2013 വരെ പാലക്കാട് മുതല്‍ വടക്കോട്ടുള്ള ജില്ലകളിലെ കേരളാ ജനസംഖ്യയുടെ പകുതിയോളം വരുന്ന മനുഷ്യര്‍ വിദഗ്ദ ചികിത്സക്കായി ആശ്രയിച്ചിരുന്നത് കോഴിക്കോട് മെഡിക്കല്‍ കോളേജിനെയായിരുന്നു. ഈ സമയം തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള തെക്കന്‍ ജില്ലകളില്‍ അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളാണുണ്ടായിരുന്നത്. മാറി മാറി വന്നിരുന്ന സര്‍ക്കാരുകള്‍ ആരോഗ്യ വികസത്തിന് പണം വിനിയോഗിച്ചതില്‍ പ്രകടമായ പ്രാദേശിക വേര്‍തിരിവിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഇത്.
ഏറെക്കാലത്തെ ആവശ്യങ്ങള്‍ക്കൊടുവില്‍ 2013 മുതല്‍ മലപ്പുറം, പാലക്കാട്, വയനാട്, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ പ്രഖ്യാപിക്കുകയുണ്ടായി. എന്നാല്‍, ഈ പ്രഖ്യാപനങ്ങള്‍ കഴിഞ്ഞ് 10 വര്‍ഷം പൂര്‍ത്തിയാകുമ്പോഴും പോലെയുള്ള പ്രാദേശിക അസമത്വം അന്നത്തേത് പോലെ തന്നെ തുടരുകയാണ്.
2013ലാണ് മലപ്പുറത്ത് മഞ്ചേരിയില്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നത്. മഞ്ചേരി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജാക്കി ഉയര്‍ത്തുകയായിരുന്നു. എന്നാല്‍ ഈ ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസത്തിന് ചെലവഴിച്ച പണത്തില്‍ ഏറിയ പങ്കും ഗള്‍ഫ് മേഖലയില്‍ നിന്നടക്കമള്ള പ്രദേശവാസികളുടെ സഹായമായിരുന്നു.
2014ല്‍ പാലക്കാടും കാസര്‍ഗോഡും മെഡിക്കല്‍ കോളേജ് പ്രഖ്യാപിച്ചെങ്കിലും പാലക്കാട് മാത്രമാണ് നിലവില്‍ അഡ്മിഷന്‍ തുടങ്ങാനായത്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന പരിയാരം മെഡിക്കല്‍ കോളേജ് 2019ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തതോടെ കണ്ണൂര്‍ ജില്ലക്കും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുണ്ടായി. 2021ല്‍ വയനാടും മെഡിക്കല്‍ കോളേജ് പ്രഖ്യാപിച്ചു. എന്നാല്‍ ഈ ആശുപത്രികളിലൊന്നും മെഡിക്കല്‍ കോളേജിനാവശ്യമായ സംവിധാനം ഇതുവരെ ഉണ്ടായിട്ടില്ല.
അതില്‍ ആദ്യം മുതലേ ചികിത്സാ മേഖലിയില്‍ ഒരുപാട് പിന്നാക്കം നില്‍ക്കുന്ന വയനാട്, കാസര്‍ഗോഡ് ജില്ലകള്‍ വലിയ രീതിയിലുള്ള അവഗണനയാണ് ഇപ്പോഴും നേരിടുന്നത്.
ഈ രണ്ട് ജില്ലകളിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, മറ്റ് ജില്ലകളിലെ ജില്ലാ ആശുപത്രികളിലുള്ള സൗകര്യങ്ങള്‍ പോലും ഇവിടങ്ങളിലില്ലെന്നാണ് ഡൂള്‍ന്യൂസ് നടത്തിയ റിപ്പോര്‍ട്ടില്‍ കണ്ടെത്തുന്നത്.
2021 ഫെബ്രുവരി 21നാണ് മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജായി മാറ്റുന്നത്. എന്നാല്‍ മെഡിക്കല്‍ കോളേജിന് ആവശ്യമായ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാതെ ജില്ലാ ആശുപത്രിയുടെ ബോര്‍ഡ് മാറ്റിവെക്കല്‍ പ്രക്രിയ മാത്രമാണ് നടന്നതെന്ന ആക്ഷേപം അന്ന് തന്നെ ഉയര്‍ന്നിരുന്നു.
