രാഹുലിന്റെ തലയില്‍ പതിച്ച പച്ചവെളിച്ചം എ.ഐ.സി.സി ഫോട്ടോഗ്രാഫറുടെ മൊബൈല്‍ ഫോണില്‍ നിന്നുള്ളത്; ആഭ്യന്തരമന്ത്രാലയത്തിന് എസ്.പി.ജി വിശദീകരണം നല്‍കി
ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് വധഭീഷണിയുണ്ടെന്ന കോണ്‍ഗ്രസിന്റെ പരാതി തള്ളി ആഭ്യന്തര മന്ത്രാലയം. സുരക്ഷാ ഭീഷണി ഉണ്ടായിട്ടില്ലെന്ന് എസ്.പി.ജി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചു.
രാഹുലിന്റെ തലയില്‍ പതിച്ച പച്ച വെളിച്ചം എ.ഐ.സി.സി ഫോട്ടോഗ്രാഫറുടെ മൊബൈല്‍ ഫോണില്‍ നിന്ന് വന്നതാണെന്നും എസ്.പി.ജി ഡയറക്ടര്‍ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു.
വീഡിയോ പരിശോധിച്ച ശേഷമാണ് എസ്.പി.ജി ഇക്കാര്യം ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചത്. സുരക്ഷാ ഭീഷണി ഇല്ലെന്ന് എസ്പിജി ഡയറക്ടര്‍ സ്ഥിരീകരിച്ചതായി മന്ത്രാലയം പറഞ്ഞു.
ഇതുവരെ കോണ്‍ഗ്രസിന്റെ പരാതി ലഭിച്ചിട്ടില്ലെന്നു പുറത്തു വന്ന വീഡിയോ വച്ചാണ് പരിശോധന നടത്തിയതെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.
ഉത്തര്‍പ്രദേശില്‍ രാഹുല്‍ ഗാന്ധിക്ക് വന്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി കഴിഞ്ഞദിവസം അമേഠിയിലെത്തിയ രാഹുലിനെ അപായപ്പെടുത്താന്‍ ശ്രമം നടന്നെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം.
ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന് അയച്ച കത്തിലാണ് കോണ്‍ഗ്രസ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്’ അന്വേഷണം നടത്താനും എന്തെങ്കിലും തരത്തിലുള്ള ഭീഷണിയുണ്ടെങ്കില്‍ അത് ഇല്ലാതാക്കുകയും വേണം’ എന്നാണ് മൂന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എഴുതിയ കത്തില്‍ ആവശ്യപ്പെടുന്നത്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന രാഹുലിന്റെ തലയ്ക്കുനേരെ ഏഴുതവണ പച്ചനിറത്തിലുള്ള ലേസര്‍ പോയിന്റ് ചെയ്തെന്നാണ് കോണ്‍ഗ്രസ് കത്തില്‍ പറയുന്നത്. ‘അദ്ദേഹത്തിന്റെ തലയ്ക്കുനേരെ ലേസര്‍ പോയിന്റ് ചെയ്തു. ഒരു ചെറിയ സമയത്തിനുള്ളില്‍ ഏഴു തവണ.’ എന്നാണ് കത്തില്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു.
രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിലെ വീഡിയോ ദൃശ്യങ്ങളും കോണ്‍ഗ്രസ് നേതാക്കള്‍ രാജ്നാഥ് സിങ്ങിന് സമര്‍പ്പിച്ചിരുന്നു. അഹമ്മദ് പട്ടേല്‍, ജയറാം രമേശ്, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരാണ് രാജ്നാഥ് സിങ്ങിനെ സമീപിച്ചത്.
കോണ്‍ഗ്രസ് പ്രസിഡന്റ് കൊല്ലപ്പെട്ടേക്കാന്‍ സാധ്യതയുണ്ടെന്നറിഞ്ഞ് തങ്ങളെല്ലാം ഞെട്ടലിലും ഭീതിയിലുമാണെന്നും കത്തില്‍ പറഞ്ഞിരുന്നു.