| Sunday, 18th August 2019, 12:21 pm

കര്‍ണാടകത്തില്‍ ജനതാദള്‍ എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക്?; സര്‍ക്കാരിനെ സ്ഥിരതയുള്ളതാക്കാന്‍ ബി.ജെ.പി ശ്രമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: യെദിയൂരപ്പ സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു മാസം പിന്നിടുന്നതിന് മുമ്പേ ജനതാദള്‍ എസില്‍ നിന്നും എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരിനെ സ്ഥിരതയുള്ളതാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ശ്രമങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

12ഓളം എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നാണ് അഭ്യൂഹങ്ങള്‍. നേരത്തെ രാജി സമര്‍പ്പിച്ച എം.എല്‍.എമാരില്‍ ചിലര്‍ ഈ നീക്കം ശരിയാണെന്ന് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

ജനതാദളില്‍ നിന്നും മൂന്നും കോണ്‍ഗ്രസില്‍ നിന്ന് 13ഉം എം.എല്‍.എമാരും രാജിവെച്ചതാണ് സംസ്ഥാനത്ത് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്താന്‍ കാരണമായത്. 105 അംഗങ്ങളുടെ പിന്തുണ നേടിയാണ് ബി.ജെ.പി വിശ്വാസ വോട്ടിലൂടെ അധികാരത്തിലെത്തിയത്. രാജിവെച്ച എം.എല്‍.എമാരുടെ നിയോജക മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ 113 അംഗങ്ങളുടെ പിന്തുണ വേണം ഭരണം നിലനിര്‍ത്താന്‍.

അയോഗ്യരാക്കിയ എം.എല്‍.എമാരുടെ ഹര്‍ജി കോടതി തള്ളുകയാണെങ്കില്‍ 17 നിയോജക മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കും. ഇതില്‍ 10 എണ്ണത്തിലെങ്കിലും വിജയിച്ചില്ലെങ്കില്‍ ബി.ജെ.പി സര്‍ക്കാരിന്റെ നിലനില്‍പ്പ് അപകടത്തിലാവും. അത്തരമൊരു സാഹചര്യം ഒഴിവാക്കാനാണ് ബി.ജെ.പി നിലവില്‍ എം.എല്‍.എമാരായവരെ ജനതാദളില്‍ നിന്ന് കൂറുമാറ്റാന്‍ ശ്രമിക്കുന്നത്.

ജനതാദള്‍ എം.എല്‍.എമാരില്‍ മൂന്നില്‍ രണ്ടില്‍ എം.എല്‍.എമാരെ കൂറുമാറ്റാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അത്രയും എം.എല്‍.എമാര്‍ വന്നാല്‍ കൂറുമാറ്റ നിരോധന നിയമത്തില്‍ കുരുങ്ങില്ല. മുന്‍ മന്ത്രിയും ജനതാദള്‍ എസ് നേതാവുമായ ജി.ടി ദേവഗൗഡ ഈയടുത്ത ദിവസങ്ങളില്‍ ബി.ജെ.പി നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നത് ചര്‍ച്ചയായിരുന്നു.

We use cookies to give you the best possible experience. Learn more