152 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞ് സ്പിന്നര്‍ 😱😱; ഞങ്ങള്‍ക്ക് പ്രാന്തായതാണോ അതോ സ്പീഡോമീറ്ററിന് പ്രാന്തായതണോ എന്ന് ആരാധകര്‍
IPL
152 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞ് സ്പിന്നര്‍ 😱😱; ഞങ്ങള്‍ക്ക് പ്രാന്തായതാണോ അതോ സ്പീഡോമീറ്ററിന് പ്രാന്തായതണോ എന്ന് ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 6th May 2023, 9:58 pm

 

ക്രിക്കറ്റില്‍ ഒരു ബൗളര്‍ എത്ര വേഗത്തില്‍ പന്തെറിഞ്ഞു എന്ന് കണക്കാക്കാന്‍ വേണ്ടിയാണ് സ്പീഡോമീറ്റര്‍ അല്ലെങ്കില്‍ സ്പീഡ് ഗണ്‍ ഉപയോഗിക്കുന്നത്. ഓരോ ഡെലിവെറിയുടെയും വേഗത ഇതിലൂടെ മനസിലാക്കാന്‍ സാധിക്കും.

എന്നാല്‍ ക്രിക്കറ്റില്‍ പലപ്പോഴും ഈ സ്പീഡ് ഗണ്ണിന്റെ കൃത്യത ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരത്തില്‍ ഒരു സംഭവമാണ് ചെപ്പോക്കിലെ ചെന്നൈ സൂപ്പര്‍ കിങ്‌സ് – മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ നടന്നത്.

13ാം ഓവറിലെ മൂന്നാം പന്തിലായിരുന്നു ഈ ‘അവിശ്വസനീയമായ’ സംഭവം നടന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ശ്രീലങ്കന്‍ സൂപ്പര്‍ താരം മഹീഷ് തീക്ഷണയുടെ ഡെലിവെറിക്ക് നേരെ 152 കിലോമീറ്റര്‍ വേഗത കാണിച്ചതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമായത്.

 

ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും സജീവമാവുകയാണ്. ‘ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരു സ്പിന്നര്‍ എറിഞ്ഞ ഏറ്റവും വേഗതയേറിയ ഡെലിവെറി’ എന്ന തരത്തിലാണ് ചര്‍ച്ചകളും ട്രോളുകളും സജീവമാവുന്നത്. സ്പീഡോമീറ്റര്‍ കള്ളുകുടിച്ചിട്ടുണ്ടോ എന്നും പാകിസ്ഥാനില്‍ നിര്‍മിച്ച സ്പീഡോമീറ്ററാണെന്നോ എന്നും ട്രോളുകള്‍ ഉയരുന്നുണ്ട്.

 

അതേസമയം, മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് വിജയിച്ചുകയറിയിരുന്നു. ചെന്നൈ ഉയര്‍ത്തിയ 140 റണ്‍സിന്റെ വിജയലക്ഷ്യം നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് സൂപ്പര്‍ കിങ്‌സ് മറികടന്നത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് മാത്രമാണ് നേടിയത്. ടീമിന്റെ ടോപ് ഓര്‍ഡര്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നതാണ് ദൈവത്തിന്റെ പോരാളികള്‍ക്ക് തിരിച്ചടിയായത്.

കഴിഞ്ഞ മത്സരത്തിലേതെന്ന പോലെ രോഹിത് ശര്‍മ വീണ്ടും പൂജ്യത്തിന് പുറത്തായി.

നായകന്‍ വീണെങ്കിലും യുവതാരം നേഹല്‍ വദേരയുടെ ചെറുത്ത് നില്‍പാണ് മുംബൈ ഇന്ത്യന്‍സിന് പൊരുതാവുന്ന ടോട്ടല്‍ സമ്മാനിച്ചത്. 51 പന്തില്‍ നിന്നും 64 റണ്‍സാണ് വദേര സ്വന്തമാക്കിയത്.

140 റണ്‍സിന്റെ വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ സി.എസ്.കെ ഡെവോണ്‍ കോണ്‍വേയുടെയും ഋതുരാജ് ഗെയ്ക്വാദിന്റെയും വെടിക്കെട്ടില്‍ വിജയം നേടുകയായിരുന്നു.

ഈ വിജയത്തിന് പിന്നാലെ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്കെത്താനും ധോണിക്കും സംഘത്തിനായി. 11 മത്സരത്തില്‍ നിന്നും ആറ് ജയവും ഒരു സമനിലയും നാല് തോല്‍വിയുമായി 13 പോയിന്റാണ് ചെന്നൈക്കുള്ളത്.

മെയ് പത്തിനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അടുത്ത മത്സരം. ദല്‍ഹി ക്യാപ്പിറ്റല്‍സാണ് എതിരാളികള്‍.

 

Content highlight: Speedometer showing 152 kmph speed of Mahish Thikshana’s delivery