ഘട്ടം ഘട്ടമായി ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ അന്നത്തെ അവകാശവാദം. എന്നാല്‍, മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം ആരംഭിച്ച് രണ്ട് വര്‍ഷം പിന്നിട്ടിട്ടും വയനാട് ജില്ലക്കാര്‍ക്ക് മികച്ച ചികിത്സക്കായി അയല്‍ ജില്ലകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
2005ല്‍ ജില്ലാ ആശുപത്രിയായിരുന്നപ്പോള്‍ 274 കിടക്കകള്‍ ഉണ്ടായിരുന്ന ഇവിടെ 500 കിടക്കകള്‍ ആക്കണമെന്ന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ 17 വര്‍ഷത്തിനിപ്പുറം മെഡിക്കല്‍ കോളേജായിട്ടും വെറും 382 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം മാത്രമാണിവിടെയുള്ളത്. ഈ ഒരൊറ്റ കണക്ക് മതി മാറിമാറിവരുന്ന സര്‍ക്കാരുകള്‍ ഈ ആശുപത്രിയോട് കാണിക്കുന്ന അവഗണന ബോധ്യപ്പെടാന്‍.
പ്രസവമടക്കമുള്ള ആവശ്യങ്ങള്‍ക്ക് വരെ മേഖലയിലെ ആദിവാസി വിഭാഗങ്ങളടക്കം ഇപ്പോഴും ആശ്രയിക്കുന്നത് കോഴിക്കോട് മെഡിക്കല്‍ കോളേജിനെയാണ്.
‘എന്റെ ഭാര്യയുടെ ആദ്യ പ്രസവമാണിത്. മാസം തികയാതെ പ്രസവിച്ചതിനാലാണ് ബത്തേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് റഫര്‍ ചെയ്തത്. ഞങ്ങള്‍ ഇവിടെ വന്നിട്ട് ഒരു മാസത്തോളം ആയി,’ സുല്‍ത്താന്‍ ബത്തേരില്‍ നിന്നുള്ള ഷിബു ഡുള്‍ന്യൂസിനോട് പറഞ്ഞു.
ഷിബുവിനെ പോലെ നിരവധി പേരാണ് ഒന്നും രണ്ടും മാസങ്ങളായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃസംരക്ഷണ ബ്ലോക്കിന്റെ മുന്നില്‍ ചെറിയ ടാര്‍പായ കെട്ടി താമസിക്കുന്നത്. മോഷണക്കുറ്റം ആരോപിച്ചുള്ള ആള്‍ക്കൂട്ട വിചാരണക്ക് പിന്നാലെ മരിച്ച നിലയില്‍ കണ്ടെത്തിയ കല്‍പ്പറ്റ സ്വദേശി വിശ്വനാഥനും ഇതേസ്ഥലത്താണ് ദിവസങ്ങളോളം താമസിച്ചിരുന്നത്.
വയനാട് ജില്ലയില്‍ ഗോള്‍ഡന്‍ അവറില്‍(ഒരു മണിക്കൂറിനുള്ളില്‍ ചികിത്സ) വിദഗ്ദ
ചികിത്സാ സൗകര്യം ലഭിക്കുന്നില്ല. അപകടത്തിനും മറ്റ് അടിയന്തര ചികിത്സക്കും മറ്റും റഫര്‍ ചെയ്യുന്നത് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കാണ്. കോഴിക്കോട് എത്തണം ഇവർക്ക് ഏറ്റവും ചുരുങ്ങിയ ചികിത്സ കിട്ടാൻ. അതിന് ചുരം കടക്കണം. രണ്ടര മൂന്ന് മണിക്കൂറ് ഇതിനായി ആവശ്യമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഗോള്‍ഡെന്‍ അവറില്‍ മെഡിക്കല്‍ കോളേജില്‍ എത്തുക എന്നത് ഒരു തരത്തിലും സാധ്യമാകാത്ത കാര്യമാണ്.
