| Tuesday, 7th May 2024, 11:06 am

ഭരണകൂടം ഞങ്ങളെ ദേശദ്രോഹികളെന്ന് മുദ്രകുത്തുമെന്ന് ഗാന്ധിയോ നെഹ്‌റുവോ ഒരിക്കലും കരുതിക്കാണില്ല: പ്രിയങ്ക ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്ബറേലി: ഇന്ത്യയിൽ അധികാരത്തിലെത്തുന്ന ഏതെങ്കിലും ഒരു ഭരണകൂടം തങ്ങളെ രാജ്യദ്രോഹികളായി മുദ്രകുത്തുമെന്ന് മഹാത്മാ ഗാന്ധിയോ നെഹ്‌റുവോ വിചാരിച്ചിരിക്കില്ലെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേദ്രമോദി നടത്തിയ പ്രസംഗത്തിലെ അദ്ദേഹത്തിന്റെ ഭാഷയെയും പ്രിയങ്ക ഗാന്ധി വിമർശിച്ചു.റായ്ബറേലിയിലെ പാർട്ടിപ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് പ്രിയങ്ക ഗാന്ധി ഇത് പറഞ്ഞത്.

‘മഹാത്മാ ഗാന്ധിയോ നെഹ്‌റുവോ ഇന്ത്യയിലെ ഏതെങ്കിലുമൊരു ഭരണകൂടം തങ്ങളെ രാജ്യദ്രോഹികളെന്ന് വിളിക്കുമെന്നോ, നിങ്ങൾ ഞങ്ങൾക്ക് 400 സീറ്റുകൾ തന്നാൽ ഭരണഘടന മാറ്റുമെന്ന് പറയുമെന്നോ വിചാരിച്ചുകാണില്ല’, പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.

ബ്രിട്ടീഷ് രാജ് കാലത്തെ കർഷക സമരത്തെക്കുറിച്ചും പ്രിയങ്ക ഗാന്ധി സംസാരിച്ചു. അന്നത്തെ കർഷക സമരത്തിൽ മോത്തിലാൽ നെഹ്‌റുവും ജവഹർലാൽ നെഹ്‌റുവും റായ്ബറേലിയിൽ വച്ചാണ് അറസ്റ്റ് ചെയ്യപ്പെട്ടതെന്നും അതുകൊണ്ട് തന്നെ റായ്ബറേലിയിലെ സമരങ്ങൾക്ക് എന്നും ഒരു ചരിത്രമുണ്ടെന്നും അവർ സൂചിപ്പിച്ചു.

‘റായ്ബറേലിയിലെ സമരങ്ങളുടെ ഒരു വശത്തു സത്യവും നീതിയും ഉണ്ടായിരുന്നു. മറുവശത്തു ജനങ്ങളെ ഒരിക്കലും പരിഗണിക്കാത്ത ഒരു ഭരണകൂടവും. തിന്മയും നന്മയുമായുള്ള ഈ മത്സരത്തിൽ നന്മ വിജയിക്കട്ടെ’, പ്രിയങ്ക പറഞ്ഞു.

അതോടൊപ്പം ഇന്ദിര ഗാന്ധിയുടെ റായ്ബറേലിയിലെ തോൽവിയെക്കുറിച്ചും പ്രിയങ്ക ഗാന്ധി സംസാരിച്ചു. റായ്ബറേലിയിലെ തോൽ‌വിയിൽ ഇന്ദിര ഗാന്ധി വിഷമിച്ചിരുന്നിട്ടില്ല. ആ തോൽവിയിലൂടെ അവർ കൂടുതൽ പഠിക്കുകയും പിന്നീടുള്ള തെരഞ്ഞെടുപ്പുകളിൽ ആ മണ്ഡലത്തിൽ വിജയിക്കുകയും ചെയ്തു.

‘റായ്ബറേലി എന്റെ കുടുംബത്തിന്റെ രക്തം വീണ് നനഞ്ഞ മണ്ണാണ്, നിങ്ങളുടെ പൂർവികർ ജീവൻ ബലിയർപ്പിച്ച പുണ്യഭൂമിയാണ്. ഇന്ന് നാം നമ്മുടെ ആത്മാഭിമാനത്തിനും അവകാശങ്ങൾക്കും വേണ്ടി പോരാടുകയാണ്. ഈ യുദ്ധം നമുക്ക് ശക്തിയോടെ നേരിടേണ്ടി വരും’, പ്രിയങ്ക പറഞ്ഞു.

ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി രണ്ടു പതിറ്റാണ്ടായി കൈവശം വച്ചിരുന്ന മണ്ഡലമായ റായ്ബറേലിയിൽ മത്സരിക്കുന്നുണ്ട്.

Content Highlight: speech of Priyanka Gandhi in Raybareli

We use cookies to give you the best possible experience. Learn more