തിരുവനന്തപുരം: ഐ.എഫ്.എഫ്.കെ സമാപന വേദിയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ പ്രേക്ഷകരുടെ കൂവല്‍. സ്വാഗത പ്രസംഗത്തിന് ക്ഷണിച്ചതിനിടെയാണ് രഞ്ജിത്തിനെതിരെ കാണികള്‍ കൂവിയത്. കഴിഞ്ഞ വര്‍ഷവും ഐ.എഫ്.എഫ്.കെയുടെ സമാപന വേളയില്‍ സിനിമാ പ്രദര്‍ശനത്തിന് സീറ്റ് ലഭിക്കാത്തവരുടെ ഭാഗത്ത് നിന്ന് രഞ്ജിത്ത് കൂവല്‍ നേരിട്ടിരുന്നു.
ഈ വര്‍ഷത്തെ ഐ.എഫ്.എഫ്.കെ വേദിയില്‍ ഉണ്ടായ പ്രതിഷേധത്തിന് പിന്നില്‍ ചലച്ചിത്ര അക്കാദമിയുമായി ബന്ധപ്പെട്ട വിവാദങ്ങളാണെന്നാണ് വിലയിരുത്തല്‍. പ്രകാശ് രാജ് അടക്കമുള്ള വ്യക്തികളെ വന്‍ ആരവത്തോടെ സ്വാഗതം ചെയ്തതിനിടെയാണ് രഞ്ജിത്ത് കാണികളില്‍ നിന്ന് പ്രതിഷേധം നേരിട്ടത്.
എന്നാല്‍ പ്രസംഗത്തില്‍ മേളയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അക്കാദമിയുടെ എല്ലാ ജീവനക്കാര്‍ക്കും രഞ്ജിത്ത് അഭിനന്ദനം അറിയിച്ചു. അക്കാദമിയുടെ വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, ജനറല്‍ സെക്രട്ടറിയേയും വേദിയിലേക്ക് ക്ഷണിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. അതേസമയം കേരള ചലച്ചിത്ര അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളെ പൂര്‍ണമായും മാറ്റിനിര്‍ത്തിക്കൊണ്ടായിരുന്നു രഞ്ജിത്തിന്റെ പ്രസംഗം.
ഐ.എഫ്.എഫ്.കെ ചെയര്‍മാന്‍ രഞ്ജിത്ത് ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്നും അക്കാദമിയില്‍ ജനാധിപത്യമില്ലെന്നും ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മുണ്ടിന്റെ കോന്തലയും പിടിച്ച് ആറാം തമ്പുരാനായി ചെയര്‍മാന്‍ ഇതുവഴി ഇങ്ങനെ നടക്കുന്നതുകൊണ്ടല്ല ഫെസ്റ്റിവല്‍ ഇങ്ങനെ നടക്കുന്നതെന്നും ഇത് വരിക്കാശ്ശേരി മനയല്ലെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
രഞ്ജിത്ത് സ്വയം തിരുത്താന്‍ തയാറാവണമെന്നും അല്ലാത്ത പക്ഷം അദ്ദേഹത്തെ പുറത്താക്കണമെന്നും അക്കാദമി അംഗം മനോജ് കാന മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
Content Highlight: Spectators protest against Ranjith at IFFK venue