ഇപ്പോഴത്തെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ നിന്ന് റഫര്‍ ചെയ്യുന്നത് കല്‍പ്പറ്റയിലെ ജില്ലാ ആശുപത്രിയിലേക്കും മറ്റുമാണെന്ന് വയനാട് മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ടുള്ള ആക്ഷന്‍ കമ്മിറ്റി അംഗം ഉമ്മര്‍ വി.കെ. മലായി ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘2022 ജനുവരിയില്‍ മൂന്ന് പേരാണ് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സാ സൗകര്യങ്ങള്‍ ഇല്ലാതിരിന്നതിനെ തുടർന്ന് തിരിച്ചയച്ചതിന് പിന്നാലെ വഴിയില്‍ വെച്ച് മരണപ്പെട്ടത്,’ അദ്ദേഹം പറഞ്ഞു.
2021ല്‍ മാനന്തവാടിയില്‍ മെഡിക്കല്‍ കോളേജ് പ്രഖ്യാപിച്ചെങ്കിലും കല്‍പ്പറ്റക്കടത്തുള്ള മടക്കിമലയില്‍ മെഡിക്കല്‍ കോളേജ് വേണമെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആവശ്യം. അതിനായി ഒമ്പത് ഘട്ട സമരങ്ങള്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നു.
കോണ്‍ഗ്രസ് നേതാവായിരുന്ന ജിനചന്ദ്രന്റെ ഓര്‍മക്കായി മെഡിക്കല്‍ കോളേജിന്
വിട്ടുനല്‍കിയ 50 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കാരണം ഇവിടെ മെഡിക്കല്‍ കോളേജ് പണിയുക സാധ്യമല്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
ഇപ്പോള്‍ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്ന മാനന്തവാടി വയനാടിന്റെ ഒരറ്റത്തായതിനാല്‍, ജില്ലയിലെ മുഴുവന്‍ ആളുകള്‍ക്കും ചികിത്സക്കായി എളുപ്പത്തില്‍ എത്തിച്ചേരാൻ സാധ്യമല്ലെന്നാണ് മെഡിക്കല്‍ കോളേജിനായി രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ അഭിപ്രായം.
‘മടക്കിമലയില്‍ ഒരു പാരിസ്ഥിതിക പ്രശ്‌നവുമില്ല. 2018ലെ പ്രളയത്തിന് ശേഷം ഉത്തരേന്ത്യന്‍ സംഘം നടത്തിയ പഠനത്തില്‍ പറയുന്നത് ഇതിനെക്കുറിച്ച് കൂടുതല്‍ പഠിക്കണം എന്നാണ്. അല്ലാതെ ഇവിടെ കെട്ടിടങ്ങള്‍ പാടില്ലെന്ന് പറഞ്ഞിട്ടില്ല.
കൊവിഡിന്റെ സമയത്ത് ഇവിടുത്തെ വന്‍കിട സ്വകാര്യ ആശുപത്രിയിലെ മുതലാളിമാരില്‍ നിന്ന് കൈക്കൂലി വാങ്ങിയിട്ടാണ് ഇല്ലാത്ത കാരണം പറഞ്ഞ് ആശുപത്രി മടക്കിമലയില്‍ നിന്ന് മാറ്റുന്നത്,’ ഉമ്മര്‍ വി.കെ. മലായി ഡൂള്‍ന്യൂസിനോട് പറഞ്ഞു.
കല്‍പ്പറ്റയുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറിയ സൗകര്യങ്ങള്‍ മാത്രമുള്ള ഒരു ടൗണ്‍ ആണ് മാനന്തവാടി. പരമാവധി മൂന്നര ഏക്കറില്‍ കൂടുതല്‍ സര്‍ക്കാരിന് ഇവിടുന്ന് ഭൂമി ഏറ്റെടുക്കാന്‍ കഴിയില്ലെന്നും അതുകൊണ്ട് തന്നെ ഭാവിയില്‍ ആശുപത്രിയുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള വികസനത്തിനും ഇവിടെ സാധ്യതയില്ലെന്നും ആക്ഷന്‍ കമ്മിറ്റി ആരോപിക്കുന്നു.
