| Thursday, 25th January 2024, 9:20 am

ഗുജറാത്ത് 10 കോടിക്ക് എടുത്തവന്റെ ആറാട്ട്; 2013ന് ശേഷം ബിഗ് ബാഷ് ഫൈനലും നേടി

സ്പോര്‍ട്സ് ഡെസ്‌ക്

ബിഗ് ബാഷ് ലീഗിലെ 11ാം സീസണില്‍ ബ്രിസ്‌ബേന്‍ ഹീറ്റ് കിരീട ജേതാക്കളായിരിക്കുകയാണ്. എസ്.സി.ജി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സിഡ്ണി സിക്‌സേഴ്‌സിനെ 54 റണ്‍സിന് പരാജയപ്പെടുത്തിയാണ് ബ്രിസ്ബണ്‍സ് അഴിഞ്ഞാടിയത്. 2013ലാണ് ബ്രിസ്‌ബേന്‍ ഇതിന് മുമ്പ് കിരീടം സ്വന്തമാക്കുന്നത്.

ടോസ് നേടിയ സിക്‌സേഴ്‌സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബ്രിസ്‌ബേന്‍സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സായിരുന്നു സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങില്‍ 17.3 ഓവറില്‍ 112 റണ്‍സാണ് സിഡ്ണിക്ക് നേടാനായത്.

ഫൈനലില്‍ ബ്രിസ്‌ബേന്‍സിന് നിര്‍ണായകമായത് ഓസ്‌ട്രേലിയയുടെ ഇടംകയ്യന്‍ പേസ് ബൗളര്‍ സ്‌പെന്‍സര്‍ ജോണ്‍സനാണ്. നിര്‍ണായക ഘട്ടത്തില്‍ നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. നാല് ഓവറില്‍ വെറും 26 റണ്‍സ് വിട്ടുകൊടുത്താണ് താരം സിക്‌സേഴ്‌സിനെ സമ്മര്‍ദത്തിലാക്കിയത്. 6.50 എന്ന ഭേദപ്പെട്ട ഇക്കണോമിയിലാണ് താരത്തിന് ഫോര്‍ഫര്‍ നേടാനായത്.

സിക്‌സേഴ്‌സിന്റെ ഓപ്പണര്‍ ജാക് എഡ്‌വേഡ്‌സിനെ പുറത്താക്കിയായിരുന്നു താരം വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്. 16 റണ്‍സാണ് ജാക്കിന് നേടാന്‍ സാധിച്ചത്. സമ്മര്‍ദത്തില്‍ നിന്ന് കരകയറാന്‍ ജോഷ് ഫിലിപ്പി 23 റണ്‍സ് നേടിയെങ്കിലും ജോണ്‍സന്റെ രണ്ടാം വിക്കറ്റ് ആവാനായിരുന്നു വിധി. ടോപ് ഓര്‍ഡറില്‍ പ്രഹരമേല്‍പ്പിച്ച ശേഷം ഏഴാമനായി ഇറങ്ങിയ ഹൈഡന്‍ കെറിനെയും ജോണ്‍സന്‍ പറഞ്ഞയക്കുകയായിരുന്നു. പിന്നീട് ഇറങ്ങിയ ബെന്‍ ദ്വാര്‍ഷിസിനെ പൂജ്യം റണ്‍സിനാണ് സ്‌പെന്‍സര്‍ പറഞ്ഞയച്ചത്.

മത്സരത്തില്‍ പ്ലയര്‍ ഓഫ് ദ മാച്ച് അവാര്‍ഡും ജോണ്‍സനായിരുന്നു. കൂടാതെ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കുന്ന രണ്ടാമത് താരമാണ് ജോണ്‍സന്‍. 11 മെയ്ഡണ്‍ ഓവറും 19 വിക്കറ്റുകളുമാണ് താരം സ്വന്തമാക്കിയത്. വിക്കറ്റ് വേട്ടയില്‍ ഒന്നാമന്‍ ബ്രിസ്‌ബേന്‍ ഹീറ്റിന്റെ സേവിയര്‍ ബാര്‍ലറ്റാണ് 20 വിക്കറ്റുകളാണ് താരം നേടിയത്.

2024 ഐ.പി.എല്ലില്‍ സ്‌പെന്‍സര്‍ ജോണ്‍സനെ സ്വന്തമാക്കിയിരിക്കുന്നത് ഗുജറാത്ത് ടൈറ്റന്‍സാണ്. 10 കോടി രൂപയാണ് താരത്തിന്‍രെ വില. ഇന്ത്യന്‍ പിച്ചിലും താരത്തിന് മിന്നും പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.

Content Highlight: Spencer Johneson Mass Performance

We use cookies to give you the best possible experience. Learn more