ന്യൂദല്‍ഹി: ഭാരത് ജോഡോ യാത്രക്കിടെ ലൈംഗികാക്രമത്തില്‍ ഇരയായവരെ മോശമായി ചിത്രീകരിച്ചുവെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ദല്‍ഹി പൊലീസ് നോട്ടീസ് അയച്ചെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട്.
ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിലെത്തിയപ്പോള്‍ അദ്ദേഹം ലൈംഗികാക്രമണത്തില്‍ ഇരയായവരെ കുറിച്ച് പരമാര്‍ശം നടത്തിയെന്നും അതിലെ വിവരങ്ങള്‍ അന്വേഷിച്ച് കൊണ്ടാണ് നോട്ടീസ് അയച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബലാത്സംഗത്തില്‍ ഇരയായ ഒരു പെണ്‍കുട്ടിയോട് പൊലീസിനെ വിവരം അറിയിക്കട്ടേയെന്ന് ചോദിച്ചപ്പോള്‍ ആ പെണ്‍കുട്ടി തനിക്ക് നാണക്കേടാകുമെന്ന് പറഞ്ഞ് അതിന് സമ്മതിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
എന്നാല്‍ രാഹുല്‍ ഗാന്ധി പറഞ്ഞ ആ പെണ്‍കുട്ടിയാരാണെന്നും അവരുടെ വിവരങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് കൊണ്ടാണ് ദല്‍ഹി പൊലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 2022 സെപ്റ്റംബര്‍ ഏഴ് മുതല്‍ 2023 ജനുവരി 30 വരെയായിരുന്നു കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര. യാത്രയുടെ സമാപനം ജമ്മു കശ്മീരില്‍ വെച്ചായിരുന്നു. 136 ദിവസം പിന്നിട്ട് 4,080 കിലോമീറ്ററോളം സഞ്ചരിച്ചാണ് ഭാരത് ജോഡോ യാത്ര അവസാനിച്ചത്.
പദയാത്രയുടെ സമാപനത്തില്‍ പ്രതിപക്ഷ നിരയിലെ പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്തിരുന്നു. കശ്മീരിലെ നേതാക്കളായ ഫാറൂഖ് അബ്ദള്ള, മെഹബൂബ മുഫ്തി തുടങ്ങിയവരും പ്രിയങ്ക ഗാന്ധിയും സമാപന സമ്മേളനത്തില്‍ സംസാരിച്ചിരുന്നു.