100 ബോളിന്റെ കളിയില്‍ 20 ബോളെറിഞ്ഞ് വിട്ടുകൊടുത്തത് ഒറ്റ റണ്‍സ്, ഒപ്പം മൂന്ന് വിക്കറ്റും 😳 😱; ഇവന് പ്രാന്താടാ....
Sports News
100 ബോളിന്റെ കളിയില്‍ 20 ബോളെറിഞ്ഞ് വിട്ടുകൊടുത്തത് ഒറ്റ റണ്‍സ്, ഒപ്പം മൂന്ന് വിക്കറ്റും 😳 😱; ഇവന് പ്രാന്താടാ....
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 10th August 2023, 12:38 pm

ദി ഹണ്‍ഡ്രഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബൗളിങ് പ്രകടനവുമായി സൂപ്പര്‍ താരം സ്‌പെന്‍സെര്‍ ജോണ്‍സണ്‍. ദി ഹണ്‍ഡ്രഡില്‍ ആഗസ്റ്റ് ഒമ്പതിന് നടന്ന ഓവല്‍ ഇന്‍വിന്‍സിബിള്‍ – മാഞ്ചസ്റ്റര്‍ ഒറിജിനല്‍സ് മത്സരത്തിലാണ് സ്‌പെന്‍സെര്‍ ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചത്.

നൂറ് പന്തുകളുള്ള ഒരു ഇന്നിങ്‌സില്‍ മാക്‌സിമം 20 പന്തുകളാണ് ഒരു ബൗളര്‍ക്ക് എറിയാന്‍ സാധിക്കുക. തന്റെ ക്വാട്ട മുഴുവന്‍ എറിഞ്ഞുതീര്‍ത്ത ജോണ്‍സണ്‍ ഒരു പന്തില്‍ മാത്രമാണ് റണ്‍സ് വഴങ്ങിയത്. അതായത് എറിഞ്ഞ 20 പന്തില്‍ 19ഉം ഡോട്ട് ബോളുകള്‍!

റണ്‍സ് വഴങ്ങുന്നതില്‍ പിശുക്ക് കാണിച്ചെങ്കിലും വിക്കറ്റ് വീഴ്ത്തുന്നതില്‍ ഒരു പിശുക്കും സ്‌പെന്‍സര്‍ കാണിച്ചില്ല. മൂന്ന് വിക്കറ്റുകളാണ് താരം പിഴുതെറിഞ്ഞത്. നേരിട്ട ആദ്യ പന്തില്‍ തന്നെ സിംഗിള്‍ നേടിയ ഒസാമ മിറിനെ പുറത്താക്കിയാണ് ജോണ്‍സണ്‍ തുടങ്ങിയത്. ടീം സ്‌കോര്‍ 58ല്‍ നില്‍ക്കവെ മിറിനെ വില്‍ ജാക്‌സിന്റെ കൈകളിലെത്തിച്ച് മടക്കിയ ജോണ്‍സണ്‍ ടോം ഹാര്‍ട്‌ലിയെയും ജോഷ്വ ലിറ്റിലിനെയും പൂജ്യത്തിനും പുറത്താക്കി.

താരത്തിന്റെ പ്രകടനത്തിന് ലോകത്തിന്റെ വിവധ കോണുകളില്‍ നിന്നും അഭിന്ദന പ്രവാഹമാണ്.

അതേസമയം, മത്സരത്തില്‍ ഒറിജിനല്‍സിനെ 94 റണ്‍സിന് കീഴടക്കി ഇന്‍വിന്‍സിബിള്‍സ് വിജയം ആഘോഷിച്ചരുന്നു. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്‍വിന്‍സിബിള്‍സ് നിശ്ചിത പന്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണ് നേടിയത്. സൂപ്പര്‍ താരം ഹെന്റിച്ച് ക്ലാസന്റെയും ജേസണ്‍ റോയ്‌യുടെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്‍വിന്‍സിബിള്‍ മികച്ച സ്‌കോറിലേക്കുയര്‍ന്നത്.

ജേസണ്‍ റോയ് 42 പന്തില്‍ 59 റണ്‍സ് നേടി പുറത്തായപ്പോള്‍ 27 പന്തില്‍ നിന്നും 60 റണ്‍സ് നേടിയാണ് ക്ലാസന്‍ വെടിക്കെട്ടിന് തിരികൊളുത്തിയത്. ആറ് സിക്‌സറും രണ്ട് ബൗണ്ടറിയുമാണ് ക്ലാസന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

ഇവര്‍ക്കൊപ്പം 13 പന്തില്‍ 32 റണ്‍സടിച്ച വില്‍ ജാക്‌സിന്റെ പ്രകടനവും നിര്‍ണായകമായി. രണ്ട് സിക്‌സറും മൂന്ന് ബൗണ്ടറിയുമാണ് ജാക്‌സിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

100 പന്തില്‍ 187 റണ്‍സ് എന്ന കൂറ്റന്‍ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ ഒറിജിനല്‍സിന് തുടക്കത്തിലേ പിഴച്ചിരുന്നു. ഫില്‍ സോള്‍ട്ട് 11 പന്തില്‍ രണ്ട് റണ്‍സ് നേടി പുറത്തായപ്പോള്‍ വണ്‍ ഡൗണായെത്തിയ ലോറി ഇവാന്‍സ് അഞ്ച് റണ്‍സിനും നാലാമന്‍ മാക്‌സ് ഹോള്‍ഡന്‍ പൂജ്യത്തിനും പുറത്തായി.

21 പന്തില്‍ 37 റണ്‍സുമായി ജെയ്മി ഓവര്‍ടണും 24 പന്തില്‍ 23 റണ്‍സുമായി ക്യാപ്റ്റന്‍ ജോസ് ബട്‌ലറും പൊരുതിയെങ്കിലും വിജയം കാതങ്ങള്‍ക്കുമപ്പുറമായിരുന്നു. ഒടുവില്‍ 89 പന്തില്‍ 92 റണ്‍സിന് ഒറിജിനല്‍സ് ഓള്‍ ഔട്ടായി.

സ്‌പെന്‍സറിന് പുറമെ സുനില്‍ നരെയ്‌നും മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഗസ് ആറ്റ്കിന്‍സണും നഥാന്‍ സൗടറും രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.

ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനും ഇന്‍വിന്‍സിബിള്‍സിനായി. മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് ജയവും ഒരു സമനിലയുമാണ് ഇന്‍വിന്‍സിബിള്‍സിനുള്ളത്.

ഓഗസ്റ്റ് 11നാണ് ഇന്‍വിന്‍സിബിള്‍സിന്റെ അടുത്ത മത്സരം. പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ നോര്‍തേണ്‍ സൂപ്പര്‍ചാര്‍ജേഴ്‌സാണ് എതിരാളികള്‍.

 

Content highlight: Spencer Johnson’s brilliant bowling performance in The Hundred