| Thursday, 1st August 2024, 9:53 am

12 രാജ്യങ്ങളിലായി എനിക്കുള്ളത് നൂറിലധികം ബയോളജിക്കൽ കുട്ടികൾ; വെളിപ്പെടുത്തലുമായി ടെലിഗ്രാം സി.ഇ.ഒ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌ക്കോ: താൻ നൂറിലധികം കുട്ടികളുടെ പിതാവാണെന്ന വെളിപ്പെടുത്തലുമായി ടെലിഗ്രാം സ്ഥാപകൻ പവൽ ദുറോവ്. 12 രാജ്യങ്ങളിലായി ബീജദാനത്തിലൂടെ തനിക്ക് നൂറിലധികം ബയോളജിക്കൽ കുട്ടികൾ ഉണ്ടെന്നാണ് പവൽ ദുറോവ് പറയുന്നത്.

15 വർഷം മുമ്പ് ഒരു സുഹൃത്ത് അഭ്യർത്ഥനയുമായി സമീപിച്ചപ്പോഴാണ് താൻ ബീജം ദാനം ചെയ്യാൻ തുടങ്ങിയതെന്ന് പവൽ ദുറോവ് തന്റെ ടെലിഗ്രാം പോസ്റ്റിലൂടെ പറഞ്ഞു.

‘ ഫെർട്ടിലിറ്റി പ്രശ്നം കാരണം തനിക്കും ഭാര്യക്കും കുട്ടികളുണ്ടാകാൻ സാധ്യതയില്ലെന്ന് പറഞ്ഞ് പതിനഞ്ച് വർഷം മുമ്പ് ഒരു സുഹൃത്തെന്നെ സമീപിച്ചു. അവർക്ക് ഒരു കുഞ്ഞു ജനിക്കുന്നതിനായി ക്ലിനിക്കൽ ബീജം ദാനം ചെയ്യാൻ എന്നോട് ആവശ്യപ്പെട്ടു,’ പോസ്റ്റിൽ ദുറോവ് പറയുന്നു.

ഉയർന്ന ഗുണമേന്മയുള്ള ദാതാക്കളുടെ എണ്ണം കുറവാണെന്നും കൂടുതൽ ദമ്പതികളെ സഹായിക്കുന്നതിനായി അജ്ഞാതമായി ബീജം ദാനം ചെയ്യേണ്ടത് ഒരു പൗരധർമമാണെന്നും ക്ലിനിക്കിൽ വെച്ച് തന്നോട് ഡോക്ടർ പറഞ്ഞെന്നും ബീജദാനത്തിന് തന്നെ പ്രേരിപ്പിച്ചത് ഈ ബോധമാണെന്നും ദുറോവ് കൂട്ടിച്ചേർത്തു.

തന്റെ കുട്ടികളെ പരസ്പരം കണ്ടെത്തുന്നത് എളുപ്പമാക്കുന്നതിനായി തന്റെ ഡി.എൻ.എ കോഡ് വെളിപ്പെടുത്താൻ ഇപ്പോൾ ഉദ്ദേശിക്കുന്നുണ്ടെന്നും ദുറോവ് പറഞ്ഞു. എന്നാൽ അതിന്റെ അപകടസാധ്യത മനസ്സിലാക്കുന്നതായും പക്ഷേ ഒരു ദാതാവായതിൽ താൻ ഖേദിക്കുന്നില്ലെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.

ആരോഗ്യകരമായ ബീജത്തിന്റെ കുറവ് ലോകമെമ്പാടും ഒരു ഗുരുതര പ്രശ്നമായി മാറിയിരിക്കുന്നു, അതു ലഘൂകരിക്കാൻ തന്റെ പങ്ക് ചെയ്തതിൽ അഭിമാനിക്കുന്നതായും കൂടുതൽ പുരുഷന്മാരെ ബീജദാനം ചെയ്യാൻ പ്രേരിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നതായും പവൽ ദുറോവ് കൂട്ടിച്ചേർത്തു.

Content Highlight: sperm donation; Telegram CEO Pavel Durov  reveals he has more than 100 children in 12 countries

We use cookies to give you the best possible experience. Learn more