'അവര്‍ വ്യക്തിവൈരാഗ്യവും കുടിപ്പകയും മൂലം അന്ധരായിരിക്കുകയാണ്'; നേതാക്കളുടെ സുരക്ഷ പിന്‍വലിച്ചതില്‍ അമിത് ഷായുടെ വീടിന് മുന്നില്‍ പ്രതിഷേധം കനപ്പിച്ച് കോണ്‍ഗ്രസ്
ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെയും നേതാക്കളായ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും എസ്.പി.ജി സുരക്ഷ വെട്ടിച്ചുരുക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ വന്‍ പ്രതിഷേധം. കേന്ദ്രമന്ത്രി അമിത് ഷായുടെ ദല്‍ഹിയിലെ വീടിന് പുറത്താണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. ബി.ജെ.പിയുടെ പ്രതികാര രാഷ്ട്രീയമാണ് തങ്ങളുടെ പ്രധാന നേതാക്കളുടെ സുരക്ഷ പിന്‍വലിച്ചതിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
സോണിയായുടെയും രാഹുലിന്റെയും പ്രിയങ്കായുടെയും ജീവിതം വെച്ചാണ് ബി.ജെ.പി കളിക്കുന്നതെന്ന് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും വ്യക്തി വൈരാഗ്യവും രാഷ്ട്രീയ കുടിപ്പകയുംകൊണ്ട് അന്ധരായിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലും ആരോപിച്ചു.
പ്രതിഷേധം കനക്കുന്നതിനിടെ സോണിയാഗാന്ധിക്ക് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് നല്‍കുന്ന സെഡ് പ്ലസ് കാറ്റഗറി സുരക്ഷ നല്‍കുമെന്ന് അമിത് ഷാ അറിയിച്ചിട്ടുണ്ട്.
എസ്.പി.ജി സുരക്ഷ വെട്ടിച്ചുരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെ തനിക്കും കുടുംബാംഗങ്ങള്‍ക്കും ഇത്രനാള്‍ സുരക്ഷ നല്‍കിയ എസ്.പി.ജി അംഗങ്ങള്‍ക്കു നന്ദി പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയുമായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
വര്‍ഷങ്ങളായി തന്നെയും കുടുംബങ്ങളാംഗങ്ങളെയും സംരക്ഷിക്കാന്‍ അക്ഷീണം പ്രയത്നിച്ച എസ്.പി.ജിയിലെ എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും വലിയ നന്ദി. നിങ്ങളുടെ സമര്‍പ്പണത്തിനും നിരന്തര പിന്തുണയ്ക്കും നന്ദിയെന്നും രാഹുല്‍ കുറിച്ചു. എസ്.പി.ജി അംഗങ്ങള്‍ക്കു മഹത്തായ ഭാവി ആശംസിക്കുകയും ചെയ്തു.