| Thursday, 21st November 2024, 11:40 am

ഭരണഘടന അവഹേളന പ്രസംഗം; സജി ചെറിയാനെതിരെ പുനരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സാംസ്‌കാരിക മന്ത്രി സജി ചെറിയാന് തിരിച്ചടി. ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയതില്‍ സജി ചെറിയാനെതിരെ പുനരന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ബെച്ചു കുര്യന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

പരാതിയില്‍ അന്വേഷണം തുടരണമെന്ന് കോടതി ഡി.ജി.പിയ്ക്ക് നിര്‍ദേശം നല്‍കി. ക്രൈം ബ്രാഞ്ച് അന്വേഷണത്തിനാണ് ഉത്തരവിട്ടിരിക്കുന്നത്. മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തിനിടെ ഭരണഘടനയെ ആക്ഷേപിച്ച് സംസാരിച്ചുവെന്നായിരുന്നു സജി ചെറിയാനെതിരായ കേസ്.

സംസ്ഥാന പൊലീസിനെ ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തു. ഫോണ്‍ കോള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പരിശോധിക്കാതെ എങ്ങനെയാണ് കേസ് തീര്‍പ്പാക്കുന്നതെന്നും കോടതി ചോദിച്ചു.

തുടര്‍ന്ന് കേസിലെ പൊലീസിന്റെ അന്തിമ റിപ്പോര്‍ട്ട് കോടതി റദ്ദാക്കുകയും ചെയ്തു. പ്രസംഗത്തില്‍ ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ട് റദ്ദാക്കിയ കോടതി നടപടിക്ക് പിന്നാലെ മന്ത്രി സജി ചെറിയാന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. അന്വേഷണ വിധേയനായി മാറിനില്‍ക്കണമെന്നാണ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടത്.

മന്ത്രിയെ തിരിച്ചെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം തെറ്റെന്ന് ഇപ്പോള്‍ തെളിഞ്ഞുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

എന്നാല്‍ താന്‍ രാജിവെക്കില്ലെന്നും അന്വേഷണത്തെ നേരിടുമെന്നും സജി ചെറിയാന്‍ പ്രതികരിച്ചു. കോടതി ഉന്നയിച്ചത് അന്വേഷണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാത്രമാണ്. അന്വേഷണത്തില്‍ ഒരു ധാര്‍മിക പ്രശ്‌നവുമില്ലെന്നും മന്ത്രി പറഞ്ഞു.

കോടതി തന്റെ ഭാഗം കൂടി കേള്‍ക്കണമായിരുന്നുവെന്നും സജി ചെറിയാന്‍ പറഞ്ഞു. സജി ചെറിയാന്റെ മല്ലപ്പള്ളി പ്രസംഗത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ സ്വകാര്യ ഹരജി പരിഗണിച്ചാണ് കോടതി വിധി.

സജി ചെറിയാന്റെ സ്വാധീന ഫലമായാണ് അന്വേഷണം അവസാനിപ്പിച്ചതെന്നും പൊലീസ് റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്നുമായിരുന്നു ഹരജിയിലെ ആവശ്യം.

Content Highlight: speech in contempt of the Constitution; High Court orders re-investigation against Saji Cherian

We use cookies to give you the best possible experience. Learn more