഭംഗ, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്നുള്ള സര്‍വീസ് ആണ് റദ്ദാക്കിയത്. നിലവില്‍ അഹമ്മദാബാദ്, ദല്‍ഹി നഗരങ്ങളില്‍നിന്ന് മാത്രമാണ് സര്‍വീസുള്ളത്.

ഹൈദരാബാദില്‍ നിന്ന് അയോധ്യയിലേക്ക് നേരിട്ടുള്ള വിമാനം ആരംഭിച്ച് രണ്ട് മാസത്തിനുള്ളിലാണ് സര്‍വീസ് നിര്‍ത്താലാക്കുന്നത്. ജൂണ്‍ ഒന്നുമുതല്‍ സര്‍വീസ് ഉണ്ടാവില്ലെന്ന് സ്‌പൈസ് ജെറ്റ് അറിയിച്ചിട്ടുണ്ട്. സ്‌പൈസ് ജെറ്റിന്റെ എയര്‍ബസ് F320 വിമാനമാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നത്.

ഈ റൂട്ടിലെ ആദ്യ വിമാനം ഏപ്രില്‍ 2 ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് രാവിലെ 10.45 നായിരുന്നു ആരംഭിച്ചത്. ഉച്ചയ്ക്ക് 12.45 ന് അയോധ്യയിലെ മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി. തിരിച്ചുള്ള വിമാനം ഉച്ചയ്ക്ക് 1.25ന് അയോധ്യയില്‍ നിന്ന് പുറപ്പെട്ട് 3.25ന് ഹൈദരാബാദിലും ഇറക്കി. ഫ്ളൈറ്റ് ട്രാക്കിങ് വെബ്സൈറ്റുകള്‍ പ്രകാരം മെയ് 30നാണ് അവസാന വിമാനം സര്‍വീസ് നടത്തിയത്.

നിലവില്‍ വിമാനക്കമ്പനിയുടെ വെബ്സൈറ്റ് വഴി ബുക്ക് ചെയ്യുമ്പോള്‍ ദല്‍ഹി വഴിയാണ് റൂട്ട് കാണിക്കുന്നത്. ദല്‍ഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ മണിക്കൂറുകള്‍ തങ്ങിയ ശേഷമാണ് യാത്ര പുനരാരംഭിക്കുക. അയോധ്യയിലെത്താന്‍ മൊത്തം ഏഴ് മണിക്കൂറും 25 മിനിറ്റും സമയമെടുക്കും.

സാധാരണ ഗതിയില്‍ ഒരു എയര്‍ലൈന്‍ ഒരു റൂട്ട് അവസാനിപ്പിക്കുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ടിക്കറ്റ് വില്‍പ്പനയില്‍ വരുന്ന കുറവാണ്.
തുടക്കത്തില്‍, അയോധ്യ സന്ദര്‍ശിക്കാന്‍ കാര്യമായ ആവേശം ആളുകളില്‍ നിന്ന് ഉണ്ടായിരുന്നെങ്കിലും ദിവസങ്ങള്‍ കഴിയുന്തോറും അത് കുറഞ്ഞെന്ന് ഒരു എയര്‍ലൈന്‍ പ്രതിനിധിയെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

അയോധ്യയിലേക്ക് ഹൈദരാബാദില്‍ നിന്ന് നേരിട്ടുള്ള വിമാനം വേണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന ബി.ജെ.പി അധ്യക്ഷന്‍ ജി. കിഷന്‍ റെഡ്ഡിയാണ് അന്നത്തെ കേന്ദ്ര സാംസ്‌കാരിക ടൂറിസ, വ്യോമയാന മന്ത്രിക്ക് കത്തെഴുതിയത്. നിരവധി ഭക്തര്‍ക്ക് അയോധ്യ സന്ദര്‍ശിക്കേണ്ടതുണ്ടെന്നും നിലവില്‍ സൗകര്യപ്രദമായ യാത്രമാര്‍ഗങ്ങള്‍ ഇല്ലെന്നുമായിരുന്നു കത്തില്‍ അദ്ദേഹം പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഹൈദരാബാദില്‍ നിന്നും നേരിട്ട് സര്‍വീസ് ആരംഭിക്കുന്നത്.

എന്നാല്‍ ചെന്നൈ, ബെംഗളൂരു, ജയ്പൂര്‍, പട്‌ന, ദര്‍ബംഗ, ഹൈദരാബാദ് എന്നീ ആറുകളില്‍ നിന്നുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഫെബ്രുവരിയോടെ തന്നെ അവസാനിപ്പിച്ചതായി ഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ അഹമ്മാദാബാദില്‍ നിന്നും ദല്‍ഹിയില്‍ നിന്നും നിലവില്‍ അയോധ്യയിലേക്ക് നേരിട്ട് വിമാന സര്‍വീസുണ്ട്.

ജനുവരിയില്‍ അയോധ്യയില്‍ പ്രാണപ്രതിഷ്ഠ ചടങ്ങുകള്‍ നടന്നതിന് പിന്നാലെ ഇന്‍ഡിഗോ ഉള്‍പ്പെടെയുള്ള എയര്‍ലൈനുകള്‍ മുബൈയില്‍ നിന്നും അഹമ്മദാബാദില്‍ നിന്നും അയോധ്യയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിച്ചിരുന്നു. അഹമ്മദാബാദില്‍ നിന്നുള്ള ആദ്യ വിമാനത്തില്‍ ക്യാബിന്‍ ജീവനക്കാര്‍ രാമനെയും സീതയെയും ലക്ഷ്മണനെയും പോലെ വസ്ത്രം ധരിച്ചായിരുന്നു എത്തിയത്.

എന്നാല്‍ ജനുവരിയിലെ ഉദ്ഘാടനത്തിന് ശേഷം അയോധ്യയിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു, എങ്കിലും ബി.ജെ.പിക്ക് വേണ്ടി പ്രാദേശിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അയോധ്യയിലേക്ക് ടൂര്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചിരുന്നു. പക്ഷേ ഇതുകൊണ്ടും വലിയ കാര്യമുണ്ടായില്ല.

മാത്രമല്ല ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി തോല്‍ക്കുകയും ചെയ്തിരുന്നു.

Content Highlight: SpiceJet suspends direct Ayodhya-Hyderabad flight months after launch

We use cookies to give you the best possible experience. Learn more