സ്‌പൈസ് ജെറ്റ് തകര്‍ച്ചയിലേക്ക്: 1,800 ഫ്‌ളൈറ്റുകള്‍ റദ്ദാക്കി
Big Buy
സ്‌പൈസ് ജെറ്റ് തകര്‍ച്ചയിലേക്ക്: 1,800 ഫ്‌ളൈറ്റുകള്‍ റദ്ദാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th December 2014, 10:59 am

spicejet ചെന്നൈ: സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട സ്‌പൈസ് ജെറ്റ് 1,800 ഫ്‌ളൈറ്റുകള്‍ റദ്ദാക്കുന്നു. സ്‌പൈസ് ജെറ്റ് വെബ്‌സൈറ്റിലാണ് ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയ കാര്യം പറഞ്ഞിരിക്കുന്നത്.

കലാനിധി മാരന്റെ നേതൃത്വത്തിലുള്ള സണ്‍ ഗ്രൂപ്പിന്റെ ഭാഗമാണ് സ്‌പൈസ് ജെറ്റ്. ഡിസംബര്‍ 31 വരെയുള്ള 1,861 ഫ്‌ളൈറ്റുകളാണ് കമ്പനി ഇതുവരെ റദ്ദാക്കിയിരിക്കുന്നത്. ഇതില്‍ 81 എണ്ണം തിങ്കളാഴ്ച ഷെഡ്യൂള്‍ ചെയ്തവയാണ്.

മുന്‍കൂര്‍ ബുക്കിങ് മാനദണ്ഡം പാലിക്കാത്തതിനെതിരെ സ്‌പൈസ് ജെറ്റിന് ഡി.ജി.സി.എ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുന്നത് പരിഗണിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇത്രയധികം ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയ വിവരം വന്നിരിക്കുന്നത്.

ഒരുമാസത്തിനു മുമ്പ് മുന്‍കൂര്‍ ബുക്കിങ് സ്വീകരിക്കരുതെന്ന് ഡി.ജി.സി.എ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, എയര്‍പോര്‍ട്ട് അതോറിറ്റിയും സ്‌പൈസ് ജെറ്റിനെതിരെ നടപടി ആലോചിക്കുന്നുണ്ട്. എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍ക്ക് നല്‍കാനുള്ള തുകയ്ക്ക് ബാങ്ക് ഗ്യാരണ്ടി നല്‍കിയില്ലെങ്കില്‍ സ്‌പൈസ് ജെറ്റിനെ കാഷ്-ആന്റ്-കാരി മോഡില്‍ ഉള്‍പ്പെടുത്തുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 200 കോടിയോളമാണ് സ്‌പൈസ് ജെറ്റ് എ.എ.ഐയ്ക്ക് കടപ്പെട്ടിരിക്കുന്നത്.

അതിനിടെ, സ്‌പൈസ് ജെറ്റുമായി ബന്ധപ്പെട്ടുള്ള മോശം വാര്‍ത്തകള്‍ കമ്പനിയുടെ മാര്‍ക്കറ്റിലെ പെര്‍ഫോമെന്‍സിനെ വളരെയധികം ബാധിച്ചിട്ടുണ്ട്. കമ്പനിയുടെ ഷെയറുകളില്‍ കഴിഞ്ഞദിവസം 13% ഇടിവാണുണ്ടായിരിക്കുന്നത്. 4.39% നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

രാജ്യത്തെ എയര്‍ലൈനുകളുടെ സാമ്പത്തിക തകര്‍ച്ച വളരെയധികം ആശങ്കയുണ്ടാക്കുന്നതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു പറഞ്ഞു. പൊതുമേഖലയിലെ മാത്രമല്ല സ്വകാര്യ മേഖലയിലെ എയര്‍ലൈനുകളും തകര്‍ച്ചയിലാണ്. കിങ്ഫിഷറിന് പിന്നാലെ സ്‌പൈസ് ജെറ്റും തകരുകയാണ്. ഇത് വളരെയധികം ആശങ്കയുണ്ടാക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.