തിരുവനന്തപുരം: മസാല ബോണ്ട് വിറ്റഴിക്കലുമായി ബന്ധപ്പെട്ട് സര്‍ക്കാരും കിഫ്ബിയും ഇതുവരെ ചെലവിട്ടത് രണ്ടുകോടി 29 ലക്ഷം രൂപ. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓപ്പണ്‍ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും യാത്ര ചെയ്ത ഇനത്തില്‍ 16 ലക്ഷത്തിലേറെ രൂപ ചെലവായതായി ധനവകുപ്പ് അറിയിച്ചു. ബോണ്ടുകള്‍ വിറ്റഴിക്കാന്‍ വിവിധ ഏജന്‍സികള്‍ക്ക് ഫീസ് ഇനത്തില്‍ ഒരു കോടി 83 ലക്ഷം രൂപ ചെലവിട്ടതായും ധനവകുപ്പ് വ്യക്തമാക്കി.
ലണ്ടന്‍, സിംഗപ്പൂര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ വഴി കിഫ്ബിയുടെ മസാല ബോണ്ടുകള്‍ വിറ്റഴിക്കാനായി ചെലവിട്ട തുകയുടെ വിശദാംശങ്ങളാണ് നിയമസഭയില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ധനവകുപ്പ് നല്‍കിയത്. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ക്ഷണമനുസരിച്ച് ‘റിങ് ദ ബെല്‍’ ചടങ്ങില്‍ പങ്കെടുക്കാനായാണ് മുഖ്യമന്ത്രിയും സംഘവും യാത്ര ചെയ്തത്.
ഇതേ ആവശ്യത്തിനായി സര്‍ക്കാര്‍ 3.65 രൂപയും ചെലവിട്ടു. ഈയാവശ്യത്തിന് ആകെ ചെലവായത് 16,63,243 രൂപ. മസാല ബോണ്ട് വില്‍പനയ്ക്കായി ബാങ്കുകള്‍ക്കും അനുബന്ധ ഏജന്‍സികള്‍ക്കും ഫീസായി നല്‍കിയത് 1,65,68,330 രൂപ. ആക്‌സിസ് ബാങ്ക്, ഡി.എല്‍.എ പിപ്പര്‍ യു.കെ എന്നീ കമ്പനികള്‍ക്കാണ് മസാല ബോണ്ട് വില്‍പന നടത്തിയ ഇനത്തില്‍ ഏറ്റവുമധികം കമ്മീഷന്‍ നല്‍കിയത്.
ഈ കമ്പനികള്‍ വഴിയാണ് ഏറ്റവുമധികം മസാല ബോണ്ടുകള്‍ വില്‍പന നടത്തിയതെന്ന് കിഫ്ബി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ എത്ര കമ്പനികളാണ് കിഫ്ബിയുടെ മസാല ബോണ്ടുകള്‍ വാങ്ങിയതെന്നോ നിക്ഷേപകര്‍ ആരെല്ലാമെന്നോ സര്‍ക്കാരോ കിഫ്ബിയോ വ്യക്തമാക്കിയിട്ടില്ല. മസാല ബോണ്ടുകള്‍ വഴി ഇതുവരെ 2150 കോടി രൂപയാണ് കിഫ്ബി സമാഹരിച്ചത്.
മസാല ബോണ്ടുകള്‍ കൂടുതലും വാങ്ങിയത് എസ്.എന്‍.സി ലാവലിനുമായി ബന്ധമുള്ള സി.ഡി.പി.ക്യു എന്ന സ്ഥാപനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. കനേഡിയന്‍ കമ്പനിയായ സി.ഡി.പി.ക്യു ബോണ്ടുകള്‍ വാങ്ങിയതില്‍ ദുരൂഹതയുണ്ടെന്നും മസാല ബോണ്ട് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിടണമെന്നും ചെന്നിത്തല പറഞ്ഞു.
ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ മാത്രം ഇടപാടുകള്‍ നടക്കുന്നത് എങ്ങനെയാണെന്നും ലാവലിനുമായി നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള കേസ് ഇപ്പോഴും സുപ്രീംകോടതിയില്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
9.8 ശതമാനം കൊള്ളപ്പലിശക്കാണ് മസാല ബോണ്ടുകള്‍ വിറ്റത്. എന്നിട്ടും ഈ കമ്പനി ഇത്രയും ബോണ്ടുകള്‍ വാങ്ങി. സര്‍ക്കാരിന്റെ വിശദീകരണത്തിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നും ചെന്നിത്തല വ്യക്തമാക്കി.
ധനമന്ത്രിയുടെ പങ്കും വ്യക്തമാകണം. മസാല ബോണ്ട് വാങ്ങിയ കമ്പനികളുടെ പൂര്‍ണവിവരം സര്‍ക്കാര്‍ പുറത്തുവിടണം. ധനസമാഹരണത്തിന് നടന്ന ചര്‍ച്ചകള്‍ എവിടെയാണെന്നും മുഖ്യമന്ത്രി ഇതില്‍ പങ്കെടുത്തോയെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.