സര്‍ക്കാര്‍ തലത്തില്‍ ആരോഗ്യ മേഖലയില്‍ വികസനം വരാതിരിക്കാന്‍ സ്വകാര്യ മേഖലയിലെ ഒരു ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആരോപണം. ആംബുലന്‍സുകളിലടക്കം ഒരു തരം മാഫിയകള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കോഴിക്കോട്ടുള്ള പ്രധാനപ്പെട്ട സ്വകാര്യ സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ നിന്ന് കമ്മീഷന്‍ വാങ്ങി രോഗികളെ കൊണ്ടുപോകുന്ന പരിപാടി വരെ തകൃതിയായി നടക്കുന്നുണ്ടെന്നും ഇവര്‍ പരാതി ഉന്നയിക്കുന്നു.
പ്രളയത്തെ തുടര്‍ന്ന് ജില്ലാ ദുരന്ത നിവാരണ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് കല്‍പ്പറ്റയില്‍ നിന്ന് ആശുപത്രി മാറ്റിയതെന്നാണ് സര്‍ക്കാര്‍ വാദം. ജില്ലയിലെ മുഖ്യധാര രാഷ്ട്രീയ നേതൃത്വങ്ങളും ഈ തീരുമാനത്തിനൊപ്പമാണ്. എന്നാല്‍ മാനന്തവാടിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വേണം എന്ന ജനങ്ങളുടെ ആവശ്യത്തില്‍ ഈ രാഷ്ട്രീയ നേതൃത്വത്തിനും അഭിപ്രായവ്യത്യാസങ്ങളില്ല.
വയനാട്ടില്‍ ചികിത്സയുമായി ബന്ധപ്പെട്ട് അപര്യാപ്തതകള്‍ ഉള്ളതിനാല്‍ ജനങ്ങള്‍ക്ക് സ്വാഭാവിക പ്രതിഷേധമുണ്ടെന്നും എന്നാല്‍ മെഡിക്കല്‍ കോളേജ് മാറ്റണമെന്ന ആക്ഷന്‍ കമ്മിറ്റിയുടെ പ്രചരണം ചില തല്‍പര കക്ഷികളുടേതാണെന്നും സി.പി.ഐ.എം നേതാവും മുന്‍ എം.എല്‍.യുമായ സി.കെ. ശശീന്ദ്രന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘മാനന്തവാടിയില്‍ നിന്ന് മറ്റ് സ്ഥലത്തേക്ക് മാറ്റണമെന്നത് ചില തല്‍പരകക്ഷികളുടെ മാത്രം ആവശ്യമാണ്. ജില്ലയിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് അങ്ങനെയൊരു അഭിപ്രായമില്ല.
കല്‍പ്പറ്റയില്‍ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ട്. ഭാവിയില്‍ അവിടെ എന്തെങ്കിലും ആപത്തുണ്ടായാല്‍ ആര് മറുപടി പറയും. മാനന്തവാടിയില്‍ കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ കൂടുതല്‍ വേഗത്തില്‍ ഇടപെടാന്‍ ഞങ്ങള്‍ സമ്മര്‍ദം ചെലുത്തും,’ സി.കെ. ശശീന്ദ്രന്‍ പറഞ്ഞു.
മെഡിക്കല്‍ കോളേജ് വരുമെന്ന് പ്രതീക്ഷിച്ച് മടക്കിമലയില്‍ ഭൂമി വാങ്ങിച്ചുകൂട്ടിയവര്‍ അടക്കമുള്ളവരാണ് ആശുപത്രി മാറ്റണമെന്ന പ്രചരണങ്ങളുടെ പിന്നിലെന്നും ശശീന്ദ്രന്‍ ആരോപിച്ചു.
മാനന്തവാടി മെഡിക്കല്‍ കോളേജിനെതിരെ സമരസമിതി പ്രാദേശിക വാദം ഉയര്‍ത്തുന്നുവെന്ന ആരോപണവും രാഷ്ട്രീയ നേതൃത്വം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ അങ്ങനെയൊരു വിഷയം ഇവിടെയില്ലെന്നും അത് ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കാനാണെന്നുമാണ് ആക്ഷന്‍ കമ്മിറ്റിയുടെ മറുപടി.
