ബിഗ് ബാഷ് ലീഗിലെ ബ്രിസ്‌ബെയ്ന്‍ ഹീറ്റ്‌സ് തന്റെ ജീവിതം മാറ്റിമറിച്ചെന്ന് ഓസീസ് സൂപ്പര്‍ താരം സ്‌പെന്‍സര്‍ ജോണ്‍സണ്‍. ബിഗ് ബാഷ് ലീഗില്‍ കിരീടം നേടിയതിന് ശേഷം ഫോക്‌സ് സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ഹീറ്റ് ചരിത്രത്തിലെ രണ്ടാം ബി.ബി.എല്‍ കിരീടം ചൂടിയതിന് പ്രധാന കാരണങ്ങളിലൊന്ന് ജോണ്‍സന്‍ തന്നെയായിരുന്നു.
‘ഞാന്‍ ബ്രിസ്‌ബെയ്ന്‍ ഹീറ്റിനോട് പൂര്‍ണമായും കടപ്പെട്ടിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇവിടെയത്തുമ്പോള്‍ എന്റെ കരിയര്‍ എങ്ങോട്ടാണ് പോകുന്നതെന്ന് എനിക്കൊരു ധാരണയും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ എന്റെ ഏറ്റവുമടുത്ത 11 സുഹൃത്തുക്കള്‍ക്കൊപ്പം ഞാന്‍ ബിഗ് ബാഷ് ലീഗ് വിജയിച്ചിരിക്കുകയാണ്.
12 മാസങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഈ പൊസിഷനിലായിരുന്നില്ല, ബ്രിസ്‌ബെയ്ന്‍ ഹീറ്റ് എന്റെ ജീവിതം മാറ്റി മറിച്ചുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ താരം പറഞ്ഞു.
മത്സരത്തില്‍ ടോസ് നേടിയ സിക്സേഴ്സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബ്രിസ്‌ബെയ്ന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സായിരുന്നു സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങില്‍ 17.3 ഓവറില്‍ 112 റണ്‍സാണ് സിഡ്‌നിക്ക് നേടാനായത്.
നിര്‍ണായക ഘട്ടത്തില്‍ നാല് വിക്കറ്റ് നേടിയാണ് ജോണ്‍സണ്‍ ടീമിനെ രണ്ടാം കിരീടത്തിലേക്ക് നയിച്ചത്. നാല് ഓവറില്‍ വെറും 26 റണ്‍സ് വിട്ടുകൊടുത്താണ് താരം സിക്സേഴ്സിനെ സമ്മര്‍ദത്തിലാക്കിയത്. 6.50 എന്ന ഭേദപ്പെട്ട ഇക്കണോമിയിലാണ് താരം ഫോര്‍ഫര്‍ നേടിയത്.
സിക്സേഴ്സിന്റെ ഓപ്പണര്‍ ജാക് എഡ്വേഡ്സിനെ പുറത്താക്കിയായിരുന്നു താരം വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്. 16 റണ്‍സാണ് ജാക്കിന് നേടാന്‍ സാധിച്ചത്. സമ്മര്‍ദത്തില്‍ നിന്ന് കരകയറാന്‍ ജോഷ് ഫിലിപ്പ് 23 റണ്‍സ് നേടിയെങ്കിലും ജോണ്‍സന് വിക്കറ്റ് നല്‍കി മടങ്ങാന്‍ മാത്രമായിരുന്നു താരത്തിന്റെ വിധി.
ടോപ് ഓര്‍ഡറിനെ എറിഞ്ഞിട്ട ശേഷം ഏഴാമനായി ഇറങ്ങിയ ഹൈഡന്‍ കെറിനെയും ജോണ്‍സന്‍ പറഞ്ഞയച്ചു. പിന്നീട് ഇറങ്ങിയ ബെന്‍ ഡ്വാര്‍ഷിയസിനെ ഡക്കായും താരം മടക്കി.
മത്സരത്തില്‍ പ്ലയര്‍ ഓഫ് ദ മാച്ച് അവാര്‍ഡ് സ്വന്തമാക്കിയതും സ്‌പെന്‍സര്‍ ജോണ്‍സണ്‍ തന്നെയായിരുന്നു. കൂടാതെ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കുന്ന രണ്ടാമത് താരം എന്ന നേട്ടവും താരം സ്വന്തമാക്കി.