കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സ്‌പൈസ്‌ജെറ്റിപ്പോള്‍. കോടിക്കണക്കിന് രൂപയാണ് കമ്പനി എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍ക്കും ഇന്ധന വിതരണക്കാര്‍ക്കും നല്‍കാനുള്ളത്. സ്‌പൈസ്‌ജെറ്റ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് കുടിശ്ശികയടയ്ക്കാന്‍ കമ്പനിക്കു കുറച്ചുകൂടി സമയം അനുവദിക്കണമെന്ന് എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാരോടും, ഇന്ധന ദാതാക്കളോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ചൊവ്വാഴ്ച ഇന്ധന വിതരണം നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് നിരവധി സ്‌പൈസ്‌ജെറ്റ് വിമാനങ്ങള്‍ റദ്ദാക്കുകയും വൈകുകയും ചെയ്തിരുന്നു. ഇത് എയര്‍പോര്‍ട്ടില്‍ പ്രശ്‌നങ്ങള്‍ക്കിടയാക്കിയിരുന്നു. എന്നാല്‍ വൈകുന്നേരത്തോടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് വിമാനങ്ങള്‍ പുറപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ബുധനാഴ്ചയും വിമാനങ്ങള്‍ പുറപ്പെടാതിരിക്കുന്നത്.
എണ്ണക്കമ്പനികള്‍ക്കും എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍ക്കും, തൊഴിലാളികള്‍ക്കുമായി 2,000 കോടിയോളം രൂപയുടെ ബാധ്യതയാണ് സ്‌പൈസ്‌ജെറ്റിനുള്ളത്. പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കമ്പനിയുടെ ഷെയറുകള്‍ 5% ഇടിഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കിങ്ഫിഷര്‍ എയര്‍ലൈന്‍സ് തകര്‍ന്നതിന് പിന്നാലെയാണ് സ്‌പൈസ്‌ജെറ്റിന്റെയും പ്രതിസന്ധി. സേവനം നല്‍കാനാകാത്ത സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് പണം തിരിച്ചുകൊടുക്കാന്‍ വേണ്ടി ശ്രമിക്കുകയാണ് കമ്പനി. വിമാനങ്ങള്‍ റദ്ദാക്കാന്‍ നിര്‍ബന്ധിതരായതും 30 ദിവസത്തിനുമുമ്പ് അഡ്വാന്‍സ് ബുക്കിങ് സ്വീകരിക്കുന്നത് സര്‍ക്കാര്‍ നിരോധിച്ചതും കമ്പനിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
അതേസമയം, രാജ്യത്തെ മറ്റൊരു വിമാനക്കമ്പനി കൂടി തകരാതിരിക്കാനുള്ള നടപടികള്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം ആലോചിക്കുന്നുണ്ട്. അതിന്റെ ഭാഗമായി 2015 മാര്‍ച്ച് 31 വരെയുള്ള അഡ്വാന്‍സ് ബുക്കിങ്ങുകള്‍ വില്‍ക്കാന്‍ സ്‌പൈസ്‌ജെറ്റിനെ അനുവദിക്കാന്‍ സര്‍ക്കാര്‍ ഡി.ജി.സി.എയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കുടിശ്ശിക അടയ്ക്കാന്‍ 15 ദിവസം കൂടി കമ്പനിക്ക് അനുവദിക്കണമെന്ന് എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാരോടും എണ്ണക്കമ്പനികളോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.