ന്യൂദല്‍ഹി: ബി.ജെ.പി നേതാവ് നിര്‍മ്മലാ സീതാരാമനെ അഭിനന്ദിച്ചുള്ള ട്വീറ്റിനു പിന്നാലെ കോണ്‍ഗ്രസ് വക്താവ് ദിവ്യ സ്പന്ദനയുടെ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി. ‘ഈ അക്കൗണ്ട് നിലവിലില്ല’ എന്നാണ് ട്വിറ്ററില്‍ ദിവ്യയുടെ അക്കൗണ്ട് സര്‍ച്ച് ചെയ്യുമ്പോള്‍ കിട്ടുന്ന മറുപടി.
ബി.ജെ.പി നേതാവ് നിര്‍മ്മലാ സീതാരാമന് ധനമന്ത്രിയുടെ ചുമതല ലഭിച്ചതിനു പിന്നാലെയാണ് ദിവ്യ അവരെ അഭിനന്ദിച്ചു ട്വീറ്റു ചെയ്തത്. 1970ല്‍ ധനമന്ത്രിയായ ഇന്ദിരാഗാന്ധിയ്ക്കുശേഷം ആ ചുമതല വഹിക്കുന്ന ആദ്യ സ്ത്രീയാണ് നിര്‍മ്മലാ സീതാരാമനെന്നു പറഞ്ഞായിരുന്നു രമ്യയുടെ അഭിനന്ദനം.
ദിവ്യ ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തതിനോട് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് മീഡിയ വിങ് വിസമ്മതിച്ചു. അടുത്തിടെ കോണ്‍ഗ്രസ് വക്താക്കള്‍ ഒരുമാസത്തേക്ക് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി നിര്‍ദേശിച്ചിരുന്നു. ഈ വിലക്കുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോയെന്നും കോണ്‍ഗ്രസും വ്യക്തമാക്കിയിട്ടില്ല.
ദിവ്യ അക്കൗണ്ട് ഡിലീറ്റ് ചെയ്തതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പല ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. ലോകസഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ സംഘത്തില്‍ നിന്നും ദിവ്യ പുറത്തുപോയോയെന്ന സംശയമാണ് പലരും ഉയര്‍ത്തുന്നത്. എന്നാല്‍ ഇക്കാര്യം ചോദിച്ച എ.എന്‍.ഐയോട് ‘നിങ്ങളുടെ സോഴ്‌സിന് തെറ്റി’ എന്ന മറുപടിയാണ് ദിവ്യ നല്‍കിയത്.
#DivyaSpandana listened to u
@vivekagnihotri ..Thats great. pic.twitter.com/7FN63MUtO9— Shree (@shree__tweets) 1 June 2019
കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ട്വിറ്ററിലെ ബയോയില്‍ നിന്നും ദിവ്യ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഹെഡ് എന്ന പദവി നീക്കിയിരുന്നു. ഈ വേളയില്‍ തന്നെ ദിവ്യ സോഷ്യല്‍ മീഡിയ ഹെഡ് പദവിയില്‍ നിന്നും രാജിവെച്ചെന്നും പാര്‍ട്ടിയോട് അതൃപ്തിയുണ്ടെന്നുമൊക്കെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കകം അവര്‍ ട്വിറ്ററില്‍ തിരിച്ചെത്തുകയും ബയോ സോഷ്യല്‍ മീഡിയയില്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിരുന്നു.