യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാലില്‍ വീഴുന്ന നടന്‍ രജിനികാന്തിന്റെ നടപടി സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുന്നുണ്ട്. ലക്നൗവില്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് നടന്‍ യോഗിയുടെ കാലില്‍ വീണത്.
യോഗിയെ സന്ദര്‍ശിച്ചതിന് പിന്നാലെയുള്ള ഈ നടപടിയില്‍ വലിയ വിമര്‍ശനം നടനെതിരെ ഉയരുന്നുണ്ട്. തമിഴ് ജനതയെ നാണം കെടുത്തി, രജിനികാന്തിന്റെ പ്രവര്‍ത്തി അങ്ങേയറ്റം മോശമായി പോയി, ഇദ്ദേഹത്തില്‍ നിന്ന് ഇങ്ങനെ ഒന്ന് ഒട്ടും പ്രതീക്ഷിച്ചില്ല തുടങ്ങിയ വിമര്‍ശനങ്ങളാണ് ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.
ഇതിനിടയില്‍ തമിഴകത്തെ മറ്റൊരു സൂപ്പര്‍ സ്റ്റാര്‍ കമല്‍ ഹാസന്റെ ഒരു പ്രസംഗവും ഇതിനോട് ചേര്‍ത്തുവെച്ച് വൈറലാകുന്നുണ്ട്.
‘നാളെ ഏതെങ്കിലും മന്ത്രശക്തിയുള്ള സ്വാമിമാര്‍ ഒരു ദൈവത്തെ കൊണ്ട് നിര്‍ത്തായാലും കൈകൂപ്പി അവരെ വരവേല്‍ക്കും, പക്ഷേ അവരുടെ മുമ്പില്‍ കുമ്പിടില്ല,’ എന്നാണ് കമല്‍ ഹാസന്‍ പറഞ്ഞിരുന്നത്. കമല്‍ ഹാസന്റേതായി 2015ല്‍ പുറത്തിറങ്ങിയ തൂങ്കാവനം എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിങ്ങിനിടെ നടന്‍ നടത്തിയ പ്രസംഗമാണിത്.
യോഗി ആദിത്യനാഥും രജിനികാന്തും ഒരുമിച്ച് ജയിലര്‍ കാണുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. യോഗിയെ സന്ദര്‍ശിച്ചതിന് പിന്നാലെ മുമ്പ് താരം ഉപേക്ഷിച്ച രാഷ്ട്രീയ പ്രവേശനം വീണ്ടും ഉണ്ടാകുമോ എന്ന ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
അതേസമയം, ജയിലറിന്റെ വിജയത്തില്‍ കമല്‍ ഹാസന്‍ സംവിധായകന്‍ നെല്‍സണെ വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചതായുള്ള റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ലോകേഷുമായി കമല്‍ഹാസന്‍ ഒന്നിച്ച വിക്രത്തിന്റെ റെക്കോഡ് ഉള്‍പ്പടെ തകര്‍ത്ത് കൊണ്ടാണ് ജയിലര്‍ പ്രദര്‍ശനം തുടരുന്നത്.
വലിയ കളക്ഷനാണ് ജയിലറിന് ഇപ്പോഴും ലഭിക്കുന്നത്. റിലീസ് ചെയ്ത് പത്ത് ദിവസങ്ങള്‍ പിന്നീടുമ്പോള്‍ ചിത്രം തമിഴിലെ എക്കാലത്തെയും വലിയ ഹിറ്റിലേക്കാണ് എത്തിയിരിക്കുന്നത്. ഇതിനോടകം ചിത്രം 400 കോടി രൂപ സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.