മാമന്നനും കര്‍ണനും ഇഷ്ടമായില്ലെന്ന് ശിവകാര്‍ത്തികേയന്‍, അടിച്ചമര്‍ത്തപ്പെട്ടവര്‍ തിരിച്ചടിക്കുന്നത് കൊണ്ടാണോ ഇഷ്ടമാകാത്തതെന്ന് പാ. രഞ്ജിത്
Film News
മാമന്നനും കര്‍ണനും ഇഷ്ടമായില്ലെന്ന് ശിവകാര്‍ത്തികേയന്‍, അടിച്ചമര്‍ത്തപ്പെട്ടവര്‍ തിരിച്ചടിക്കുന്നത് കൊണ്ടാണോ ഇഷ്ടമാകാത്തതെന്ന് പാ. രഞ്ജിത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 22nd August 2024, 4:11 pm

തന്റെ സിനിമകളിലൂടെ ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന സംവിധായകനാണ് മാരി സെല്‍വരാജ്. പാ. രഞ്ജിതിന്റെ നിര്‍മാണത്തില്‍ 2018ല്‍ റിലീസായ പരിയേറും പെരുമാള്‍ തമിഴിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ്. പിന്നീട് ധനുഷിനെ നായകനാക്കി കര്‍ണന്‍, വടിവേലുവിനെ കേന്ദ്ര കഥാപാത്രമാക്കി മാമന്നന്‍ എന്നീ സിനിമകളും മാരി സെല്‍വരാജ് അണിയിച്ചൊരുക്കി.

ഏറ്റവും പുതിയ ചിത്രമായ വാഴൈയുടെ ട്രെയ്‌ലര്‍ ലോഞ്ചില്‍ നടന്ന സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ചിത്രത്തിന്റെ പ്രിവ്യൂ കണ്ട ശിവകാര്‍ത്തികേയന്‍ മാരി സെല്‍വരാജ് ചെയ്ത സിനിമകളില്‍ തനിക്ക് ഏറ്റവും ഇഷ്ടമായത് പരിയേറും പെരുമാളും, വാഴൈയുമാണെന്ന് പറഞ്ഞു. കര്‍ണനും മാമന്നനും വയലന്‍സ് കാരണം തനിക്ക് അത്ര ഇഷ്ടമായില്ലെന്നും ശിവകാര്‍ത്തികേയന്‍ കൂട്ടിച്ചേര്‍ത്തു.

‘മാരി സെല്‍വരാജ് ചെയ്ത സിനിമകളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണെന്ന് ചോദിച്ചാല്‍ ഇന്നലെ വരെ പരിയേറും പെരുമാള്‍ എന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ഇന്നുമുതല്‍ അത് വാഴൈയാണ്. കര്‍ണനും മാമന്നനും നല്ല സിനിമകളാണോ എന്ന് ചോദിച്ചാല്‍ ആണെന്ന് പറയാം. പക്ഷേ, ആ രണ്ട് സിനിമകളിലും വയലന്‍സ് കുറച്ചു കൂടുതലാണ്. വാഴൈയില്‍ അങ്ങനെയില്ല അത് യഥാര്‍ത്ഥ ജീവിതമാണ് കാണിക്കുന്നത്,’ ശിവകാര്‍ത്തികേയന്‍ പറഞ്ഞു.

എന്നാല്‍ പാ. രഞ്ജിത് ഇതിന് പറഞ്ഞ മറുപടിയാണ് എല്ലാവരും ചര്‍ച്ച ചെയ്യുന്നത്. അടിച്ചമര്‍ത്തപ്പെടുന്നവന്റെ വേദനയാണ് വാഴൈയിലും പരിയേറും പെരുമാളിലും പറയുന്നതെന്നും അവര്‍ തിരിച്ചടിച്ചാല്‍ ഉണ്ടാകുന്ന കാര്യങ്ങളാണ് മാമന്നനിലും കര്‍ണനിലും കാണിക്കുന്നതെന്ന് പാ. രഞ്ജിത് പറഞ്ഞു. ഈ രണ്ട് സിനിമകളും ഇഷ്ടമായില്ലെന്ന് പറയുന്നവര്‍ അടിച്ചമര്‍ത്തപ്പെടുന്നവര്‍ ഒരുകാലത്തും തിരിച്ചടിക്കാന്‍ പാടില്ലെന്ന് കരുതുന്നവരാണെന്ന് കൂട്ടിച്ചേര്‍ത്തു. ശിവകാര്‍ത്തികേയന്റെ പേരെടുത്തു പറയാതെയാണ് രഞ്ജിത് ഇക്കാര്യം പറഞ്ഞത്.

‘പരിയേറും പെരുമാള്‍ നല്ല സിനിമയാണ്, കര്‍ണനും മാമന്നനും മോശം സിനിമകളാണോ? പരിയേറും പെരുമാളിന് ശേഷം ഇഷ്ടപ്പെട്ടത് വാഴൈയാണെന്ന് ചിലര്‍ പറയുന്നുണ്ട്. കര്‍ണന്‍ എന്തുകൊണ്ട് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ല? അടിച്ചമര്‍ത്തപ്പെട്ടവന്‍ തിരിച്ചടിക്കുന്നതുകൊണ്ടാണോ ഇഷ്ടമാകാത്തത്?

തിരിച്ചടിക്കുന്നത് അംഗീകരിക്കാന്‍ നിങ്ങള്‍ക്ക് പറ്റില്ലേ? പരിയേറും പെരുമാളില്‍ അവന്റെ വേദന കാണിക്കുമ്പോള്‍ നിങ്ങള്‍ കൈയടിച്ചു. കര്‍ണനില്‍ അവന്‍ തിരിച്ചടിക്കുമ്പോള്‍ വയലന്‍സിനെ ഗ്ലോറിഫൈ ചെയ്യുന്നുവെന്ന് പറയുന്നു. എന്താണ് നിങ്ങള്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്?’ പാ. രഞ്ജിത് പറഞ്ഞു.

Content Highlight: Speech of Sivakarthikeyan and Pa Ranjith become viral in Vaazhai trailer launch