ലോക പ്രശസ്തനായ അമേരിക്കന്‍ വ്‌ളോഗറാണ് സ്പീഡ് അഥവാ ഡാരന്‍ വാറ്റ്കിന്‍സ് ജൂനിയര്‍. ‘ഐഷോസ്പീഡ്’ എന്ന യൂട്യൂബ് പേജിലൂടെ ഇതിനോടകം 17.1 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സിനെ ഈ 18കാരന്‍ പയ്യന്‍ സ്വന്തമാക്കിയിട്ടുണ്ട്. ക്രിക്കറ്റിനെയും ഫുട്‌ബോളിനെയും ഒരുപോലെ ഇഷ്ടപ്പെടുന്ന സ്പീഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും വിരാട് കോഹ്‌ലിയുടെയും ആരാധകന്‍ കൂടിയാണ്.
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ദിവസം അദ്ദേഹം തന്റെ ആരാധ്യപുരുഷനെ നേരില്‍ കണ്ടു. കായിക ലോകത്തെ എക്കാലത്തേയും വലിയ സൂപ്പര്‍ താരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണ് തന്റെ കട്ട ഫാനിന്റെ ആഗ്രഹം നേരിലെത്തി സാധിച്ചുനല്‍കിയത്.
ശനിയാഴ്ച രാത്രി നടന്ന പോര്‍ച്ചുഗല്‍-ബോസ്‌നിയ ആന്‍ഡ് ഹെര്‍സെഗോവിന മത്സരത്തിന് ശേഷമാണ് ഇരുവരും കണ്ടുമുട്ടിയതെന്നാണ് സ്‌പോര്‍ട്‌സ്‌കീഡ റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്റെ സ്വപ്‌ന സാക്ഷാത്കാരത്തിന്റെ വീഡിയോ സ്പീഡ് യൂട്യൂബ് പേജിലും പങ്കുവെച്ചിട്ടുണ്ട്.
ഇതിന് മുമ്പ് ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കളിക്കവെ അദ്ദേഹത്തെ കാണാന്‍ ബ്രിട്ടനിലേക്ക് സ്പീഡ് വന്നിരുന്നെങ്കിലും, അന്ന് അസുഖം കാരണം റോണോ കളിച്ചിരുന്നില്ല. അന്ന് ഏറെ വിഷമിച്ചാണ് സ്പീഡ് നാട്ടിലേക്ക് മടങ്ങിയത്.
സ്പീഡിന്റെ കാത്തിരിപ്പിനൊടുവില്‍ കാറില്‍ വന്നിറങ്ങിയ റോണോ കറുത്ത പാന്റ്‌സും സ്‌കൈ ബ്ലൂ ടീഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. ക്രിസ്റ്റ്യാനോ കാറില്‍ നിന്നിറങ്ങുന്നതിന് മുമ്പ് തന്നെ ആവേശത്തിന്റെ കൊടുമുടിയിലായിരുന്നു സ്പീഡ്.
ക്രിസ്റ്റ്യാനോയെ പലവട്ടം കെട്ടിപ്പിടിക്കുകയും ഒപ്പം ഫോട്ടോയെടുക്കുകയും തന്റെ കയ്യില്‍ ചെയ്ത റോണോയുടെ ടാറ്റു താരത്തെ കാണിച്ചുകൊടുക്കുകയുമെല്ലാം ചെയ്തു. സ്പീഡിന്റെ ഹൈ വോള്‍ട്ടേജ് എനര്‍ജിക്ക് മുന്നില്‍ ക്രിസ്റ്റ്യാനോ പോലും കുറച്ചുനേരം പതറിപ്പോയി.
ക്രിസ്റ്റ്യാനോയുടെ സ്വന്തം ഏഴാം നമ്പര്‍ പോര്‍ച്ചുഗല്‍ ജഴ്‌സിയുടെ പുറത്ത് ‘ഐഷോസ്പീഡ്’ എന്ന് പ്രിന്റ് ചെയ്തു നല്‍കിയിരുന്നു. ഇതും അണിഞ്ഞായിരുന്നു സ്പീഡ് കളി കാണാനെത്തിയത്. ക്രിസ്റ്റ്യാനോ പോയ ശേഷവും ആവശേത്തള്ളിച്ചയില്‍ സ്പീഡ് കരയുന്നതും വീഡിയോയില്‍ കാണാമായിരുന്നു.
5.29 മില്യണോളം ആളുകളാണ് ഈ യൂട്യൂബ് വീഡിയോ ഇതിനോടകം കണ്ടത്. സോഷ്യല്‍ മീഡിയയും ഈ വീഡിയോ ആവേശപൂര്‍വ്വം ഏറ്റെടുത്തിട്ടുണ്ട്.