ജില്ലയില്‍ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളേജായ വിംസ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് ഒരു വാദം. എന്നാല്‍ സര്‍ക്കാരിന് അതിന് ഒരുപാട് തടസങ്ങളുണ്ട്. നിലവില്‍ അവിടുത്തെ ജീവനക്കാരെയടക്കം സര്‍ക്കാര്‍ ഏറ്റെടുത്താലെ കോളേജ് സര്‍ക്കാരിന് വിട്ടുകൊടുക്കുയുള്ളുവെന്നാണ് വിംസ് പറയുന്നത്. എന്നാല്‍ ഈ ആവശ്യം പരിഗണിക്കാന്‍ സര്‍ക്കാരിന് കഴിയില്ല. ആക്ഷന്‍ കമ്മിറ്റിയും ഈ ആവശ്യത്തിന് എതിരാണ്.
‘വിംസ് ആശുപത്രിയുടെ എം.ഡി ആസാദ് മൂപ്പന്‍ തന്നെ ഒരു പത്ര സമ്മേളനത്തില്‍ പറഞ്ഞത് വയനാട്ടില്‍ രണ്ട് മെഡിക്കല്‍ കോളേജിന് സാധ്യതയില്ല എന്നാണ്. ഇതില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒത്തുകളിയുണ്ട്.
കൊവിഡിന്റെ സമയത്ത് ഇവിടുത്തെ വന്‍കിട സ്വകാര്യ ആശുപത്രിയിലെ മുതലാളിമാരില്‍ നിന്ന് കൈക്കൂലി വാങ്ങിയിട്ടാണ് ഇല്ലാത്ത കാരണം പറഞ്ഞ് ആശുപത്രി മടക്കിമലയില്‍ നിന്ന് മാറ്റിയത്. വിംസ് ആശുപത്രി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് പ്രായോഗികമല്ല,’ ഉമ്മര്‍ വി.കെ. മലായി പറഞ്ഞു.
വിംസ് മെഡിക്കല്‍ കോളേജില്‍ വലിയ ചൂഷണങ്ങളാണ് നടക്കുന്നതെന്നും സര്‍ക്കാരിന്റെ ഇന്‍ഷൂന്‍സ് പദ്ധതിയുള്ളത് കൊണ്ടാണ് ആശുപത്രി നിലനിന്ന് പോകുന്നതെന്നും ആക്ഷന്‍ കമ്മിറ്റി ആരോപിക്കുന്നു.
6000ത്തലധികം എൻഡോസള്‍ഫാന്‍ ദുരിതബാധിതരുള്ള ജില്ലയാണ് കാസര്‍ഗോഡ്. എന്നാല്‍
പത്ത് വര്‍ഷം മുമ്പ് നിര്‍മാണം തുടങ്ങിയ ഉക്കിനടുക്കയിലെ കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് കിടത്തി ചികിത്സ പോലും തുടങ്ങാത്ത അവസ്ഥയിലാണ്. 2013ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഉക്കിനടുക്കിയില്‍ മെഡിക്കല്‍ കോളേജിന് തറക്കല്ലിടുന്നത്. രണ്ട് വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി ആദ്യ ബാച്ച് തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇതേസമയം നിര്‍മാണം തുടങ്ങിയ കോന്നി, ഇടുക്കി, പാലക്കാട് മെഡിക്കല്‍ കോളേജുകളില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
തുടര്‍ച്ചയായ പ്രതിഷേധങ്ങളെ തുടര്‍ന്ന് അക്കാദമിക്ക് ബ്ലോക്കില്‍ 2022 ജനുവരിയില്‍ ഒ.പി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. എന്നാലിവിടെ ഡോക്ടര്‍മാര്‍ പേരിന് മാത്രമേയുള്ളു.
ജനറല്‍, മെഡിസിന്‍ ഒ.പികള്‍ മാത്രമാണ് ഇവിടെ ആഴ്ചയില്‍ ആറ് ദിവസവും പ്രവര്‍ത്തിക്കുന്നത്. കോളേജിലുള്ള ജീവനക്കാരെ പോലും മറ്റ് ജില്ലകളിലേക്ക് സ്ഥലം മാറ്റുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും പരാതിയുണ്ട്.
