ന്യൂദല്‍ഹി: ഗുജറാത്തില്‍ നാഥുറാം വിനായക് ഗോഡ്‌സെയെ പ്രശംസിച്ച് പ്രഭാഷണ മത്സരം നടത്തിയതിന് പിന്നാലെ ഗുജറാത്ത് സര്‍ക്കാര്‍ യൂത്ത് ഡെവലപ്പമെന്റ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു.
സംഭവത്തില്‍ അന്വേഷണം നടത്തിയതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തതായും വല്‍സാദ് ജില്ലാ കളക്ടര്‍ ക്ഷിപ്ര ആഗ്രെ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ഗാന്ധിനഗറിലെ സാംസ്‌കാരിക വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ച് വിവരത്തെ തുടര്‍ന്ന് സംഭവത്തില്‍ കുറ്റാരോപിതനായ ഉദ്യോഗസ്ഥനായ നീതാബെന്‍ ഗാവ്ലിയെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്,”കളക്ടര്‍ പറഞ്ഞു.
ജില്ലാതല ബാലപ്രതിഭാ ശോധ് സ്പര്‍ധയുടെ ഭാഗമായാണ് ഫെബ്രുവരി 14ന് സ്വാശ്രയ സ്‌കൂളായ കുസുമം വിദ്യാലയത്തില്‍ പ്രഭാഷണ മത്സരം സംഘടിപ്പിച്ചത്.
മത്സരത്തില്‍ 25 ഓളം സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലെ അഞ്ചാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ പങ്കെടുത്തിരുന്നു.
എന്നാല്‍ വിഷയം ചര്‍ച്ചയായതോടെ ഇത്തരത്തിലൊരു മത്സരം സംഘടിപ്പിച്ചതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് നീതാബെന്‍ ഗാവ്ലിയ പ്രതികരിച്ചത്.
അതിനിടെ, മത്സരം നടന്ന സ്‌കൂളായ കുസുമം വിദ്യാലയ മാനേജ്മെന്റ്, പരിപാടിക്ക് സ്ഥലം വിട്ടുനല്‍കുക മാത്രമാണ് ചെയ്തതെന്നും സ്‌കൂളിലെ അധ്യാപകരോ വിദ്യാര്‍ത്ഥികളോ പരിപാടിയില്‍ പങ്കെടുത്തിട്ടില്ലെന്നും അറിയിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ കുസുമം വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ പ്രഭാഷണത്തില്‍ പങ്കെടുത്തതായി വൈബ്‌സ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം, കുസുമം വിദ്യാലയത്തില്‍ ഈയൊരു വിഷയത്തില്‍ പരിപാടി സംഘടിപ്പിച്ചതായി ഞങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും കുസുമം വിദ്യാലയത്തില്‍ നടക്കുന്ന വിവിധ മത്സരങ്ങളില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 8 ന് ജില്ലയിലെ 25 സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കും കത്ത് നല്‍കിയിരുന്നതായും ജില്ലാ യുവ വികാസ് ഓഫീസില്‍ നിന്ന് അറിയിച്ചു.
വൈബ്സ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച് വിഷയത്തില്‍ പ്രതിഷേധം ശക്തമായതോടെ പരിപാടിയുടെ സംഘാടകര്‍ ഒന്നാം സമ്മാനം നേടിയ കുട്ടിയോട് ട്രോഫി തിരികെ നല്‍കാന്‍ നിര്‍ദ്ദേശിച്ചതായി പറയുന്നു.
Content Highlights: Speech contest praising Godse; Youth Development Officer suspended in Gujarat