ആന്ധ്രാപ്രദേശില്‍ നാല് ശതമാനം മുസ്‌ലിം സംവരണം നിലനിര്‍ത്തും; സംവരണം മതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ലെന്ന് ജഗന്‍ മോഹന്‍ റെഡ്ഡി
India
ആന്ധ്രാപ്രദേശില്‍ നാല് ശതമാനം മുസ്‌ലിം സംവരണം നിലനിര്‍ത്തും; സംവരണം മതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ലെന്ന് ജഗന്‍ മോഹന്‍ റെഡ്ഡി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th May 2024, 5:20 pm

വിശാഖപട്ടണം: മുസ്‌ലിം വിഭാഗത്തിന് സംവരണം നൽകുന്നത് അവരുടെ മതത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ലെന്നും മറിച്ച് സാമൂഹ്യ നിലകൂടി പരിഗണിച്ചാണെന്നും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി.

നാല് ശതമാനം സംവരണമാണ് മുസ്‌ലിങ്ങൾക്ക് നൽകുന്നതെന്നും ഇത് ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുസ്‌ലിം വിഭാഗത്തിന് നിലവിൽ നല്കിക്കൊണ്ടിരുന്ന നാല് ശതമാനം സംവരണം തുടർന്നും നൽകുമെന്ന് ജഗൻ മോഹൻ റെഡ്ഡി ഉറപ്പ് നൽകി. അധികാരത്തിലെത്തിയാൽ എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗത്തിന് നൽകിക്കൊണ്ടിരിക്കുന്ന സംവരണം കോൺഗ്രസ് മുസ്‌ലിം വിഭാഗത്തിന് നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സംവരണവിഷയത്തിൽ ജഗൻ മോഹൻ റെഡ്‌ഡി പ്രതികരിച്ചത്.

ഇന്ത്യയിൽ മുസ്‌ലിം വിഭാഗത്തിന് സംവരണം നൽകുന്നത് മതത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല അവരുടെ സാമൂഹിക നിലയെ അടിസ്ഥാനമാക്കിക്കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ മതത്തിലും ഉയർന്ന ജാതിക്കാരും പിന്നോക്കമുള്ളവരും ഉണ്ട്. അപ്പോൾ പിന്നെ ന്യൂനപക്ഷങ്ങളെ ഒഴിവാക്കണം എന്ന് പറയുന്നത് നീതി നിഷേധമാണ്. പ്രധാനമന്ത്രി തന്റെ രാഷ്ട്രീയ താത്പര്യങ്ങൾക്കായി ഇത്തരം കാര്യങ്ങൾ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

‘2011 ലെ സെൻസെസ് പ്രകാരം ആന്ധ്രപ്രദേശിലെ 9 . 5 ശതമാനവും മുസ്‌ലിം വിഭാഗമാണ്. മുസ്‌ലിം സംവരണം എടുത്തുകളയുമെന്ന് പ്രതിജ്ഞ ചെയ്യുന്ന ബി.ജെ.പിക്കൊപ്പമാണ് ഇപ്പോൾ തെലുങ്ക് ദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡു. ബി.ജെ.പിക്കൊപ്പം നിന്ന് മുസ്‌ലിം സംവരണം എടുത്തുകളയുമെന്ന് വാഗ്ദാനം നൽകിയിരിക്കുകയാണ് അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമാണ് രാജ്യത്തെ എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളുടെ സംവരണം കൊള്ളയടിക്കുന്നത് ,’ ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു.

എൻ.ആർ.സി, സി.എ.എ നിയമങ്ങളിലും തങ്ങൾ ന്യൂനപക്ഷങ്ങളുടെ താല്പര്യം പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Content Highlight: Speech of Andhra Pradesh C.M against Modi