കാസര്‍ഗോഡ് ടൗണില്‍ നിന്ന് വലിയ ദൂരമാണ് ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളേജിലേക്കുള്ളത്. ടൗണില്‍ നിന്ന് കാര്യമായ ബസ് സര്‍വീസ് പോലും ഈ മേഖലയിലേക്കില്ല.
മെഡിക്കല്‍ കോളേജ് പൂര്‍ത്തിയായാലും കാസര്‍ഗോട്ടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആകില്ലെന്ന് ഉദുമ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘മെഡിക്കല്‍ കോളേജ് നില്‍ക്കുന്നത് ജില്ലയുടെ വടക്കേ അറ്റത്താണ്. തെക്കുഭാഗത്തുള്ള പ്രദേശങ്ങളിലെ ആളുകള്‍ക്ക് ഇവിടേക്ക് എത്തിപ്പെടുക പ്രയാസമുള്ള കാര്യമാണ്.
എന്നാലും തുടങ്ങിയ ഒരു പ്രവൃത്തി എന്ന നിലയില്‍ മെഡിക്കല്‍ കോളേജിന്റെ പണികള്‍
വേഗത്തിലാക്കണം. അതിനായി ഞങ്ങള്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. കഴിഞ്ഞ തവണ ഇതിന് വേണ്ടിമാത്രം ആരോഗ്യമന്ത്രിയെ ഉക്കിനടുക്കയിലേക്ക് കൊണ്ടുപോയിരുന്നു,’ സി.എച്ച്. കുഞ്ഞമ്പു പറഞ്ഞു.
കാസര്‍ഗോഡ് ജില്ലാ ആശുപത്രിയുള്ളത് കാഞ്ഞങ്ങാട് ആണ്. അവിടെയും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ഒരുപാട് പരാതികളുണ്ട്. എൻഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഇപ്പോള്‍ ആശ്രയിക്കുന്നത് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിനെയാണ്.
കൊവിഡ് കാലത്ത് തുടങ്ങിയ ടാറ്റയുടെ ആശുപത്രി പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇവിടെ കിടത്തി ചികിത്സക്കുള്ള സൗകര്യം ഉണ്ടെങ്കിലും ഉപയോഗിക്കാത്ത അവസ്ഥയാണ്.
മംഗലാപുരത്തെ സ്വകാര്യ ആശുപത്രികളെയാണ് ജില്ലയിലെ കൂടുതല്‍ ആളുകളും ചികിത്സക്കായി ഇപ്പോഴും ആശ്രയിക്കുന്നത്. പരിയാരം മെഡിക്കല്‍ കോളേജില്‍ പോകുന്നതിനേക്കാല്‍ ദൂരം കുറവാണ് കാസര്‍ഗോട്ടുകാര്‍ക്ക് മംഗലാപുരത്തേക്ക്.
മെഡിക്കല്‍ കോളേജടക്കം ഇവിടുത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സ ഇഴഞ്ഞുനീങ്ങുന്നതിന് പിന്നില്‍ മംഗലാപുരം ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പൊതുവെ ആക്ഷേപമുണ്ടെന്ന് ജില്ലയിലെ ചികിത്സ സൗകര്യവുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്ന കാസര്‍ഗോട്ടെ കെ.പി.എസ് വിദ്യാനഗര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘മംഗലാപുരത്ത് പ്രൈവറ്റ് മെഡിക്കല്‍ കോളേജിലേക്ക് ചികിത്സക്ക് പോകുന്നവര്‍ക്ക് കുറഞ്ഞ ചിലവില്‍ ചികിത്സ നല്‍കുന്നുണ്ട്. മംഗലാപുരത്ത് എട്ടോ ഒമ്പതോ മെഡിക്കല്‍ കോളേജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ചികിത്സിക്കുന്നതിന് കാസര്‍ഗോട്ടെ രോഗികളെ വേണം.
രാജ്യാന്തര തലത്തില്‍ തന്നെ ചർച്ചയായ ഒരു കാര്യമായിരുന്നു കൊവിഡ് സമയത്ത് കര്‍ണാടക മണ്ണിട്ട് അതിര്‍ത്തി മണ്ണിട്ട് മൂടിയത്. അന്ന് അന്ന് മംഗലാപുരത്തേക്ക് പോകാന്‍ പറ്റാത്ത സ്ഥിതിവിശേഷമുണ്ടായി.
