മേജര്‍ ലീഗ് ക്രിക്കറ്റില്‍ ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ലോസ് ആഞ്ചലസ് നൈറ്റ് റൈഡേഴ്‌സ് സാന്‍ ഫ്രാന്‍സിസ്‌കോ യൂണികോണ്‍സിനോട് പരാജയപ്പെട്ടിരുന്നു. 21 റണ്‍സിനായിരുന്നു നൈറ്റ് റൈഡേഴ്‌സ് പരാജയപ്പെട്ടത്. ലോസ് ആഞ്ചലസിന്റെ മൂന്നാം തോല്‍വിയാണിത്.
യൂണികോണ്‍സിനോട് പരാജയപ്പെട്ടെങ്കിലും മത്സരത്തിലെ ചില മൊമെന്റുകള്‍ നൈറ്റ് റൈഡേഴ്‌സ് ആര്‍മിക്ക് ആശ്വാസം നല്‍കുന്നതാണ്. അതിലൊന്നാണ് മാര്‍കസ് സ്റ്റോയ്‌നിസിനെ പുറത്താക്കാന്‍ സ്‌പെന്‍സര്‍ ജോണ്‍സണെടുത്ത ക്യാച്ച്.
12ാം ഓവറിലെ മൂന്നാം പന്തിലായിരുന്നു ഗ്രാന്‍ഡ് പ്രയറി സ്റ്റേഡിയത്തെ ഒന്നടങ്കം അമ്പരപ്പിച്ച ക്യാച്ച് പിറന്നത്. ആന്ദ്രേ റസല്‍ എറിഞ്ഞ പന്തില്‍ സ്‌റ്റോയ്‌നിസ് ഷോട്ട് കളിച്ചു. എന്നാല്‍ ഓടിയെത്തിയ സ്‌പെന്‍സര്‍ അവിശ്വസനീയമാം വിധം ക്യാച്ച് കൈപ്പിടിയിലൊതുക്കുകയായിരുന്നു.
മത്സരത്തില്‍ നേരത്തെ ടോസ് നേടിയ യൂണികോണ്‍സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ മാത്യു വേഡിന്റെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുടെയും സ്റ്റോയ്‌നിസ്, കോറി ആന്‍ഡേഴ്‌സണ്‍ എന്നിവരുടെ ഇന്നിങ്‌സിന്റെ ബലത്തിലും മികച്ച സ്‌കോറാണ് സാന്‍ ഫ്രാന്‍സിസ്‌കോ പടുത്തുയര്‍ത്തിയത്.
വേഡ് 41 പന്തില്‍ ഏഴ് ബൗണ്ടറിയും അഞ്ച് സിക്‌സറുമായി 78 റണ്‍സ് നേടിയപ്പോള്‍ സ്‌റ്റോയ്‌നിസ് 18 പന്തില്‍ മൂന്ന് വീതം സിക്‌സറിന്റെയും ഫോറിന്റെയും അകമ്പടിയോടെ 37 റണ്‍സ് നേടി. 20 പന്തില്‍ മൂന്ന് സിക്‌സറും മൂന്ന് ഫോറുമായി 39 റണ്‍സാണ് ആന്‍ഡേഴ്‌സണിന്റെ സമ്പാദ്യം.
— San Francisco Unicorns (@SFOUnicorns) July 19, 2023
നൈറ്റ് റൈഡേഴ്‌സിനായി ആദം സാംപ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ക്യാപ്റ്റന്‍ സുനില്‍ നരെയ്ന്‍, ആന്ദ്രേ റസല്‍, അലി ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ നൈറ്റ് റൈഡേഴ്‌സിന് മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ സാധിച്ചില്ല. ജേസണ്‍ റോയ് (21 പന്തില്‍ 45), ആന്ദ്രേ റസല്‍ (26 പന്തില്‍ 42*), നിതീഷ് കുമാര്‍ (23 പന്തില്‍ 31) സുനില്‍ നരെയ്ന്‍ (17 പന്തില്‍ 28*) എന്നിവര്‍ പൊരുതിയെങ്കിലും വിജയം മാത്രം അകന്നുനിന്നു.
— Los Angeles Knight Riders (@LA_KnightRiders) July 19, 2023
20ാം ഓവറിലെ അവസാന പന്തും എറിഞ്ഞുതീര്‍ത്തപ്പോള്‍ നൈറ്റ് റൈഡേഴ്‌സ് 21 റണ്‍സകലെ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് ലോസ് ആഞ്ചലസ് നേടിയത്.
— Los Angeles Knight Riders (@LA_KnightRiders) July 19, 2023
ഈ വിജയത്തിന് പിന്നാലെ എം.ഐ ന്യൂയോര്‍ക്കിനെ പിന്തള്ളി മൂന്നാം സ്ഥാനത്തെത്താനും യൂണികോണ്‍സിനായി. ജൂലൈ 23ന് വാഷിങ്ടണ്‍ ഫ്രീഡത്തിനെതിരെയാണ് ടീമിന്റെ അടുത്ത മത്സരം.
കളിച്ച മൂന്ന് കളിയിലും പരാജയപ്പെട്ട് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് നൈറ്റ് റൈഡേഴ്‌സ്. ജൂലൈ 21ന് ചര്‍ച്ച് സ്ട്രീറ്റ് പാര്‍ക്കില്‍ വാഷിങ്ടണ്‍ ഫ്രീഡത്തിനെതിരെയാണ് പര്‍പ്പിള്‍ ആര്‍മിയുടെ അടുത്ത മത്സരം.
Content Highlight: Spencer Johnson’s brilliant catch in MLC