തിരുവനന്തപുരം: ബൈബിളിലെ നോഹയെപ്പോലെ പ്രളയ ജലത്തില്‍ പേടകങ്ങളുമായി വന്ന് കേരളജനതയെ രക്ഷിച്ചവരാണ് ഓരോ മത്സ്യത്തൊഴിലാളിയുമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ വാസുകി. രക്ഷാപ്രവര്‍ത്തനത്തില്‍ സജീവ പങ്കാളികളായ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങിലായിരുന്നു വാസുകിയുടെ വികാരഭരിതമായ പ്രസംഗം.
തന്റെ നാടിന്റെ മര്യാദയനുസരിച്ച് എല്ലാവരോടും കൈ കൂപ്പി നന്ദി പറയുന്നുവെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. “എന്റെ സഹപ്രവര്‍ത്തകനായ ഹരികിഷോര്‍ ഐ.എ.എസാണ് എന്നെ ആദ്യം വിളിച്ചത്. മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങള്‍ വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാല്‍ അപ്പോഴേയ്ക്കും നമ്മുടെ നാടും വെള്ളത്തില്‍ മുങ്ങിത്തുടങ്ങിയിരുന്നു.
Read: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള തുക ആയിരം കോടി കവിഞ്ഞു
ദുരിതാശ്വാസത്തിനുള്ള വസ്തുക്കള്‍ ശേഖരിക്കുന്ന തിരക്കിലായിരുന്നു ഞാന്‍. എനിക്ക് പരിചയമുള്ള മത്സ്യത്തൊഴിലാളികളെയും അവിടങ്ങളിലുള്ള അച്ചന്‍മാരെയും വിളിച്ചിരുന്നു. അപ്പോഴാണ് അവര്‍ വള്ളങ്ങളൊക്കെ തയ്യാറാക്കി ദുരിത ബാധിത പ്രദേശത്തേയ്ക്ക് പോകാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു എന്ന് പറഞ്ഞത്.
വാഹനം സജ്ജമാക്കികൊടുത്താല്‍ മതി, അവര്‍ പോകാം എന്ന് എന്നോട് പറഞ്ഞു. ആ സമയത്ത് അവരെ സഹായിക്കാന്‍ ധാരാളം ഡ്രൈവേഴ്‌സ് മുന്നോട്ട് വന്നിരുന്നു. അവരുടെ സേവനവും ഒരിക്കലും മറക്കാന്‍ സാധിക്കില്ല”. വാസുകി പറയുന്നു. കേരളത്തിലെ പല ജില്ലകളിലേക്കും വള്ളങ്ങളുമായി പോയത് തിരുവനന്തപുരത്ത് നിന്നുള്ള മത്സ്യത്തൊഴിലാളികളായിരുന്നു.
Also Read: നമ്മള്‍ കേട്ടതിനേക്കാള്‍ കൂടുതല്‍ തുകയായിരിക്കും യു.എ.ഇ നല്‍കുക: മുഖ്യമന്ത്രി
ഈ ആവശ്യം ഉന്നയിച്ച് വിളിച്ചപ്പോള്‍ “എത്ര വള്ളങ്ങളും മത്സ്യത്തൊഴിലാളികളും വേണമെന്ന് പറഞ്ഞാല്‍ മതി, പോകാന്‍ റെഡിയാണ്” എന്ന മറുപടിയാണ് തിരികെ ലഭിച്ചത്. ആ വാക്കുകള്‍ തന്ന ആശ്വാസവും ഊര്‍ജവും ചെറുതല്ലെന്ന് വാസുകി നന്ദിയോടെ പറയുന്നു. “ഇതുവരെ കേരളം എന്ന് കേള്‍ക്കുമ്പോള്‍ ഫിഷ്‌കറിയാണ് ഓര്‍മ്മയില്‍ വന്നിരുന്നത്.
എന്നാല്‍ ഇനി മുതല്‍, മുഖ്യമന്ത്രി പറഞ്ഞതുപോലെ കേരളത്തിന്റെ സൈന്യമാണ് മത്സ്യത്തൊഴിലാളികള്‍”. ഈ രക്ഷാ ദൗത്യത്തില്‍ പങ്കാളികളായ എല്ലാവരെയും ഒരിക്കല്‍ക്കൂടി നന്ദിയോടെ ഓര്‍ക്കുന്നു എന്ന് പറഞ്ഞാണ് കലക്ടര്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.