|

ഹണി റോസ് കേസിൽ ശരവേഗത്തിൽ നടപടി, കൂത്താട്ടുകുളത്ത് മെല്ലെപ്പോക്ക്; നിയമസഭയില്‍ അനൂപ് ജേക്കബ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൂത്താട്ടുകുളത്ത് സി.പി.ഐ.എം കൗൺസിലറെ പൊലീസ് നോക്കി നിൽക്കെ കടത്തിക്കൊണ്ടുപോയ വിഷയത്തിൽ രൂക്ഷ വിമർശനം ഉന്നയിച്ച് പ്രതിപക്ഷം. തട്ടിക്കൊണ്ടുപോകൽ കേസ് സഭയിൽ അവതരിപ്പിച്ച് അനൂപ് ജേക്കബ് എം.എൽ.എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

ഒരു സ്ത്രീയുടെ വസ്ത്രാക്ഷേപം നടത്തുന്നതാണോ സ്ത്രീ സുരക്ഷയെന്ന് കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ പ്രസം​ഗത്തെ ഉദ്ധരിച്ച് എം.എൽ.എ സഭയിൽ ചോദിച്ചു. ഹണി റോസ് കേസിലെ സർക്കാർ നിലപാട് പരാമർശിച്ചായിരുന്നു പ്രതിപക്ഷാംഗങ്ങൾ മുന്നോട്ടുവന്നത്.

​ന​ഗരമധ്യത്ത് സി.പി.ഐ.എമ്മിൻ്റെ വനിതാ കൗൺസിലറെ സി.പി.എം നേതാക്കൾത്തന്നെ വസ്ത്രാക്ഷേപം ചെയ്ത് മർദിച്ച് ഒരു വാഹനത്തിൽ കടത്തിക്കൊണ്ടുപോകുന്നു, എന്ത് സ്ത്രീ സുരക്ഷയാണ് ഇവിടെയുള്ളത് . വസ്ത്രാക്ഷേപം ചെയ്യുന്നതാണോ സത്രീ സുരക്ഷ? കാല് തല്ലി ഒടിക്കും എന്ന് പറയുന്നതാണോ സുരക്ഷയെന്നും അനൂപ് ജേക്കബ് ചോദിച്ചു.

അവിശ്വാസ പ്രമേയത്തെ ആശയപരമായി നേരിടാൻ പോലും സി.പി.ഐ.എമ്മിന് കരുത്തില്ലേ. മൂവ്വാറ്റുപുഴ ഡി.വൈ.എസ്.പി അടക്കം നോക്കി നിൽക്കെയാണ് കൗണ്‍സിലറെ തട്ടിക്കൊണ്ട് പോയത്. ഹണി റോസ് കേസിൽ ശര വേഗത്തിൽ നടപടി സ്വീകരിച്ച പൊലീസ് ഈ കേസിൽ മെല്ലെപ്പോക്കിലാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം സുരക്ഷ ഒരുക്കിയെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷത്തിന് അവകാശമുണ്ട്. കല രാജു കൂറുമാറിയെങ്കിൽ അംഗത്വം രാജി വെയ്ക്കണം.

കല രാജുവിന് പരാതിയുണ്ട്. പരാതിയിൽ ശക്തമായ നടപടി ഉണ്ടാകും. സ്ത്രീകൾക്ക് എതിരായ ആക്രമണം ഗൗരവമായി കാണും. പൊലീസ് നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. പ്രതിപക്ഷം ഇതിൽ ശക്തമായ എതിർപ്പ് അറിയിച്ചു.

മുഖ്യമന്ത്രിയുടെ വാക്കിനും പഴയ ചാക്കിനും ഒരേ വിലയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളത്തിൽ എത്ര പഞ്ചായത്തിൽ കാലുമാറ്റം ഉണ്ടായി. അവരെ ഒക്കെ തട്ടി കൊണ്ട് പോവുകയാണോയെന്നും അദ്ദേഹം ചോദിച്ചു. പാർട്ടി ഏരിയാ സെക്രട്ടറിയാണ് ഒന്നാം പ്രതി. സംഭവത്തെ കാലുമാറ്റമായി ലഘൂകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. അഭിനവ ദുശ്ശാസനന്മാരായി ഭരണപക്ഷം മാറും. ഏഴ് വർഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് സി.പി.ഐ.എമ്മിന്റെ മുതിർന്ന നേതാക്കൾ ചെയ്തത്.

Content Highlight: Speedy action in Honey Rose case, slow in Koothattukulam: Anoop Jacob in Legislative Assembly

Video Stories