ആ സമയത്തെങ്കിലും തങ്ങളുടെ അവസ്ഥ അധികാരികള്‍ തിരിച്ചറിഞ്ഞു എന്നുള്ള ധാരണ കാസര്‍ഗോട്ടുകാര്‍ക്കുണ്ടായിരുന്നു.
അതിന് ശേഷമെങ്കിലും ഒരു പരിഹാരം ഉണ്ടാകുമെന്ന് കരുതി. എന്നാല്‍ കൊവിഡ് കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഒരു മാറ്റവും ഇല്ല,’ കെ.പി.എസ് വിദ്യാനഗര്‍ പറഞ്ഞു.
മംഗലാപുരത്തൈ സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ ഇന്‍വെസ്റ്റ് ചെയ്ത ധാരാളം ബിസിനസുകാര്‍ കാസര്‍ഗോഡുണ്ട്. അവര്‍ക്ക് കാസര്‍ഗോഡ് ഇന്‍വെസ്റ്റ് ചെയ്യാന്‍ താത്പര്യം ഇല്ലാത്തതുകൊണ്ടാണ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ ജില്ലയില്‍ ഇതുവരെ വരാത്തതെന്നും കെ.പി.എസ് വിദ്യാനഗര്‍ ആരോപിക്കുന്നു.
ജില്ലയിലെ ചികിത്സാ അപര്യാപ്തതയെ ചോദ്യം ചെയ്ത് ജനകീയ സമരവേദിയും ആക്ഷന്‍ കൗണ്‍സിലുമൊക്കെ പ്രവര്‍ത്തിച്ചിരുന്നു. ഇവരുടെ നേതൃത്വത്തില്‍ കാസര്‍കോഡ് കളക്ട്രേറ്റിലും തിരുവനന്തപുരം സെക്രട്ടറിയേറ്റിലും കാസര്‍ഗോഡ് ടൗണിലുമൊക്കെയായി ഒരുപാട് സമരങ്ങള്‍ നടന്നിരുന്നു.
‘കരയുന്ന കുട്ടിക്കേ പാലൊള്ളൂ’ എന്ന മുദ്രാവാക്യം പറഞ്ഞു കരച്ചില്‍ സമരം, പിന്നാക്കം നില്‍ക്കുന്ന ജില്ലയെ പ്രതിനിധീകരിച്ച് പിന്നോട്ട് നടന്ന് പ്രതിഷേധം അങ്ങനെ പലവിധ സമരം നടന്നിട്ടുണ്ട്. എന്നാല്‍ പേരിനൊരു മെഡിക്കല്‍ കോളേജ് തുടങ്ങിയതിന് പിന്നാലെ ആക്ഷന്‍ കൗണ്‍സിലും സമരത്തില്‍ നിന്ന് പിന്നോട്ടുപോയി.
ആരോഗ്യ മേഖലകളില്‍ കാലങ്ങളായി വലിയ പ്രാദേശിക അസമത്വം അനുഭവിക്കുന്നവരാണ് വയനാട്ടിലെയും കാസര്‍ഗോട്ടിലെയും ജനങ്ങള്‍. 2023ലും ഇത് മാറ്റമില്ലാതെ തുടരുകയാണ്. ഈ അവഗണനക്ക് കൃത്യമായ ഒരു കാരണം പോലും പറയാന്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ക്ക് കഴിയുന്നില്ല
ഏതെങ്കിലും ഒരു കക്ഷിക്ക് ഇതില്‍ ഉത്സാഹമുണ്ടായിരുന്നെങ്കില്‍ ഇരു ജില്ലകളിലേയും മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനമെങ്കിലും എന്നേ പൂര്‍ത്തിയാകുമായിരുന്നു. എന്തൊക്കൊയോ ചെയ്തെന്ന് കാണിക്കാനുള്ള, കണ്ണില്‍ പൊടിയിടുന്ന പരിപാടികള്‍ മാത്രമാണ് ഇപ്പോഴും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നാണ് ഇവിടെയുള്ളവരുടെ പരാതി.
Content Highlight: specila report about Lessons from regional disparities in health, kasaragod and wayanad