|

കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാനുള്ള പദ്ധതികള്‍ ഇഴയുന്നു: പഠനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കോപ്പന്‍ഹേഗന്‍: ആഗോളതാപനം നിയന്ത്രിക്കുന്നതിനുള്ള പദ്ധതിച്ചെലവുകള്‍ കഴിഞ്ഞ വര്‍ഷം വളരെ കുറഞ്ഞതായി പഠനറിപ്പോര്‍ട്ട്. താപനത്തിന്റെ ദൂഷ്യഫലങ്ങള്‍ പ്രതിരോധിക്കാന്‍ ഈ തുക തീരെ അപര്യാപ്തവുമാണ്.

കോപ്പന്‍ഹേഗനില്‍ ഇന്നലെ പുറത്തിറക്കിയ ക്ലൈമറ്റ് ഫിനാന്‍സ് അനാലിസിസിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

സര്‍ക്കാര്‍-സ്വകാര്യ മേഖലകള്‍ ആകെക്കൂടി കഴിഞ്ഞ വര്‍ഷം 359 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ് ചെലവഴിച്ചിരിക്കുന്നത്. തൊട്ടുമുന്‍വര്‍ഷം 364 ബില്യണ്‍ അമേരിക്കന്‍ ഡോളറായിരുന്നു ചെലവാക്കിയത്.

ക്ലൈമറ്റ് ഫിനാന്‍സ് അനലിസ്റ്റുകളുടെയും ഉപദേശകരുടെയും സ്വതന്ത്ര സംഘടനയായ ക്ലൈമറ്റ് പോളിസി ഇനിഷ്യേറ്റീവി(സി.പി.ഐ)ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സുരക്ഷിത ഊര്‍ജസ്രോതസുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ പ്രതിനിധികള്‍, നിക്ഷേപകര്‍, ആഗോളസംഘടനകള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ഗ്ലോബല്‍ ഗ്രീന്‍ ഗ്രോത്ത് ഫോറത്തിന്റെ സമ്മേളനത്തിലാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

ആഗോളതാപനത്തിന്റെ തോത് 2020-ഓട് കൂടി രണ്ട് ഡിഗ്രിയായി കുറയ്ക്കാനാണ് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്. ഇതിന് വേണ്ടി അഞ്ച് ട്രില്യണ്‍ അമേരിക്കന്‍ ഡോളര്‍ വേണ്ടിവരുമെന്നാണ് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി കഴിഞ്ഞവര്‍ഷം പറഞ്ഞത്.

ഊര്‍ജോല്പാദനത്തിനും ഗതാഗതത്തിനുമായി ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നത് മൂലം  സൃഷ്ടിക്കപ്പെടുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് കുറയ്ക്കുകയാണ് പ്രധാന ലക്ഷ്യം.

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ നാല് ഡിഗ്രി വരെ ഊഷ്മാവുയരുമെന്നാണ് ലോകബാങ്ക് കണക്കാക്കുന്നത്. ഇതോടെ കോടിക്കണക്കിന് ആളുകളെ ബാധിക്കുന്ന തരത്തില്‍ സമുദ്രനിരപ്പ് ഉയരും.

“സാമ്പത്തികസഹായം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ വീണ്ടും വീ്ണ്ടും പരാജയപ്പെടുകയാണ്.” സി.പി.ഐയുടെ പ്രസ്താവനയില്‍ പറയുന്നു.

ആകെ തുകയുടെ 38 ശതമാനം, അതായത് 135 ബില്യണ്‍ ഡോളര്‍ നല്‍കിയത് സര്‍ക്കാരുകളാണ്. ബാക്കി തുക സ്വകാര്യ മേഖലയും സംഭാവന ചെയ്തു. ഇതില്‍ ഏകദേശം 33 ബില്യണ്‍ നല്‍കിയത്് ഗാര്‍ഹിക ഉപഭോക്താക്കളാണ്.

“കാലാവസ്ഥയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൊതുജനപങ്കാളിത്തം വളരെ നിര്‍ണായകമാണ്. എന്നാല്‍ ഫോസില്‍ ഊര്‍ജത്തിന് സര്‍ക്കാരുകള്‍ നല്‍കുന്ന പിന്തുണ മൂലം ഇതിന്റെ തോതും കുറയുന്നു.” പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

“ഉടമസ്ഥരും ഉപഭോക്താക്കളും എന്ന നിലയില്‍ സ്വകാര്യമേഖലയാണ് ഇതിന്റെ സിംഹഭാഗവും നല്‍കേണ്ടത്.” സി.പി.ഐ കൂട്ടിച്ചേര്‍ക്കുന്നു.

വികസ്വര രാജ്യങ്ങള്‍ 182 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചപ്പോള്‍ വികസിത രാജ്യങ്ങള്‍ 177 ബില്യണ്‍ ഡോളറാണ് ചെലവാക്കിയത്.

സാങ്കേതികരംഗത്തെ പുരോഗതി കാരണം പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിന്റെ കാര്യത്തില്‍ പ്രതീക്ഷയ്ക്ക് വകയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.